സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വിവാദമായ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറിയേക്കുമെന്ന സൂചന നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജനസമൂഹത്തിന്റെ ശബ്ദം യുഡിഎഫ് സർക്കാർ കേൾക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
വിഷയം മുന്നണിയിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയിട്ടുള്ള കാര്യവും സ്പീക്കർ ഓർമിപ്പിച്ചു. "മുഖ്യമന്ത്രി ഈ വിഷയം സഭയിൽ വ്യക്തമാക്കിയതാണ്. ജനവികാരം മാനിക്കുന്ന മുന്നണിയാണ് യുഡിഎഫ്. വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകളും പ്രശ്നങ്ങളും ഒരു വശത്തുണ്ട്. അതിനെക്കൂടി ഇല്ലാതാക്കാനുള്ള ഒരു 'മാസ് മൂവ്മെന്റ്' ആണ് ഇപ്പോൾ നടക്കുന്നത്."
മുൻപ് എക്സൈസ് കമ്മീഷണറായിരുന്ന ഋഷിരാജ് സിംഗിന്റെ കത്ത് പുറത്തുവന്നതോടെ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് ഈ വിഷയം വഴിതുറന്നിരുന്നു. വീര്യം കുറഞ്ഞ മദ്യം സ്കൂൾ കുട്ടികളടക്കം ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ നിലനിൽക്കെ, നികുതിയിളവ് തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ തന്നെയാണ് ഭരണപക്ഷം ആലോചിക്കുന്നത് എന്ന വ്യക്തമായ സൂചനയാണ് സ്പീക്കറുടെ പ്രതികരണത്തിലൂടെ പുറത്തുവരുന്നത്.
Tags : Thiruvanchoor Radhakrishnan Speaker Kerala Assembly Latest News