കോട്ടയം: ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ കോട്ടയത്തിന്റെ മുഖശ്രീയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സഭാനാഥൻ. അനുഭവസമ്പന്നനും മുതിര്‍ന്ന അംഗവുമെന്ന നിലയിലാണ് തിരുവഞ്ചൂര്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.
വി.ഡി. സതീശന് മന്ത്രിസഭയില്‍ മന്ത്രിയായി എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഒടുവില്‍ സ്പീക്കറായി തിരുവഞ്ചൂര്‍ നിയമിതനാകുകയായിരുന്നു. പ്രോട്ടോക്കോളില്‍ സംസ്ഥാന കാബിനറ്റ് മന്ത്രിമാരേക്കാള്‍ മുകളിലാണ് നിയമസഭാ സ്പീക്കര്‍.
കോട്ടയത്തിന്റെ മണ്ണിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. പക്ഷേ, ആദ്യമായി നിയമസഭയിലെത്തിയതും മന്ത്രിയായതും അടൂര്‍ മണ്ഡലത്തില്‍നിന്നായിരുന്നു. 1963ല്‍ എംടി സ്കൂളിലെ കുട്ടികളെ മുഴുവന്‍ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്ത് സ്കൂള്‍ ലീഡറായിരുന്ന പഠനകാലം മുതലെ നേതൃമികവുണ്ടായിരുന്നു.
ജനപ്രതിനിധിയായും പിന്നീട് മന്ത്രിപദവിയിലേക്കെത്തിയപ്പോഴും ഇപ്പോള്‍ സ്പീക്കര്‍ പദവിയിലെത്തിയതിലും അത് വ്യക്തമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ആത്മബന്ധമാണ് തിരുവഞ്ചൂരിനുണ്ടായിരുന്നത്. ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂര്‍ അങ്ങനെതന്നെയായിരുന്നു. 1967ല്‍ കെഎസ്യു കോട്ടയം ജില്ലാ പ്രസിഡന്റായി. അക്കാലയളലവില് തന്നെ ബസേലിയസ് കോളജ് യൂണിയന് ചെയര്‍മാനുമായി.
1969ല്‍ കെഎസ്യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, 1973 ല്‍ കേരള യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് ഇങ്ങനെ സംഘടനാ പ്രവര്‍ത്തനങ്ങളിലും ലഭിച്ച സ്ഥാനങ്ങളിലും കഴിവും മികവും തെളിയിച്ചായിരുന്നു തിരുവഞ്ചൂരിന്റെ രാഷ്ട്രീയ യാത്ര.
സംഘാടനമികവും പ്രസംഗത്തിലെ വൈദഗ്ധ്യവും 1974-77 കാലഘട്ടത്തിലെ കെഎസ്യു സംസ്ഥാന പ്രസിഡന്റ് പദവിയിലേക്കും എത്തിച്ചു. അടുത്ത തട്ടകം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടേതായിരുന്നു. 1978-1982 കാലഘട്ടത്തില്‍ ആ സ്ഥാനത്തിലും തിളങ്ങിയ തിരുവഞ്ചൂര്‍ 1982 മുതല്‍ 1984 വരെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി.
1984ല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി. കോട്ടയത്തിന്റെ നേതാവായിരിക്കാന്‍ ആഗ്രഹിച്ച തിരുവഞ്ചൂരിന് പക്ഷേ, നിയമസഭയിലേക്കുള്ള കന്നിയങ്കത്തിനിറങ്ങേണ്ടി വന്നത് അടൂര്‍ നിയോജകമണ്ഡലത്തില്നിന്നായിരുന്നു. 1991 ല്‍ 5,767 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആദ്യജയവുമായി നിയമസഭയിലെത്തി. തുടര്‍ന്ന് 1996, 2001, 2006 വര്‍ഷങ്ങളിലും അടൂര്‍ മണ്ഡലത്തിന്റെ എംഎല്‍എയായി.
2011 ലെ തെരഞ്ഞെടുപ്പില്‍ അടൂർ സംവരണമണ്ഡലമായി പ്രഖ്യാപിച്ചതോടെ സ്വന്തം നാടായ കോട്ടയമായി അങ്കത്തട്ട്. 2011ലെ തെരഞ്ഞെടുപ്പില്‍ 711 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നെങ്കില്‍ 2016ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 33,632 വോട്ടിലേക്കാണ് ഉയര്‍ന്നത്. 2016 ലെ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച കോണ്‍ഗ്രസ് എംഎല്‍എയുമായിരുന്നു. 2021ല്‍ 18743 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ഇത്തവണ 35,986 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തിളക്കമാര്‍ന്ന വിജയം നേടിയത്.
ജനപ്രതിനിധിയില്‍നിന്ന് മന്ത്രിയുടെ ഉത്തരവാദിത്തത്തിലേക്ക് എത്തിയപ്പോഴും ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായി. 2004-2006 കാലഘട്ടത്തില്‍ മന്ത്രിയായപ്പോള്‍ ജലസേചനം, വനം, ആരോഗ്യം, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തത്. 2011 -2016 കാലത്ത് റവന്യു, ആഭ്യന്തരം, വിജിലന്‍സ്, വനം, പരിസ്ഥിതി, ഗതാഗതം, സ്പോര്‍ട്സ്, സിനിമ തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു.
കെ.പി. പരമേശ്വരന് പിള്ളയുടെയും ഗൗരിക്കുട്ടിയമ്മയുടെയും മകനായി 1949 ഡിസംബര്‍ 26നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ജനനം. കോട്ടയം എംടി സെമിനാരി സ്കൂളില്‍നിന്ന് എസ്എസ്എല്‍സി, കോട്ടയം ബസേലിയസ് കോളജില്‍നിന്ന് പ്രീ ഡിഗ്രിയും ഡിഗ്രിയും തിരുവനന്തപുരം ലോ കോളജില്‍നിന്ന് എല്‍എല്‍ബിയും നേടി. ഭാര്യ: ലളിതാംബിക. മൂന്നു മക്കള്‍: ഡോ. അനുപം രാധാകൃഷ്ണന്, അര്ജുന് രാധാകൃഷ്ണന്, ആതിര രാധാകൃഷ്ണന്.
നിയമസഭയില്‍ കോട്ടയം ജില്ലയില്‍നിന്നുള്ള ആദ്യ സ്പീക്കറാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. തിരുവിതാംകൂര്‍ നിയമസഭയില്‍ സ്പീക്കര്‍ക്ക് സമാനമായ പദവിയില്‍ കോട്ടയം സ്വദേശികളായ രണ്ടുപേർ ഇരുന്നിട്ടുണ്ട്. 1948ല്‍ വൈക്കത്തുനിന്ന് എ.ജെ. ജോണും തൊട്ടുപിന്നാലെ മീനച്ചില്‍ താലൂക്കില്‍നിന്ന് ആര്.വി. തോമസുമാണ് തിരുവിതാംകൂര്‍ നിയമസഭയില്‍ സ്പീക്കര്‍ക്കു സമാനമായ പദവിയില്‍ എത്തിയത്.
സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നടത്തിയ പ്രസംഗത്തില്‍ ആര്.വി. തോമസിനെ അനുസ്മരിച്ചാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രസംഗം തുടങ്ങിയത്. 1991മുതല്‍ 96 വരെ വാഴൂര്‍ മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട കെ. നാരായണക്കുറുപ്പ് ഡെപ്യൂട്ടി സ്പീക്കറായിട്ടുണ്ട്.
Tags : Thiruvanchoor Speaker Kottayam