തിരുവനന്തപുരം: ചിക്കാഗോയിൽ പലതവണ പോയിട്ടും ആ പശ്ചാത്തലത്തിൽ ഒരു നോവൽ എഴുതാൻ തനിക്കു കഴിഞ്ഞില്ലെന്നും എന്നാൽ രമേശ് ചെന്നിത്തലയ്ക്ക് അതു കഴിഞ്ഞത് അഭിനന്ദനാർഹമാണെന്നും പ്രമുഖ സാഹിത്യകാരൻ ടി. പത്മനാഭൻ പറഞ്ഞു.
രമേശ് ചെന്നിത്തല രചിച്ച നോവൽ ‘നിയോഗം’ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ടി. പത്മനാഭനിൽനിന്നു സംവിധായകൻ ബ്ലെസി പുസ്തകം ഏറ്റുവാങ്ങി.
ഈ നോവൽ എഴുതിയ രമേശ് ചെന്നിത്തലയോട് തനിക്ക് അസൂയയും ആദരവും സ്നേഹവും തോന്നുന്നുവെന്ന് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് സംവിധായകൻ ബ്ലെസി പറഞ്ഞു.
ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷനായിരുന്നു. പ്രശസ്ത നിരൂപകൻ ഡോ. പി.കെ. രാജശേഖരൻ പുസ്തകം സദസിനു പരിചയപ്പെടുത്തി. നമ്മുടെ ജീവിതത്തിൽ കണ്ടുമുട്ടുന്ന വ്യക്തികൾ, സംഭവങ്ങൾ, നമുക്ക് എൻകൗണ്ടർ ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങൾ, അതോടൊപ്പംതന്നെ അനുഭവങ്ങൾ, സ്നേഹം, സംഘർഷങ്ങൾ, മാനസികമായ അസ്വസ്ഥതകൾ ഇതെല്ലാം ഓരോ വ്യക്തിയും അനുഭവിക്കുന്ന യാഥാർഥ്യങ്ങളാണ്. അതെല്ലാം നമ്മുടെ ജീവിതത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകും. പക്ഷേ എത്ര വലിയ ആളാണെങ്കിലും അവരുടെ ജീവിതത്തിൽ ഇത്തരം സംഭവങ്ങളെ നേരിടേണ്ടിവരും.
അങ്ങനെ നേരിടേണ്ടിവരുന്പോൾ ഉണ്ടാകുന്ന സംഭവങ്ങളെ ചേർത്തുവച്ചുകൊണ്ടാണ് ഇങ്ങനെയൊരു നോവൽ എഴുതണമെന്നുള്ള ആഗ്രഹം ഉണ്ടായതെന്ന് രമേശ് ചെന്നിത്തല മറുപടി പ്രസംഗത്തിൽ പറഞ്ഞു.
Tags : Neogam novel Ramesh Chennithala published