പാറ്റ്ന: ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ യുണൈറ്റഡ് (ജെഡിയു) നേതാവുമായ നിതീഷ് കുമാർ ഏപ്രിൽ 14-ന് രാജിവയ്ക്കുമെന്ന് റിപ്പോർട്ടുകൾ. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
ഇതോടെ നിതീഷിന്‍റെ പിൻഗാമിയെ നിശ്ചയിക്കുന്നതിനായി ഏപ്രിൽ 13-ന് ബിഹാർ കാബിനറ്റ് യോഗം ചേരാൻ നിശ്ചയിച്ചിട്ടുണ്ട്. തന്‍റെ പിൻഗാമിയായി ബിജെപി നേതാവും നിലവിലെ ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി വരണമെന്നാണ് നിതീഷ് കുമാറിന്‍റെ ആഗ്രഹമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തന്‍റെ ഈ താൽപ്പര്യം അദ്ദേഹം ഇതിനകം തന്നെ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുൻപ് നടന്ന സമൃദ്ധി യാത്ര ഉൾപ്പെടെയുള്ള പൊതുപരിപാടികളിൽ സാമ്രാട്ട് ചൗധരിയെ ഭാവി നേതാവായി നിതീഷ് കുമാർ വിശേഷിപ്പിച്ചിരുന്നു.
പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഏപ്രിൽ 15-ന് നടക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. അതേസമയം പിൻഗാമിയുടെ കാര്യത്തിൽ ഔദ്യോഗികമായ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
Tags : Nitish Kumar Power Transition Samrat Choudhary Janata Dal United (JDU)