വാഴക്കുളം: ഉത്പാദനച്ചെലവ് കൂടിയതിനും വിലയിടിവിനുമൊപ്പം വേനൽച്ചൂടും കൂടിയായതോടെ പൈനാപ്പിൾ കൃഷിയിൽ തളർച്ച. കാലാവസ്ഥാവ്യത്യാസങ്ങൾ പൈനാപ്പിളിന്റെ ഗുണനിലവാരത്തെയും തൂക്കത്തെയും സാരമായി ബാധിക്കുന്നുമുണ്ട്. പ്രതീക്ഷിക്കുന്ന വില കിട്ടാതെ വന്നതും കർഷകർക്കു തിരിച്ചടിയായി.
പൈനാപ്പിള്‍ ചെടികള്‍ ഒരു പരിധിവരെ ചൂടിനെ ചെറുത്തുനില്ക്കുന്നവയാണെങ്കിലും കടുത്ത വേനലിൽ വളര്‍ച്ചാമുരടിപ്പ് നേരിടുകയാണ്. വളര്‍ച്ച ശോഷിച്ച് തൂക്കം 100-200 ഗ്രാം കുറഞ്ഞ് ഗ്രേഡ് താഴ്ന്നാല്‍ വില നേര്പകുതിയാകുന്ന സ്ഥിതി.
പച്ച എ ഗ്രേഡ് പൈനാപ്പിളിന് നിലവില്‍ 31 രൂപയും പഴത്തിന് 30 രൂപയുമാണ് വാഴക്കുളം വിപണിവില. ആവശ്യക്കാരുടെയും കച്ചവടക്കാരുടെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് 33-35 വരെയും വില ഉയരുന്നുമുണ്ട്. വേനല്‍ കാഠിന്യത്തില്‍ തൂക്കം ഏതാനും ഗ്രാം കുറഞ്ഞാൽത്തന്നെ ഗ്രേഡ് കുറഞ്ഞ് ബിയും സിയുമാകുന്നു.
എ ഗ്രേഡിന് ശരാശരി 30-32 ലഭിക്കുമ്പോള്‍ ബി ഗ്രേഡിന് പരമാവധി 15 രൂപ വരെയേ ലഭിക്കൂ. സാധാരണനിലയിലുള്ള ഉത്പാദനച്ചെലവ് ചെടിയൊന്നിനു 40 രൂപയെന്നത് ഇത്തരം സാഹചര്യങ്ങളില്‍ വീണ്ടും ഉയരും.
കാലം തെറ്റിയെത്തുന്ന തടസങ്ങൾ
കൃഷിയുടെ തുടര്‍ച്ചയ്ക്കും ആവര്‍ത്തന കൃഷിക്കുമുള്ള തൈക്കാനികളുടെ വളര്‍ച്ചാ കാലയളവ് ദീര്‍ഘിക്കുന്നതാണ് കടുത്ത വേനല്‍ അടിച്ചേല്‍പ്പിക്കുന്ന മറ്റൊരു വിന. മതിയായ അളവില്‍ ജലം ലഭിച്ചാലും സ്വാഭാവികമായ വളര്‍ച്ച തടസപ്പെടുകയാണ്.
തായ്ച്ചെടിയില്ത്തന്നെ ചുറ്റിനില്ക്കുന്ന ഇവ യഥാസമയം ഒരുമിച്ച് വളര്‍ച്ച പാകമായില്ലെങ്കില്‍ കര്ഷകന് ഭീമമായ നഷ്ടം നേരിടേണ്ടിവരും. പാട്ടത്തിനെടുത്ത ഭൂമിയില്‍ കരാര്‍ കാലാവധി കഴിഞ്ഞുള്ള വിളവെടുപ്പും മറ്റും തർക്കങ്ങൾക്കിടയാക്കുന്നുണ്ട്.
പലസമയങ്ങളില്‍ ഇവ പാകമാകുന്നത് ഒരുമിച്ചു കുലയ്ക്കുന്നതിനുള്ള ഹോര്‍മോണ്‍ പ്രയോഗം ചെയ്യുന്നതിനും തടസമാകുന്നു. പാകമായവ തെരഞ്ഞുപിടിച്ച് മരുന്ന് ചെയ്യേണ്ടിവരുന്നത് സമയനഷ്ടവും അധികച്ചെലവുമുണ്ടാക്കുന്നു. തൈ അടര്‍ത്തിമാറ്റിയുള്ള ആവര്‍ത്തനക്കൃഷി യഥാസമയത്തു നടന്നില്ലെങ്കില്‍ ഇതര പരിപാലനങ്ങളും തടസപ്പെടും.
അപ്രതീക്ഷിതമായി ചെലവുയരുന്നു
വേനലില്‍ ജലദൗര്‍ലഭ്യമാണ് ഏറ്റവും വലിയ പ്രശ്നം. ഇതു പരിഗണിച്ച് മതിയായ ജലസേചന സംവിധാനം ഒരുക്കി മാത്രമേ കര്‍ഷകര്‍ വേനല്കൃഷികള് നടത്താറുള്ളൂ. ഒപ്പം, പാകമാകുന്ന പൈനാപ്പിളിനു പൊള്ളലേല്‍ക്കാതെ പുത (മൂടി) ഇടുന്നതിനുള്ള സംവിധാനവുമുള്ള കര്‍ഷകര്‍ മാത്രമേ വേനല്‍കൃഷിക്ക് തുനിയാറുള്ളൂ.
അപ്രതീക്ഷിതമായി കടുത്ത വേനല്‍ വന്നതോടെ എത്രമാത്രം അളവ് ജലം എത്തിച്ചാലും പ്രയോജനമില്ലാത്ത സാഹചര്യമാണ് . കടുത്ത വേനലില്‍ സാധാരണ കടലാസ്, വൈക്കോല്‍, പുല്ല്, ഓല തുടങ്ങിയവ ഉപയോഗിച്ചുള്ള നാടന്‍ പുതയിടല്‍ മതിയാകാതെ വരുന്നു. ഒരേക്കറിന് ഗാര്ഡന് നെറ്റ് സംവിധാനം ഉപയോഗിച്ചു പുതയിടാൻ ശരാശരി 50,000 രൂപയ്ക്കു മുകളില്‍ ചെല വ് വരും. തോടുകളിലെയും ജലാശയങ്ങളിലെയും ജലദൗര്‍ലഭ്യവും പൈനാപ്പിൾ കൃഷിയ്ക്കു വെല്ലുവിളിയാണ്.
സാധാരണ നിലയില്‍ പഴവര്‍ഗങ്ങളുടെ ഉപയോഗം കൂടേണ്ട സമയമാണു വേനല്‍ക്കാലമെങ്കിലും പൈനാപ്പിൾ വിപണിയിൽ ഈ ഉണർവ് പ്രകടമല്ല. വിലക്കുറവിനൊപ്പം വിളവെടുപ്പിന് അധിക കൂലിയും കർഷകർക്കു തിരിച്ചടിയാണ്. തോട്ടമുടമകള്‍ സഹകരിച്ച് ഓരോ തോട്ടങ്ങളിലായി സ്വന്തം നിലയിൽ വിളവെടുപ്പ് നടത്തുന്നുമുണ്ട്.

ഉത്പാദനക്കുറവു തന്നെയാണ് വേനല്ക്കൃഷിയിലെ മുഖ്യപ്രശ്നം. അതോടൊപ്പം തായ്ച്ചെടിയില്നിന്ന് അടുത്ത തൈകള്‍ പൊട്ടി പാകമാകുന്നതിന് മാസങ്ങളുടെ ദൈര്‍ഘ്യവും നേരിടുന്നു. പൈനാപ്പിളിന് പൊള്ളലേല്‍ക്കുന്നു. ചെടികള്‍ ഉണങ്ങിക്കരിയുന്നതും പതിവാകുന്നു.
പരിചരണവും വിളവെടുപ്പും പ്രയാസകരമാകുന്നു. ഒപ്പം ചെലവ് വര്‍ധിക്കുകയുമാണ്.
ജെയിംസ് ജോര്‍ജ് തോട്ടുമാരിയില്‍ (ഓള് കേരള പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന് പ്രസിഡന്റ്)

ജലലഭ്യതയുടെ കുറവ് പൈനാപ്പിൾ കൃഷിയെ തളർത്തുകയാണ്. പാട്ടത്തിനെടുത്ത പല കൃഷിയിടങ്ങളുടെയും ചുറ്റുവട്ടത്തുള്ളവര്‍ കുടിവെള്ളം മുട്ടുമെന്ന ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.
വിളവിലെ ഗണ്യമായ തൂക്കക്കുറവും ഗ്രേഡ് തരംതാഴലും ചെടികളുടെ വേനല്‍ വാട്ടവും ചൂടുകാല പ്രതിസന്ധിയാകുന്നു. പൈനാപ്പിളിന് ഏല്ക്കുന്ന പൊള്ളലും അടുത്ത തലമുറ കാനികളുടെ വളര്‍ച്ചാമുരടിപ്പും കര്‍ഷകര്‍ നേരിടുന്ന അധിക പ്രശ്നങ്ങളാണ്.
സിബി ജോര്‍ജ് കദളിക്കാട്ടില്‍
(മികച്ച പൈനാപ്പിള്‍ കര്‍ഷകനുള്ള അവാര്‍ഡ് ജേതാവ്)

40 മുതല്‍ 50 ശതമാനത്തോളം വിളവ് നഷ്ടവും വിലയിടിവും കര്‍ഷകനു നേരിടേണ്ടി വരുന്നു. പൈനാപ്പിളിന് വലിപ്പവും തൂക്കവും കുറയുന്നത് തിരിച്ചടിയാണ്.
ഉത്പാദനനഷ്ടം കുറയ്ക്കാന്‍ പരമാവധി വേനല്‍ പരിരക്ഷ ചെയ്യാന്‍ കര്ഷകന് നിര്‍ബന്ധിക്കപ്പെടുന്നത് വീണ്ടും ഉത്പാദനച്ചെലവ് വര്‍ധിപ്പിക്കുന്നു.
ബേബി ജോണ്‍ പേടിക്കാട്ടുകുന്നേല്‍
(ഓള് കേരള പൈനാപ്പിള്‍ ഗ്രോവേഴ്സ് അസോസിയേഷന് പ്രസിഡന്റ്)

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളെ അപേക്ഷിച്ച് പൈനാപ്പിള്‍ മേഖല ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണ്. താപനില ദിവസേന കൂടുന്നു. ഒപ്പം കര്‍ഷകരുടെ ആശങ്കയും വര്‍ധിക്കുന്നു. ഏറ്റവും കൂടുതല്‍ ആവശ്യവും ഉപയോഗവുമുള്ള വേനല്‍ക്കാലത്ത് വില ഉയരേണ്ടതാണ്. ഈ കണക്കുകൂട്ടലിലാണ് വേനല്‍ പ്രശ്നങ്ങളോട് കര്‍ഷകര്‍ ഏറ്റുമുട്ടുന്നതുതന്നെ. ഇക്കുറി അപ്രതീക്ഷിതമായ വിലയിടിഞ്ഞതും വിളവിലെ കുറവും നിരാശ വർധിപ്പിച്ചു.
ഡൊമിനിക് ജോര്‍ജ്
മലേക്കുടിയില്‍ (കര്ഷകന്)
Tags : Summer heat Summer falling pineapple farming crisis falling prices