നെടുമങ്ങാട്: പനവൂരിൽ കൊല്ലപ്പെട്ട ഒന്നരവയസുകാരൻ അർഷാദിനോട് രണ്ടാനച്ഛൻ ചെയ്തത് കൊടിയ ക്രൂരതകൾ. കുഞ്ഞിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ താൻ ചെയ്ത ക്രൂരതകൾ അഷ്കർ പോലീസിനോട് ഏറ്റുപറഞ്ഞു.
വിശന്നു കരഞ്ഞാൽ തീ വച്ച് പൊള്ളിക്കും. വാശിപിടിച്ചാൽ തൊഴി. കിടക്കയിൽ മൂത്രമൊഴിച്ചതിന് ജനനേന്ദ്രിയം കീറിമുറിച്ചു. ബൈക്കിൽ കയറാൻ ശ്രമിച്ചതിന് ഇരുകൈകളും തല്ലിയൊടിച്ചു. ചെളിവെള്ളത്തിൽ ഇറങ്ങിയതിന് കാൽവിരലുകൾ പൊള്ളിച്ചു. പീഡനങ്ങളിൽ പലതും നടന്നത് അമ്മയുടെമുന്നിൽ വച്ചുതന്നെ. നിരന്തര പീഡനങ്ങൾക്കൊടുവിൽ കുഞ്ഞ് ആഹാരം കഴിച്ചുകൊണ്ടിരിക്കേ വെള്ളിയാഴ്ച തലചുവരിലിടിച്ച് കൊലപ്പെടുത്തി.
പനവൂർ കരിക്കുഴി നെല്ലിക്കുന്നിൽ വാടകയ്ക്ക് അമ്മ അഖിലയ്ക്കും അഖിലയുടെ രണ്ടാം ഭർത്താവ് അഷ്കറിനും ഒപ്പമാണ് അർഷാദ് താമസിച്ചിരുന്നത്. ആദ്യഭർത്താവിന്റെ മരണശേഷം ഒപ്പംകൂടിയ അഷ്കറുമൊത്തുള്ള ജീവിതം സുഗമമാക്കാൻ കുഞ്ഞിനെ ഒഴിവാക്കാൻ ഇരുവരും തീരുമാനിച്ചിരുന്നു. തുടർന്നാണ് കുഞ്ഞിനോട് ക്രൂരമായ ഇടപെടലുകൾ തുടങ്ങിയത്.
വിവരമറിഞ്ഞ് അഖിലയുടെ അമ്മ റീന കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും അഷ്കർ എതിർത്തു. ആദ്യ ഭർത്താവ് അഖിലിന്റെ പിതാവ് സുനിൽകുമാറും കുഞ്ഞിനെ ഏറ്റെടുത്തു വളർത്താൻ സന്നദ്ധനായി രംഗത്തു വന്നു. അതിനും ഇരുവരും വഴങ്ങിയില്ല.കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. അതിനുള്ള ശ്രം നടത്തിയെങ്കിലും ബന്ധുക്കൾ കുഞ്ഞിനെ തിരിച്ചറിയും എന്നതിനാൽ ഉപേക്ഷിച്ചു. ശേഷമാണ് കുഞ്ഞിനെ ഇഞ്ചിഞ്ചായി കൊല്ലാൻ ഇരുവരും പദ്ധതിയിട്ടത്.
അതിനായി നിരന്തര പീഡനത്തിന് കുഞ്ഞിനെ വിധേയമാക്കി. അമ്മ അഖിലയുമായി ചേർന്ന് ഒരുവട്ടം ശ്വാസംമുട്ടിച്ച് അവശനാക്കി. കുഞ്ഞിന്റെ പിടച്ചിൽ കണ്ട് അഖില അസ്കറിനെ പിന്തിരിപ്പിച്ചു.തന്റെ അസാന്നിധ്യത്തിലേ കുഞ്ഞിനെ വകവരുത്താവൂഎന്ന് അഖിലതന്നെ അഷ്കറിനോട് പറഞ്ഞു.
അതുപ്രകാരമാണ് അഖില ഏതാനും ദിവസങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിലേക്ക് പോയത്. ഈ ഘട്ടത്തിൽ അഷ്കർ കുഞ്ഞിനെ മൃഗീയ പീഡനങ്ങൾക്ക് വിധേയമാക്കുകയായിരുന്നു.അതിന്റെ അവശതയിൽ കഴിഞ്ഞിരുന്ന കുഞ്ഞിനെ തൊണ്ടയിൽ ആഹാരം കുടുങ്ങിയതായി വരുത്തിത്തീർത്ത് കൊലപ്പെടുത്താൻ വെള്ളിയാഴ്ച രാവിലെയാണ് അഷ്കർ തീരുമാനം എടുത്തത്. മാതാവ് അഖിലയുമായും അഷ്കർ ഈ വിവരം ഫോണിലൂടെ പങ്കുവച്ചിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ആഹാരം കൊടുത്തശേഷം തൊണ്ടയിൽ മുറുകെ അമർത്തി.പലവട്ടം ഇത് ചെയ്തിട്ടും വിജയിച്ചില്ല.തുടർന്ന് തലപിടിച്ച് ഭിത്തിയിൽ ബലമായി ഇടിച്ചു. കുഴുഞ്ഞു വീണ കുഞ്ഞിന്റെ വായിൽ ഭക്ഷണം തിരുകിവച്ചു. കഴിക്കാൻ ആവശ്യപ്പെട്ട് അടിക്കുകയും ചെയ്തു. ഈ സമത്താണ് കുഞ്ഞ് വലിയ ശബ്ദത്തിൽ ഛർദിച്ചതും ശബ്ദം കേട്ട് സമീപവാസികളിൽ ചിലർ വന്നതും. ഭക്ഷണം തൊണ്ടയിൽ കുരുങ്ങി എന്നാണ് അഷ്കർ അവരോട് പറഞ്ഞത്.

നെടുമങ്ങാട്: ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ രണ്ടാനച്ഛൻ അഷ്കറിനെ പോലീസ് വാടകവീട്ടിലെത്തിച്ച് തെളിവെടുത്തു. രോഷാകുലരായ നാട്ടുകാർ പ്രതിയെ കൈയേറ്റം ചെയ്തു. ജനരോഷം ഭയന്ന് അമ്മയെ കൊണ്ടുവന്നുള്ള തെളിവെടുപ്പ് മറ്റൊരു ദിവസത്തേക്കു മാറ്റി.
നെടുമങ്ങാട്, പാലോട് സിഐമാരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 11നാണ് പ്രതി അഷ്കറിനെ പനവൂർ കരിക്കുഴി നെല്ലിക്കുന്നിലെ വാടക വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നത്. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നതറിഞ്ഞ് പ്രദേശത്ത് വൻ ജനാവലി തടിച്ചുകൂടിയിരുന്നു. പ്രതിയെ സ്ഥലത്തെത്തിച്ചതും രോഷാകുലരായ നാട്ടുകാർപാഞ്ഞടുത്തു. ജനക്കൂട്ടത്തിൽ നിന്നും പ്രതിയെ രക്ഷിച്ച് വാടക വീട്ടിലെത്തിക്കാൻ പോലീസിന് നന്നേ പണിപ്പെടേണ്ടിവന്നു.
ഇതിനിടയിൽ ചിലർ പ്രതിയെ കൈയേറ്റം ചെയ്യുകയും ചെയ്തു. വാടക വീട്ടുപരിസരത്തുണ്ടായിരുന്ന പ്രതിയുടെ കാർ തലേ ദിവസം രാത്രി അജ്ഞാത സംഘം തല്ലിത്തകർത്തിരുന്നു. കുഞ്ഞിനെ പൊള്ളിക്കാൻ അഷ്കർ ഉപയോഗിച്ച സിഗററ്റ് ലാമ്പും അടിക്കാൻ ഉപയോഗിച്ച വടിയും കഴിക്കാൻ കൊടുത്ത ഗുളികകളും കഴുത്തിൽ മുറുക്കിയ തുണിയും പോലീസ് വാടക വീട്ടിൽ നിന്നും കണ്ടെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. തെളിവെടുപ്പിനായി മാതാവ് അഖിലയെ പോലീസ് പിന്നീട് കസ്റ്റഡിയിൽ വാങ്ങും.
Tags : terrible atrocities murdered Step father