കെ.മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമത്തിന് ഒക്ടോബർ 15ഓടെ പരിഹാരം കാണുമെന്ന് മന്ത്രി കെ.മുരളീധരൻ. കുറവുള്ളമരുന്നുകൾ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒക്ടോബർ 15 വരെ കാത്തിരിക്കാനാകാത്തതും അടിയന്തരമായി ആവശ്യമുള്ളതുമായ മരുന്നുകൾ റെഡി പർച്ചേസ് വഴി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഡോക്ടർമാരുടെ അഭാവം നേരിടുന്നുണ്ട്. ഈ പ്രശ്നത്തിനും പരിഹാരം കാണും. സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ശമ്പളം വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. സർക്കാരിൽ നിന്ന് 50,000 രൂപ ലഭിക്കുമ്പോൾ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡോക്ടർക്ക് ഒന്നര ലക്ഷം രൂപ ലഭിക്കും. പിന്നെങ്ങനെയാണ് സർക്കാർ ആശുപത്രിയിലേക്ക് ഡോക്ടർമാർ വരിക.
ഏത് സർക്കാർ അധികാരത്തിൽ വന്നാലും അവരെ കൈകാര്യം ചെയ്യുന്ന ചില കൂട്ടരുണ്ടെന്നും യാഥാർഥ്യമില്ലാത്ത വിഷയങ്ങളിൽ ബഹളമുണ്ടാക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. ആരോഗ്യ മേഖല കുത്തഴിഞ്ഞുകിടക്കുകയാണെന്നും ആശുപത്രികളിൽ മരുന്ന് ലഭ്യമല്ലെന്നുമുള്ള പ്രചാരണങ്ങൾ നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags : K. Muraleedharan Medicine Shortage Health Department Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash