പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആർലേക്കറും.
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആർലേക്കറിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പോലീസ് മേധാവിയെ വിളിച്ചുവരുത്തിയ നടപടി ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം ആരോപിച്ചു. ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഗവർണർ സർക്കാരിന്റെ അധികാരത്തിൽ കടന്നുകയറുന്ന സാഹചര്യമുണ്ടായിരുന്നു. അന്ന് സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെന്നും പിണറായി പറഞ്ഞു. ഗവർണറുടെ ഇടപെടലിൽ എൽഡിഎഫ് സർക്കാർ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല.
യുഡിഎഫ് സർക്കാർ തുടർച്ചയായി സംഘപരിവാർ വിധേയത്വം കാണിക്കുകയാണ്. ഗവർണർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് വലിയ സന്ദേശം നൽകും. എന്നാൽ സർക്കാർ അതിന് തയാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിനെതിരെയും പിണറായി വിമർശനം ഉന്നയിച്ചു.
വിദ്യാർഥികൾ വിസിയെ പരസ്യമായി തള്ളിപ്പറഞ്ഞതാണ്. ഐഷി ഘോഷിനെ തടഞ്ഞ സംഭവത്തിലും സർക്കാർ കുറ്റകരമായ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ക്ഷേമപെൻഷൻ ഓണത്തിന് മുമ്പ് ലഭിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസംകൊണ്ട് സംസ്ഥാനത്തിന്റെ ധനസ്ഥിതി മാറ്റിക്കാണിക്കുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു.
എന്നാൽ മൂന്ന് മാസത്തിനുള്ളിൽ തന്നെ കടമെടുപ്പ് പരിധി കവിഞ്ഞതായി അദ്ദേഹം ആരോപിച്ചു. അവശേഷിക്കുന്ന മാസത്തെ കടമെടുപ്പ് പരിധി 2,022 കോടി രൂപ മാത്രമാണെന്നും ഇത് വലിയ സാമ്പത്തിക പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും പിണറായി പറഞ്ഞു. നേരത്തെ കടമെടുക്കുന്നതിനെ വിമർശിച്ച സതീശൻ തന്റെ പഴയ നിലപാട് തെറ്റായിരുന്നുവെന്ന് സമ്മതിക്കാൻ തയാറാകുമോയെന്നും പിണറായി ചോദിച്ചു.