ഇടുക്കി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുഹമ്മദ് റിയാസ് എംഎൽഎയുടെയും വീടുകളിലെ ഇഡി റെയ്ഡ് രാഷ്ട്രീയ ഗൂഢാലോചന തുടർന്നാണെന്ന സിപിഎം നേതാക്കളുടെ ആരോപണം തള്ളി മാത്യു കുഴൽനാടൻ എംഎൽഎ. ഹൈക്കോടതി നിർദേശപ്രകാരമാണ് ഇഡിയുടെ പരിശോധനയെന്നും ഇനിയും കൂടുതൽ കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും കുഴൽനാടൻ പറഞ്ഞു.
കേരളം ഒരുപക്ഷേ ഞെട്ടുന്ന കാര്യങ്ങളിലേക്കാവും എത്തുക. സിപിഎമ്മിന്റെ തായ് വേര് മുറിക്കുന്ന കേസാവും മാസപ്പടി കേസെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. പി.വി. എന്നത് പിണറായി വിജയൻ എന്ന് വ്യക്തമാണ്.
ഇഡി പരിശോധനയ്ക്ക് നേരത്തെ താൽക്കാലിക സ്റ്റേ വന്നപ്പോൾ ആഘോഷിച്ചവരാണ് സിപിഎമ്മെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേര്ത്തു.
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ ഇഡി ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ വീട്ടിൽ ആണ് മൊഴി എടുക്കുന്നത്.
പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിൽ രാവിലെ മുതൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം.
കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Tags : mathew kuzhalnadan response enforcement directorate raid pinarayi vijayan muhammad riyas