കാട്ടാക്കട ആമച്ചൽ തൃക്കാഞ്ഞിപുരത്ത് അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയും കെഎസ്ആർടിസിയും.
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കാട്ടാക്കട ആമച്ചൽ തൃക്കാഞ്ഞിപുരത്തുണ്ടായ സംഭവത്തിൽ വെട്ടിയിൽതടം സ്വദേശി സജീറിനാണ് പരിക്കേറ്റത്.
അപകടം നടന്ന ഉടൻ തന്നെ കെഎസ്ആർടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി. ബസ് ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. കുരുതംകോട് ഭാഗത്ത് നിന്ന് വന്ന ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ സജീറിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.