കൊല്ലം: എൻ.കെ.പ്രേമചന്ദ്രനെയും ശശിതരൂരിനെയും പുകഴ്ത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയമായി തങ്ങൾ രണ്ട് ചേരിയിലാണെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യത്തിന്റെ വികസനത്തിനായി ഒത്തൊരുമിച്ച് നിൽക്കുന്നവരാണ് പ്രേമചന്ദ്രനും ശശി തരൂരുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യം ജയിക്കണമെന്ന് ആഗ്രഹിക്കുന്ന അപൂർവം രാഷ്ട്രീയക്കാരാണ് ഇരുവരും. വികസന കാര്യങ്ങളിൽ സഹകരിക്കുന്നതിന്റെ പേരിൽ പ്രേമചന്ദ്രനെ അരസംഘിയെന്നോ മുക്കാൽ സംഘിയെന്നോ വിളിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതാണ്ട് 39 വർഷത്തോളം മുടങ്ങിക്കിടന്ന കൊല്ലം ബൈപാസ് പദ്ധതി പൂർത്തിയാക്കി ജനങ്ങൾക്ക് എത്തിച്ചു കൊടുത്തത് നരേന്ദ്ര മോദി സർക്കാരാണെന്ന് സുരേഷ്ഗോപി പറഞ്ഞു. മുൻപ് പല സർക്കാരുകളും മന്ത്രിമാരും ഉണ്ടായിരുന്നിട്ടും മുടങ്ങിപ്പോയ ഈ പദ്ധതി യാഥാർത്ഥ്യമാക്കാൻ ഒരു എൻഡിഎ സർക്കാർ വേണ്ടിവന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.