തിരുവനന്തപുരം: നിയമസഭയിലെ പെരുമാറ്റച്ചട്ടങ്ങളും മര്യാദകളും കർശനമായി പാലിക്കണമെന്ന് അംഗങ്ങൾക്ക് പ്രത്യേക റൂളിംഗ് നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സഭയിലെ മുതിർന്ന അംഗങ്ങൾ കാണിക്കുന്ന മാതൃകയും ഗൗരവവും ഉൾക്കൊള്ളാൻ നിയമസഭയിലെത്തിയ 71 പുതിയ അംഗങ്ങളും തയ്യാറാകണമെന്ന് സ്പീക്കർ സഭയെ അറിയിച്ചു.
പുതിയ സഭയുടെ ആദ്യ ദിനങ്ങളിൽ പല അംഗങ്ങളും പരിധിവിട്ട സ്വാതന്ത്ര്യത്തോടെയാണ് ഇടപെട്ടതെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. ചെയറിന് (സ്പീക്കറുടെ ഡയസ്) മുഖം മറച്ചു നിൽക്കുക, സഭയ്ക്കുള്ളിൽ തലങ്ങും വിലങ്ങും നടക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രവണതകൾ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സഭാ ചട്ടങ്ങൾ വ്യക്തമായി പഠിപ്പിക്കുന്നതിനായി പുതിയ അംഗങ്ങൾക്കായി വരുന്ന ജൂൺ 17-ന് പ്രത്യേക സെമിനാർ സംഘടിപ്പിക്കുമെന്നും സ്പീക്കർ അറിയിച്ചു. ഈ സെമിനാറിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും പങ്കെടുത്ത് പുതിയ ജനപ്രതിനിധികൾക്ക് മാർഗ നിർദേശങ്ങൾ നൽകും. സഭയുടെ അന്തസും ആചാരങ്ങളും കാത്തുസൂക്ഷിക്കാൻ എല്ലാവരും സഹകരിക്കണമെന്നും റൂളിംഗിൽ സ്പീക്കർ ആവശ്യപ്പെട്ടു.
Tags : Thiruvanchoor Radhakrishnan Kerala Assembly Speaker 71 new MLAs Latest News