കോട്ടയം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ റബർ താങ്ങുവില 250 രൂപയായി ഉയർത്തിയ നടപടിയെ സ്വാഗതം ചെയ്ത് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി. റബർ വില 300 രൂപയാക്കുമെന്ന വാഗ്ദാനവും, പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കുമെന്ന ഉറപ്പും ബജറ്റിൽ പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.
തമിഴ്നാടും കർണാടകയും കാർഷിക ബജറ്റ് അവതരിപ്പിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകുമെന്നതും മത്സ്യത്തൊഴിലാളികൾക്ക് കടലവകാശം ഉറപ്പാക്കുമെന്നതും കേരള കോൺഗ്രസ് (എം) മുന്നോട്ടുവെച്ച ആവശ്യങ്ങളായിരുന്നു. ഇവ ബജറ്റിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വന്യജീവി ആക്രമണങ്ങളിൽ പൊലിഞ്ഞ ജീവനുകളെക്കുറിച്ച് സർക്കാർ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കാട്ടാനകളുടെ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഇത് അതീവ ഗൗരവതരമാണെന്നും ഇതിൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags : Jose K Mani Budget