തിരുവനന്തപുരം: ജോണ്‍ ജോണ്‍ അധ്യക്ഷനായ നാഷണൽ ജനതാദളിനെ യുഡിഎഫ് ഘടകകക്ഷിയാക്കാൻ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു. ഏറെ വർഷമായി യുഡിഎഫിലെ അസോസിയേറ്റ് അംഗമായിരുന്നു ജോണ്‍ ജോണ്‍ നേതൃത്വം നൽകുന്ന നാഷണൽ ജനതാദൾ.
കോണ്‍ഗ്രസിനെ കൂടാതെ മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ്, ആർഎസ്പി, കേരള കോണ്‍ഗ്രസ്- ജേക്കബ്, സിഎംപി- (സി.പി ജോണ്‍), ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, കേരള ഡമോക്രാറ്റിക് പാർട്ടി (കെഡിപി- മാണി സി. കാപ്പൻ), കെഎസ്എസ് (എ.എൻ. രാജൻ ബാബു വിഭാഗം) എന്നിവരാണ് യുഡിഎഫിലെ മറ്റു ഘടകകക്ഷികൾ.
അഖിലേന്ത്യ തൃണമൂൽ കോണ്‍ഗ്രസ് (പി.വി. അൻവർ), ജനാധിപത്യ രാഷ്ട്രീയസഭ (സി.കെ. ജാനു) എന്നീ കക്ഷികൾ അസോസിയേറ്റ് കക്ഷികളുമാണ്.
സിപിഎം വിട്ടു സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കുന്ന ജി. സുധാകരൻ (അന്പലപ്പുഴ), പി.കെ. ശശി (ഒറ്റപ്പാലം), ടി.കെ. ഗോവിന്ദൻ (തളിപ്പറന്പ്), വി. കുഞ്ഞികൃഷ്ണൻ (പയ്യന്നൂർ) എന്നിവർക്ക് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതായും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചു.
Tags : UDF national janata dal election