പിണറായി വിജയൻ, ബിനോയ് വിശ്വം
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിലപാട് വ്യക്തമാക്കി പിണറായി വിജയൻ. സ്പീക്കർക്ക് നൽകുന്ന കത്തിൽ ഉപനേതാവായി നിർദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരായിരിക്കുമെന്നും അദ്ദഹേം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തർക്കം മൂന്ന് മാസമായി എൽഡിഎഫിൽ തുടരുകയാണ്.
സിപിഐയുടെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുകയാണ്. അതേസമയം പദവി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് സിപിഐ ഉറച്ചുനിൽക്കുകയാണ്. എൽഡിഎഫിലെ പദവികൾ ഏതെങ്കിലും ഒരു പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച അവകാശവാദവും പാർട്ടി ഉന്നയിക്കുന്നത്.
വിഷയത്തിൽ സമവായമുണ്ടാക്കാൻ എൽഡിഎഫ് കൺവീനർ എം.എൻ. സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പാർട്ടി നിലപാടിൽ മാറ്റമുണ്ടായില്ല. കഴിഞ്ഞ തിങ്കളാഴ്ച വിഷയം മാറ്റിവെച്ചാണ് ഇടതുമുന്നണി യോഗം ചേർന്നത്. എന്നാൽ യോഗത്തിൽ പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച വിഷയം ആരും ഉന്നയിച്ചില്ല.
മുന്നണി മര്യാദ പാലിച്ചാണ് വിഷയം ഉന്നയിക്കാതിരുന്നതെന്നാണ് സിപിഐയുടെ വിശദീകരണം. അതേസമയം തങ്ങളുടെ ആവശ്യം പിണറായി വിജയൻ വീണ്ടും പരസ്യമായി തള്ളിയതിൽ സിപിഐയിൽ അതൃപ്തിയുണ്ട്. എന്നാൽ ഈ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് പാർട്ടി.
Tags : Pinarayi Vijayan CPM CPI Opposition Deputy Leader Assembly