x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാലവർഷം കൺമുന്നിൽ; ഇന്നും കനത്ത മഴയ്ക്ക് സാധ്യത, ഒമ്പതു ജില്ലകളിൽ യെല്ലോ അലർട്ട്


Published: May 16, 2026 03:20 PM IST | Updated: May 16, 2026 03:20 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം അടുത്തെത്തിയ സാഹചര്യത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നുമുതൽ ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) തെക്കുകിഴക്കൻ അറബിക്കടലിന്‍റെ ചില ഭാഗങ്ങളിലും, തെക്കുപടിഞ്ഞാറൻ - തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും, നിക്കോബാർ ദ്വീപുകളിലുടനീളവും, ശ്രീവിജയപുരം (പോർട്ട് ബ്ലെയർ) ഉൾപ്പെടെയുള്ള ആൻഡമാൻ ദ്വീപുകളുടെ ചില ഭാഗങ്ങളിലും ഇന്ന് എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത്തവണ കാലവർഷം ഈമാസം 26 ഓടെ കേരളത്തിൽ എത്താൻ സാധ്യതയുണ്ട്. ഇതിൽ നാലുദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാം.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദവും നിലനിൽക്കുന്നു. ഇവയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച വരെ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ഇന്ന് ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, മാലിദ്വീപ് പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പ്രദേശങ്ങൾ, ആൻഡമാൻ കടൽ, തെക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Tags : Kerala rains weather update Weather Alert Thunderstorm

Recent News

Corehub Up