x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധ്യയന വർഷാരംഭം ആഘോഷമാക്കാൻ; ജെൻസി, ജെൻ ആൽഫ കിഡ്‌സിന്‍റെ ഹൃദയം കവരാനൊരുങ്ങി വിപണി

എബിലിൻ കെ. ഏബ്രഹാം
Published: May 15, 2026 09:58 AM IST | Updated: May 15, 2026 10:54 AM IST

ആലപ്പുഴ: സ്കൂൾ തുറക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ വിപണിയിൽ മത്സരം കടുത്തു. വമ്പൻ ഓഫറുകൾ നൽകിയാണ് ഈ സ്കൂൾ സീസണിൽ കുട്ടികളെയും മാതാപിതാക്കളെയും വിപണി സ്വാഗതം ചെയ്യുന്നത്. ജില്ലയിൽ സ്കൂൾ കുട്ടികൾക്ക് ആവശ്യമായ ബുക്കുകൾ, പേന, പെൻസിൽ, കളർ പേപ്പറുകൾ, ചാർട്ട് പേപ്പറുകൾ, ഫയലുകൾ എന്നിവ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ നൽകാൻ മത്സരിക്കുകയാണ് കടകൾ.

കുട, ബാഗ്, ചെരുപ്പ്, ഷൂസ് എന്നിവയുടെ ആകർഷകമായ ശേഖരമൊരുക്കി കുട്ടികളെ വരവേൽക്കുന്നതോടൊപ്പം, വലിയ വിലക്കുറവും ഓഫറുകളും നൽകി കച്ചവടം പിടിക്കാൻ കടകൾ ‍ശ്രമിക്കുന്നത്, വിപണിയിൽ കടുത്ത മത്സരവും സ്യഷ്ടിക്കുന്നുണ്ട്.

ജെൻസി, ജെൻ ആൽഫ കിഡ്‌സുകളുടെ ഹൃദയം കവർന്ന ചൈനീസ് ഉത്പന്നങ്ങളാണ് വിപണിയിലെ താരങ്ങൾ. ഡിജിറ്റൽ പെൻസിൽ ബോക്സ് മുതൽ പ്രിന്‍റഡ് വാട്ടർ ബോട്ടിൽ വരെ വിപണിയിൽ എത്തിക്കഴിഞ്ഞു. കുട്ടികളുടെ ഇഷ്ടകഥാപാത്രങ്ങളായ മിക്കി മൗസ്, ഡോറ, സ്പൈഡർമാൻ, അവഞ്ചേഴ്‌സ്, യൂണികോൺ തുടങ്ങിയവയുടെ ചിത്രങ്ങൾ ഉൾപ്പെടെ ആലേഖനം ചെയ്ത ബാഗുകളാണ് വിപണി കീഴടക്കുന്നത്.

ബ്രാൻഡഡ് കമ്പനികളുടെ വലുതും ചെറുതുമായ ബാഗുകൾക്ക് 399 രുപ മുതൽ 1000 രൂപയ്ക്കു മുകളിൽ വരെയാണ് വില. ചെറിയ ടിഫിൻ ബാഗുകൾക്കും ആവശ്യക്കാരേറെയാണ്. ഭാരം കുറഞ്ഞ ബാഗുകളും സ്റ്റീലിൽ നിർമിച്ച വാട്ടർ ബോട്ടിലുകളും ലഞ്ച് ബോക്സുകളുമാണ് കൂടുതലും ചെലവാകുന്നത്. ബാഗിനൊപ്പം എല്ലാ വിധ പഠനോപകരണങ്ങളും ഉൾപ്പെടുത്തിയുള്ള സ്കൂൾ കിറ്റുകളും പല കടകളിലും ലഭ്യമാണ്.

ലിപ്സ്റ്റിക്, കണ്ണട, മോതിരം, ഡോണട്ട്, ഹെയർ ബാൻഡ് തുടങ്ങി കാർട്ടൂൺ കഥാപാത്രങ്ങളുടെ രൂപത്തിലുള്ള ഇറേസറുകൾക്ക് ആവശ്യക്കാർ ഏറെയാണ്. പല കച്ചവടക്കാരും ലക്ഷങ്ങളുടെ സ്റ്റോക്കാണ് ഇറക്കിയിട്ടുള്ളത്. മേയ് അവസാന വാരത്തോടെ വിപണി കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു.

കുട വിപണിയിൽ പ്രമുഖകമ്പനികളുടെ കുടകൾ തന്നെയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. കുട്ടികൾക്കുള്ള കളർ കുടകൾക്ക് 99 രൂപ മുതലാണ് വില. 1000 രൂപവരെ വിലയുള്ള കുടകളുമുണ്ട്. മൂന്നായി മടക്കുന്നതും രണ്ടായി മടക്കുന്നതുമായ വില കൂടിയ കുടകളും കാലൻ കുടകളും വിപണി കീഴടക്കിയിട്ടുണ്ട്. മഴയത്ത് ഇരുചക്ര വാഹനങ്ങളിൽ രക്ഷിതാക്കൾക്കൊപ്പം പോകുന്ന കുട്ടികൾക്കായി പുതിയ മഴക്കോട്ടുകളും ജാക്കറ്റുകളും കടകളിലെത്തിയിട്ടുണ്ട്.

അതേസമയം, സ്‌കൂൾ ബാഗ്, പെൻസിൽ ബോക്സ്, വാട്ടർ ബോട്ടിൽ എന്നിവയുടെ ഓൺലൈൻ വിപണിയും സജീവമാണ്. 2000 രൂപയുടെ ബാഗുകൾക്ക് 25മുതൽ 50 ശതമാനം വരെ വിലക്കുറവാണ് പ്രമുഖ ഓൺലൈൻ സൈറ്റുകൾ ഓഫർ ചെയ്യുന്നത്. കടകളിൽ നിന്ന് വാങ്ങുന്നതിലും വിലക്കുറവുള്ളതിനാൽ ഓൺലൈൻ സൈറ്റുകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നവരും ധാരാളമാണ്.

Tags : market school Students

Recent News

Corehub Up