തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ തിരുവനന്തപുരത്തു തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് സുരക്ഷയിലാണ് സഞ്ചരിച്ചത്. വിമാനത്താവളത്തിൽനിന്ന് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സ്വകാര്യ കാറിലായിരുന്നു യാത്ര.
വാഹനങ്ങൾ തടഞ്ഞുനിർത്തി പൈലറ്റ്, എസ്കോർട്ട് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പിണറായി വിജയന്റെ സഞ്ചാരം. എന്നാൽ, നേരത്തേയുണ്ടായിരുന്ന കമാൻഡോ സംഘമോ മറ്റോ ഉണ്ടായിരുന്നില്ല. വിമാനത്താവളത്തിലും റോഡിലും പോലീസ് പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു.
ഇസഡ് കാറ്റഗറി സുരക്ഷയുള്ള സാഹചര്യത്തിലാണ് കനത്ത സുരക്ഷയിലുള്ള യാത്രയെന്നാണ് പോലീസ് വിശദീകരണം.
ഇന്നലെ രാവിലെ 10.50നാണ് കണ്ണൂരിൽനിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി, വി. ശിവൻകുട്ടി, എ.എ. റഹിം എംപി എന്നിവർ വിമാനത്താവളത്തിൽ എത്തിയിരുന്നു. വോട്ടെണ്ണൽ ദിവസം കണ്ണൂരിലായിരുന്ന മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളുമുണ്ടായിരുന്നു. വിമാനത്താവളത്തിൽ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. കൂടിനിന്നവരെ കൈവീശിക്കാണിച്ചശേഷം കാറിലേക്ക് കയറി.
ഉച്ചയോടെ ക്ലിഫ് ഹൗസിൽ നിന്ന് എകെജി സെന്ററിലെത്തിയ അദ്ദേഹം അരമണിക്കൂറോളം അവിടെ ചെലവഴിച്ചശേഷം വീണ്ടും ക്ലിഫ് ഹൗസിലേക്ക് മടങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ യോഗം ക്ലിഫ് ഹൗസിൽ ചേർന്നു. ആവശ്യമായ ഫയലുകളും മറ്റും മാറ്റി ഓഫീസ് ഒഴിയുന്നതിനുള്ള നിർദേശവും നൽകി.
വൈകാതെ ഔദ്യോഗിക വസതി ഒഴിഞ്ഞ് എകെജി സെന്ററിനു സമീപത്തെ ചിന്ത ഫ്ളാറ്റിലേക്ക് പിണറായിയും കുടുംബവും താമസം മാറും.
പാർട്ടി സെക്രട്ടറിയായിരിക്കെ അദ്ദേഹം താമസിച്ചിരുന്ന മൂന്നാം നിലയിലെ ഫ്ളാറ്റിൽ ആവശ്യമായ ക്രമീകരണം ഒരുക്കി. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുകയാണെങ്കിൽ അദ്ദേഹത്തിന് ഔദ്യോഗിക വസതിയായി കന്റോണ്മെന്റ് ഹൗസ് അനുവദിക്കും.
അതേസമയം, മുഖ്യമന്ത്രി സ്ഥാനം തിങ്കളാഴ്ച രാജിവച്ചെങ്കിലും പുതിയ സർക്കാർ അധികാരമേൽക്കുംവരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ നിർദേശിച്ചിരുന്നു.
Tags : Pinarayi Vijayan arrives Thiruvananthapuram tight security