പിറവം: യുകെയിൽ ജോലി വാങ്ങിനൽകാമെന്നു വാഗ്ദാനംചെയ്തു പിറവം സ്വദേശിയായ യുവാവിൽനിന്ന് 12 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ പിടിയിൽ.
ഒളിവിൽ കഴിഞ്ഞുവന്നിരുന്ന തൃശൂർ അത്താണി മാളിയേക്കൽ ബെന്നി (57) യാണു പിടിയിലായത്. വടക്കാഞ്ചേരിയിലെ ഭാര്യാവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പിറവം പോലീസ് പിടികൂടിയത്.
2023 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ, തൃശൂർ ജില്ലകളിലായി 13 കേസുകളിൽ പ്രതിയാണിയാൾ. കേസിൽ കൂടുതൽ പ്രതികളുള്ളതായി പോലീസ് പറഞ്ഞു. ഇതിൽ തൃശൂർ ജില്ലയിൽനിന്നുള്ള ഒരു അഭിഭാഷകൻ ഉൾപ്പെടെയുള്ളവരുടെ പങ്ക് സംബന്ധിച്ചു വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
എസ്ഐമാരായ സെയ്ദ് മുഹമ്മദ്, എ.പി. ബിജു, എഎസ്ഐമാരായ ചന്ദ്രബോസ്, സന്ദീപ്, യോഹന്നാൻ, എന്നിവരടങ്ങുന്ന അന്വേഷണസംഘമാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : foreign jobs promising extorting money Benny arrested