തിരുവനന്തപുരം : ഇത്രയും കനത്ത തിരിച്ചടി സിപിഎം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടി കോട്ടകളിൽ നേരിട്ട ഞെട്ടിക്കുന്ന പരാജയം സിപിഎമ്മിനെ അക്ഷരാർഥത്തിൽ അന്പരപ്പിച്ചിരിക്കുകയാണ്.
ഒരിക്കലും ഇളകില്ലെന്നു കരുതിയ കണ്ണൂർ ജില്ലയിലടക്കം പാർട്ടിക്കു കാലിടറി. തോൽവി ഗൗരവമായി പരിശോധിക്കുമെന്നല്ലാതെ പാർട്ടി നേതൃത്വത്തിനു മറ്റൊന്നും പറയാൻ കഴിയാത്ത സാഹചര്യമാണ്. അത്ര വലിയ രാഷ്ട്രീയ പരാജയവും കൂടിയാണു സിപിഎമ്മിനും ഒപ്പം ഇടതുപക്ഷത്തിനും ഈ തെരഞ്ഞെടുപ്പിൽ സംഭവിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പു ഫലം സിപിഎമ്മിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കും. കണ്ണൂരിലെ പയ്യന്നൂരിൽ വി.കുഞ്ഞിക്കൃഷ്ണൻ, തളിപ്പറന്പിൽ ടി.കെ.ഗോവിന്ദൻ എന്നിവരുടെ ജയം സിപിഎമ്മിനെ വല്ലാതെ ഞെട്ടിച്ചിരിക്കുകയാണ്. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട തിരിമറിയെ സംബന്ധിച്ചു ചോദ്യം ചെയ്തതിനാണു സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
പാർട്ടി വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായതാണു കുഞ്ഞിക്കൃഷ്ണന്റെ ജയത്തിനു കാരണമായതെന്നു വോട്ടിംഗ് നില പരിശോധിച്ചാൽ മനസിലാകും. സിപിഎം കോട്ടയിൽ പാർട്ടിയെ വെല്ലുവിളിച്ചു കുഞ്ഞികൃഷ്ണൻ ജയിച്ചതു ചെറിയ ക്ഷീണമല്ല പാർട്ടിക്കുണ്ടാക്കിയിരിക്കുന്നത്. അദ്ദേഹം ഉന്നയിച്ച വിഷയം പാർട്ടി കൈകാര്യം ചെയ്തതിൽ വലിയ വീഴ്ചയുണ്ടായെന്നു സിപിഎം കണ്ണൂർ നേതൃത്വത്തിനു ഇനി രഹസ്യമായെങ്കിലും സമ്മതിക്കേണ്ടി വരും.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കിയതിനാണു ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന ടി.കെ.ഗോവിന്ദൻ പാർട്ടിയുമായി പിണങ്ങി സ്ഥാനാർഥിയായത്. അദ്ദേഹം വിജയിച്ചു. പാർട്ടി നേതൃത്വത്തിന്റെ ഈ തീരുമാനം തെറ്റായിരുന്നൂവെന്ന സന്ദേശമാണു തളിപ്പറന്പിലെ തെരഞ്ഞെടുപ്പു ഫലം നൽകുന്നത്. വരും ദിവസങ്ങളിൽ പുറത്താക്കപ്പെട്ട ഈ രണ്ടു നേതാക്കളുടെയും വിജയം സിപിഎം കണ്ണൂർ രാഷ്ട്രീയത്തിൽ മാത്രമല്ല സംസ്ഥാന രാഷ്ട്രീയത്തിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
അന്പലപ്പുഴയിലെ ജി.സുധാകരന്റെ വിജയവും സിപിഎമ്മിനെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. പാർട്ടി പ്രവർത്തകരോടു എങ്ങനെ പറഞ്ഞുനിൽക്കുമെന്ന പ്രയാസത്തിലാണു സിപിഎം നേതൃത്വം. തെരഞ്ഞെടുപ്പു പ്രചാരണം നയിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഈ പരാജയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുനിൽക്കാനാകില്ല.
പ്രചരണസമയത്തും അല്ലാതെയും മുഖ്യമന്ത്രി നടത്തിയ വിവാദ പരാമർശങ്ങൾ തെരഞ്ഞെടുപ്പു തോൽവിയുടെ മുഖ്യ കാരണങ്ങളിൽ ഒന്നായിരുന്നൂവെന്നു ഇപ്പോഴല്ലെങ്കിലും പിന്നീടു സിപിഎമ്മിനു സമ്മതിക്കേണ്ടി വരും. സ്ഥാനാർഥി നിർണയത്തിലടക്കം ഇക്കുറി പാർട്ടിക്കു പിഴവു സംഭവിച്ചുവെന്നാണു തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്.
രണ്ടു ടേം വ്യവസ്ഥ മാറ്റി. മോശം മന്ത്രിമാരെന്നു പാർട്ടി തന്നെ വിലയിരുത്തിയവരെ വീണ്ടും സ്ഥാനാർഥികളാക്കി. പാർട്ടി ജില്ലാ നേതൃത്വങ്ങളുടെ എതിർപ്പു മറികടന്നാണു ചില മന്ത്രിമാരെ സംസ്ഥാന നേതൃത്വം ഇടപെട്ടു വീണ്ടും സ്ഥാനാർഥികളാക്കിയത്. ഇതെല്ലാം ഇനി സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള കുറ്റപത്രമാകും.
സിപിഎമ്മിനു മാത്രമല്ല സിപിഐക്കും തെരഞ്ഞെടുപ്പു ഫലം വലിയ ക്ഷീണമുണ്ടാക്കി. വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ടു സിപിഐ നേതാക്കൾ നടത്തിയേക്കാവുന്ന പ്രതികരണം ഇടതുപക്ഷ രാഷ്ട്രീയത്തെ കലുഷിതമാക്കാനും ഇടയുണ്ട്. കേരള കോണ്ഗ്രസ്-എമ്മിന്റെ ദയനീയ പരാജയവും ഇടതുമുന്നണിക്കു വലിയ ക്ഷീമണാണ് ഉണ്ടാക്കിയത്.
തെരഞ്ഞെടുപ്പു ഫലം വിലയിരുത്തുന്നതിനായി നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും.
Tags : CPM red tide Kerala Assembly Election Kerala Niyamasabha Election