തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന് തന്ത്രപരമായ ഉപദേശം നൽകാൻ ആസൂത്രണ വകുപ്പിനു കീഴിൽ രൂപീകരിച്ച കെ ഡിസ്ക് (കേരള ഡവലപ്പ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗണ്‍സിൽ) തുടരണമോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ റിപ്പോർട്ട് തേടി.
കെ ഡിസ്കും ഇതിനു കീഴിലുള്ള നിരവധി ഉപസ്ഥാപനങ്ങളും വഴി സർക്കാരിന് കാര്യമായ പ്രയോജനം ലഭിക്കുന്നില്ലെന്നും ശന്പള ഇനത്തിൽ തന്നെയുള്ള പ്രതിമാസ ചെലവ് 2.5 മുതൽ മൂന്നു കോടി രൂപ വരെയാണെന്നുമുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വിശദമായി പഠിക്കാൻ മുഖ്യമന്ത്രി വിദഗ്ധരടങ്ങിയ സമിതിയെ നിയോഗിച്ചത്.
സിപിഎമ്മുമായി ബന്ധപ്പെട്ട ചില ഉന്നതർക്ക് ലക്ഷങ്ങൾ ശന്പളം നൽകാനുള്ള സ്ഥാപനമായാണ് കെ ഡിസ്കും അനുബന്ധ സ്ഥാപനങ്ങളും രൂപീകരിച്ച് ഉപയോഗിച്ചിരുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ഇവിടെയും അനുബന്ധ സ്ഥാപനങ്ങളിലുമായുള്ള നൂറുകണക്കിനു ജീവനക്കാരിൽ 33 പേർക്ക് ലക്ഷത്തിനു മുകളിലാണ് ശന്പളമായി നൽകുന്നത്.
4.05 ലക്ഷം രൂപ വരെ ശന്പളം കൈപ്പറ്റുന്നവരുണ്ട്. കണ്‍സൾട്ടന്റ്, സീനിയർ കണ്‍സൾട്ടന്റ്, സ്പെഷൽ ഓഫീസർ, പ്രൊക്യൂർമെന്റ് മാനേജർ തുടങ്ങിയ തസ്തികകളിലാണ് ഉന്നതരെ നിയമിച്ചു ലക്ഷങ്ങൾ ഖജനാവിൽനിന്നു നൽകിവന്നിരുന്നത്.
ഇതിനു കീഴിൽ ഒട്ടേറെ ഉപദേശക സമിതികളും രൂപീകരിച്ചിരുന്നു. കിഫ്ബി സിഇഒയായിരുന്ന മുൻ ചീഫ് സെക്രട്ടറി ഡോ.കെ.എം. ഏബ്രഹാമായിരുന്നു കെ ഡിസ്കിന്റെയും എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ.
Tags : VD Satheesan seeks report K-Disk