കണ്ണൂർ: മോട്ടോർ വാഹനവകുപ്പിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ നീക്കം. ഇതിനുള്ള പ്രൊപ്പോസൽ ട്രാൻസ്പോർട്ട് കമ്മീഷണർ ഗതാഗതവകുപ്പ് സെക്രട്ടറിക്ക് നല്കി. 92 വെഹിക്കിൾ ഇൻസ്പെക്ടർ, 167 അസി. വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികകൾ സൃഷ്ടിക്കണമെന്നാണ് നിർദേശത്തിലുള്ളത്. 57 ക്ലർക്കുമാരുടെ തസ്തികയും പറയുന്നുണ്ട്. നേരത്തേ ഇതേ നീക്കം നടത്തിയപ്പോൾ പുതിയ തസ്തികകൾ ആവശ്യമില്ലെന്ന് പറഞ്ഞ് ഫിനാൻസ് സെക്രട്ടറി തടഞ്ഞിരുന്നു. ഇക്കാര്യം ‘ദീപിക’ വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു.
ഇതിനിടയിലാണ്, സർക്കാരിന്റെ കാലാവധി തീരാനിരിക്കേ പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്ന നിർദേശം വന്നിരിക്കുന്നത്. തസ്തിക സൃഷ്ടിക്കുന്നതിലൂടെ സർക്കാരിന് അധിക സാന്പത്തിക ബാധ്യത വരുന്നുണ്ടെങ്കിലും നികുതി കുടിശിക കുറയ്ക്കാനും കൂടുതൽ റവന്യു റിക്കവറി ആരംഭിക്കാനും റോഡപകടകൾ കുറയ്ക്കാനും സഹായിക്കുമെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശത്തിൽ പറയുന്നത്.
നിലവിൽ പുതിയ തസ്തിക ആവശ്യമില്ല. മോട്ടോർ വാഹനവകുപ്പിലെ ടെക്നിക്കൽ ജീവനക്കാരുടെ പ്രധാന ജോലി ഫിറ്റ്നസ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ്, ചെക്ക്പോസ്റ്റ് ടെസ്റ്റ് എന്നിവയാണ്. ഫിറ്റ്നസ് ടെസ്റ്റിനായി ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻസ് ഉടൻ പ്രവർത്തനം തുടങ്ങും.
കേരളത്തിൽ 26 എണ്ണത്തിന്റെ ടെൻഡർ ഉറപ്പിച്ച് പ്രവർത്തനം പൂർത്തിയായിക്കഴിഞ്ഞു. 2025 ഏപ്രിൽ ഒന്നുമുതൽ ട്രാൻസ്പോർട്ട് വാഹനങ്ങൾ ടെസ്റ്റിംഗ് സ്റ്റേഷനിൽ ടെസ്റ്റ് ചെയ്യണമെന്നാണ് കേന്ദ്രനിയമം. കേരളം ഒരു വർഷത്തെ ഇളവ് തേടിയതോടെ 2026 ഏപ്രിൽ ഒന്നുമുതൽ ഓട്ടോമേറ്റഡ് ടെസ്റ്റ് നടത്തണം.
ഇതോടെ, വെഹിക്കിൾമാരുടെ ഫിറ്റ്നസ് ടെസ്റ്റ് പണി പോകും. ഡ്രൈവിംഗ് ടെസ്റ്റ് അക്രെഡിറ്റഡ് ഡ്രൈവർ ട്രെയിനിംഗ് സെന്ററുകളിൽ നടത്തണമെന്നാണ് കേന്ദ്രനിയമം. കേരളത്തിൽ ഇവ നടപ്പിലാക്കിയാൽ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ഡ്രൈവിംഗ് ടെസ്റ്റ് ജോലിയും ഇല്ലാതാകും.
ചെക്ക്പോസ്റ്റ് പൂട്ടാൻ 2022 മുതൽ കേന്ദ്രം പറയുന്നുണ്ടെങ്കിലും ഗതാഗമന്ത്രി തയാറാകുന്നില്ല. അഴിമതി സഹിക്കാൻ പറ്റാതായപ്പോൾ കമ്മീഷണർ ഓർഡർ കൊണ്ടുവന്നു. 24 മണിക്കൂർ പ്രവർത്തിച്ചിരുന്ന ചെക്ക്പോസ്റ്റുകൾ നിർത്തി. 90 പേർ ജോലി ചെയ്തിരുന്ന ചെക്ക്പോസ്റ്റുകളിൽ ഇപ്പോൾ 30 പേർ മതി. നിലവിൽ, ബാക്കിയുള്ളവർക്ക് പണിയില്ല. നിലവിലുള്ള ഇക്കാര്യങ്ങൾ മറച്ചുവച്ചാണ് പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള നീക്കം.
Tags : Motor Vehicle Department create new jobs Clerks post