കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് മെഡിക്കൽ കോളജ് കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
എസ്പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. നിതിൻരാജിന്റെ അസ്വാഭാവിക മരണം, നിതിൻ രാജുമായി ബന്ധപ്പെട്ട് അധ്യാപികയായ ലത നൽകിയ ലോൺ ആപ്പ് പരാതി സംബന്ധിച്ച കേസ് എന്നിവയാണു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
നിതിൻ രാജിന്റെ മരണം സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജിന്റെ നേതൃത്വത്തിൽ പോലീസ് നേരത്തെ നടത്തിയ അന്വേഷണ ഫയലുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
അടുത്ത ദിവസം ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നിതിൻ രാജിന്റെ സഹപാഠികൾ, ഹോസ്റ്റലിലെ താമസക്കാർ എന്നിവരിൽനിന്ന് വിവരങ്ങൾ തേടും. കൂടാതെ ആരോപണ വിധേയരായ അധ്യാപകർ, മെഡിക്കൽ കോളജിലെ മറ്റു ജീവനക്കാർ എന്നിവരിൽനിന്നു മൊഴിയെടുക്കുമെന്ന് അന്വേഷണസംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കുടുംബാംഗങ്ങളുടെ മൊഴികളും എടുക്കും.
ഇതോടൊപ്പം മകന്റെ മരണത്തിനു കാരണം അധ്യാപകരായ ഡോ. എം.കെ. റാം, സംഗീത നന്പ്യാർ എന്നിവരുടെ ജാതി അധിക്ഷേപമാണെന്ന പിതാവ് രാജന്റെ പരാതിയിൽ ഡിവൈഎസ്പി സുധീർ കല്ലനും ലോൺ ആപ്പ് സംബന്ധിച്ച കേസ് ഡിവൈഎസ്പി ജീവൻ ജോർജും അന്വേഷിക്കുന്നുണ്ട്. നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ ഡോ. എം.കെ. റാം ഇപ്പോഴും ഒളിവിലാണ്.
Tags : Nitin Raj death Crime Branch Case investigation