വി.ഡി. സതീശൻ
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഓഹരികൈമാറ്റവുമായി ബന്ധപ്പെട്ട് ഡീൽ നടത്തിയത് പിണറായി വിജയൻ സർക്കാരാണെന്നും അദാനി പോർട്ടിന് പിഴ ഇനത്തിൽ ചുമത്തേണ്ട 219 കോടി രൂപ ഇളവ് ചെയ്തു കൊടുത്തത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
2019ൽ പൂർത്തിയാക്കേണ്ട ആദ്യഘട്ട നിർമാണപ്രവർത്തനം പൂർത്തിയാക്കത്തിനെ തുടർന്നു ഒരു ദിവസം 12 ലക്ഷം രൂപ കണക്കിൽ പിഴ ചുമത്തേണ്ടതായിരുന്നു. ആർബിട്രേഷൻ ഇനത്തിൽ ഈടാക്കേണ്ട 219 കോടി രൂപ അദാനിക്ക് പിണറായി സർക്കാർ ഒഴിവാക്കി നൽകി. ഇതോടൊപ്പം അഞ്ചു വർഷ കാലാവധിയും നീട്ടി നൽകി.
ഇതോടെ വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പിന് കൈവശം വയ്ക്കാവുന്ന കാലാവധി 40 വർഷത്തിൽ നിന്ന് 45 ആയി ഉയർന്നു. കണ്‍സോർഷ്യം കരാറിൽ ഭേദഗതി വരുത്തി ഇതും പിണറായി സർക്കാരിന്റെ കാലത്താണ് നീട്ടി നൽകിയത്.
ഇതു കൂടാതെ വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തിലും 43 കോടി രൂപ അദാനി പോർട്ട് ലിമിറ്റഡിനും അഡ്ജസ്റ്റ് ചെയ്തു കൊടുത്തു. ഡീൽ നടത്തിയത് എൽഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു. വിഴിഞ്ഞം തുറമഖത്തിലെ അദാനി പോർട്ടിന്റെ ഓഹികൈമാറ്റത്തിൽ എംപവേഡ് കമ്മിറ്റി റിപ്പോർട്ട് ലഭിച്ച ശേഷം സംസ്ഥാന താത്പര്യം സംരക്ഷിക്കുന്ന തരത്തിലുള്ള തീരുമാനമാകും കൈക്കൊള്ളുക. സുരക്ഷാ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്.
വിഴിഞ്ഞം തുറമുഖത്തിൽ കുത്തക വരാതിരിക്കാൻ കോമണ്‍ യൂസർ ഫെസിലിറ്റി സംവിധാനം കരാറിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags : Vizhinjam ShareTransfer Port Deepika DeepikaNewspaper BreakingNews