കോട്ടയം: യാക്കോബായ സുറിയാനി സഭയില്‍ പെസഹാ കുര്‍ബാന വ്യാഴാഴ്ച പുലര്‍ച്ചെ അര്‍പ്പിക്കുന്നതിന് അനുമതി. നാളുകളായി പെസഹാ ബുധനാഴ്ച രാത്രി നടത്തിയിരുന്ന ശുശ്രൂഷയാണു പെസഹാ വ്യാഴാഴ്ച പുലര്‍ച്ചെ നടത്താൻ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് നിശ്ചയിച്ചത്. വിശുദ്ധ കുര്‍ബാന കൂടുതല്‍ വിശുദ്ധിയോടും ഒരുക്കത്തോടും സ്വീകരിക്കുന്നതിനാണു പുതിയ ക്രമീകരണമെന്നു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവാ പള്ളികള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
സന്ധ്യാപ്രാര്‍ഥന, സൂത്താറ, രാത്രി പ്രാര്‍ഥനകള്‍ പെസഹാ ബുധനാഴ്ച വൈകുന്നേരം പൂര്‍ത്തികരിച്ചു വ്യാഴാഴ്ച പുലര്‍ച്ചെ നാലിനു പെസഹ ശുശ്രൂഷ നടത്തുന്നതിനാണു പുതിയ അനുമതി. നാളുകളായി വിശ്വാസികളുടെ ആവശ്യവും പരിഗണിച്ചാണു പുതിയ തീരുമാനം.
വിശ്വാസം, ആരാധന, ദൈവശാസ്ത്രം, ആത്മീയത എന്നിവയ്ക്കു മാറ്റംവരുത്താതെ കാലോചിതമായ ക്രമീകരണങ്ങളും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു.
പള്ളിയിൽ കേക്ക് മുറിക്കേണ്ട
ദനഹാ പെരുന്നാള്‍ ഉള്‍പ്പടെ മോറാനായ പെരുന്നാളുകള്‍ ഇടദിവസങ്ങളില്‍ വരുകയാണെങ്കില്‍ ഭദ്രാസന മെത്രാപ്പോലീത്തായുടെ അനുമതിയോടെ തലേദിവസം വൈകുന്നേരം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാം. സ്‌ഫോടനശേഷി കൂടുതലുള്ള കരിമരുന്ന് പ്രയോഗവും കതിനാ വെടിക്കെട്ടും നിരോധിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പള്ളിക്കുള്ളില്‍ കേക്ക് മുറിക്കല്‍ ചടങ്ങ് നടത്താന്‍ പാടില്ല.
പ്രദക്ഷിണം പള്ളിക്കു ചുറ്റും
പൈതങ്ങളുടെ വിശുദ്ധ മാമോദിസയ്ക്കു ശേഷം ലിംഗഭേദമെന്യെ വിശുദ്ധ ത്രോണോസ് വണങ്ങുവാന്‍ കൊണ്ടുപോകണം. ദനഹാ പെരുന്നാളിനു ശേഷം കുഞ്ഞുങ്ങളെ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മാമോദിസ തൊട്ടിയില്‍ വിശുദ്ധ മാമോദിസ നടത്താം.
ക്രിസ്മസ്, ഉയിര്‍പ്പ്, മോറാനായ പെരുന്നാളുകളിലും പ്രദക്ഷിണങ്ങള്‍ പള്ളിക്കു ചുറ്റുമായി നിജപ്പെടുത്തി. പള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള പകല്‍ പ്രദക്ഷിണങ്ങളും പള്ളിക്കു ചുറ്റുമായി ചുരുക്കണം. വിശുദ്ധ കുര്‍ബാന മധ്യേയുള്ള വിശ്വാസപ്രമാണം വിശ്വാസികള്‍ എല്ലാവരും ഗായകസംഘത്തോടു ചേര്‍ന്നു ചൊല്ലണം.
സ്ത്രീകൾക്കും അവസരം
ഞായറാഴ്ചകള്‍, പെരുന്നാളുകള്‍ വിശുദ്ധ കുര്‍ബാന രാവിലെ 8.30നു മുമ്പ് ആരംഭിക്കണം. ഒന്നില്‍ കൂടുതല്‍ വിശുദ്ധ കുര്‍ബാനയുള്ള പള്ളികളില്‍ അവസാനത്തെ വിശുദ്ധ കുര്‍ബാന രാവിലെ 8.30നു മുമ്പ് ആരംഭിക്കണം. പ്രായമുള്ളവര്‍ക്കായി പള്ളിക്കുള്ളില്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം. വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെയുള്ള പഴയ നിയമം വായിക്കാന്‍ ഭക്തസംഘടനകളിലോ ഗായകസംഘങ്ങളിലെയോ സ്ത്രീകള്‍ക്കും അനുവാദം നല്‍കി.
ലൈറ്റ് ഷോ വേണ്ട
പെരുന്നാള്‍ പ്രദക്ഷിണങ്ങളില്‍ വലിയ ശബ്ദത്തോടെയുള്ള സൗണ്ട് സിസ്റ്റവും ലൈറ്റ് ഷോയും ഉപയോഗിക്കരുത്. ബാന്‍റ് സെറ്റുകള്‍ ക്രിസ്തീയ ഭക്തിഗാനങ്ങളെ ആലപിക്കാവൂ. പാരമ്പര്യപ്രകാരമുള്ള കൊടി, കുടകളെ ഉപയോഗിക്കാവൂ. പള്ളി പെരുന്നാളിനോടനുബന്ധിച്ചു കലാപരിപാടികള്‍ പള്ളിപുരയിടങ്ങളില്‍ നടത്താന്‍ പാടില്ലെന്നും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവാ പള്ളികള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
Tags : Jacobite Church crucial changes Maundy Thursday Mass