കണ്ണൂര്: തളിപ്പറമ്പിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
സ്ഥാനമോഹിയും അവസരവാദിയുമായ ടി.കെ. ഗോവിന്ദൻ വിശ്വാസവഞ്ചനയ്ക്കുമപ്പുറമുള്ള പ്രവൃത്തിയാണ് ചെയ്തത്. അത്തരമൊരാളെയാണ് യുഡിഎഫ് പിന്തുണയ്ക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. തളിപ്പറമ്പിലെ എൽഡിഎഫ് സ്ഥാനാർഥി പി.കെ.ശ്യാമളയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലപാടുകൾ തെളിമയാർന്നതായിരിക്കണം. എൽഡിഎഫിനോടും സിപിഎമ്മിനോടും ഒരു നിമിഷം കൊണ്ടാണോ വ്യത്യസ്ത അഭിപ്രായം വരികയെന്നും ടി.കെ. ഗോവിന്ദനെ ഉദ്ദേശിച്ചുകൊണ്ട് പിണറായി ചോദിച്ചു.
എൽഡിഎഫിന്റെ നയങ്ങളിൽ വിയോജിപ്പുണ്ടെങ്കിൽ അത് മുമ്പേ ഉണ്ടാകേണ്ടതല്ലേ ? ഏതെങ്കിലും നയത്തോടുള്ള എതിർപ്പ് നേരത്തെ പറഞ്ഞിട്ടുണ്ടോ? തനിക്ക് സീറ്റ് കിട്ടാത്തപ്പോഴാണ് ടി.കെ. ഗോവിന്ദൻ എൽഡിഎഫിനെയും പാർട്ടിയെയും കുറ്റപ്പെടുത്തിയത്. ആ സീറ്റ് മോഹത്തിനു മേലെയുള്ള അവസരവാദ നിലപാടാണ് യുഡിഎഫ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നതെന്നും പിണറായി പറഞ്ഞു.
Tags : T.K. Govindan opportunist Position- Pinarayi Vijayan Kerala Assembly Election Niyama Sabha Election