കൊച്ചി: മുഖ്യമന്ത്രി കലാപം നടന്നു കൊണ്ടിരിക്കുന്ന സംസ്ഥാനം എന്ന ലേബല്‍ കേരളം ഒടുവില്‍ മറികടന്നു. ജനവികാരം രാഹുല്‍ ഗാന്ധിയും എഐസിസി നേതാക്കളും, മത്സരരംഗത്ത് കട്ടയ്ക്ക് കൂടെ ഉണ്ടായിരുന്ന കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും (ആര്‍.സിക്ക് എതിര്‍പ്പുണ്ടെങ്കിലും) അംഗീകരിച്ചു കഴിഞ്ഞു. പത്തു ദിവസങ്ങളോളം നീണ്ട നാടകീയ രംഗങ്ങള്‍ക്കാണ് ഇന്ന് അന്ത്യമായിരിക്കുന്നത്.
കേരളം നയിക്കാനായി വി.ഡി തന്നെ എത്തുമ്പോള്‍ ദിവസങ്ങളായി പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തകര്‍ക്കും ആനന്ദം. നിലപാടുകളുടെ രാജകുമാരന്‍ ആയാണ് വി.ഡിയെ കേരളം ഒന്നടങ്കം വിശേഷിപ്പിക്കുന്നത്. നൂറിലധികം സീറ്റുകള്‍ നേടുമെന്ന വി.ഡിയുടെ ആത്മവിശ്വാസം യാഥാര്‍ഥ്യമായതോടെ നയിച്ചവന്‍ തന്നെ മുഖ്യമന്ത്രിയാകണമെന്ന ആവശ്യം ശക്തമാക്കി പ്രവര്‍ത്തകരും ജനങ്ങളും രംഗത്തെത്തി.
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുമ്പ് തന്നെ വി.ഡിക്കായി സംസ്ഥാനമൊട്ടാകെ ഫ്‌ളക്‌സുകള്‍ എത്തിയിരുന്നു. മലപ്പുറത്തും കണ്ണൂരും ആയിരുന്നു ആദ്യം ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ സതീശന്‍റെ സ്വന്തം തട്ടകമായ എറണാകുളത്തും ഫ്‌ളക്‌സുകള്‍ കൊണ്ട് നിറഞ്ഞു. പടുകൂറ്റന്‍ ഫ്‌ളക്‌സ് ആയിരുന്നു ആലുവയില്‍ ആദ്യം എത്തിയത്.
വി.ഡിക്കായി ഫ്‌ളക്‌സ് ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചതും. വി.ഡിക്കൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തലയെയും വി.ഡി. സതീശനെയും അനുകൂലിച്ചു കൊണ്ടുള്ള ചര്‍ച്ചകളും ഉയര്‍ന്നു. നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങളും എഐ വീഡിയോകളും ഡോക്യുമെന്‍ററികളും പോഡ്കാസ്റ്റുകളും കളം നിറച്ചു.
ഇതോടെ സതീശനെതിരെയും ബാനറുകളും ഫ്‌ളക്‌സും എത്തി. പിആര്‍ വര്‍ക്ക് നടത്തിയാല്‍ മുഖ്യമന്ത്രി ആകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു വി.ഡിക്ക് എതിരെയുള്ള ഫ്ലക്സുകള്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലി എന്ന പേരില്‍ ആയിരുന്നു ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. സതീശനെതിരെ സൈബര്‍ ആക്രമണവും ശക്തമായി. എന്നാല്‍ അതൊക്കെ നിഷ്പ്രഭമാക്കി കൊണ്ട് കൂടുതല്‍ പിന്തുണയുമായി കൂടുതല്‍ ഫ്‌ളക്‌സുകളും എത്താന്‍ തുടങ്ങി.
പിന്നീട് എത്തിയ ഫ്‌ളക്‌സുകള്‍ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ അറിയിച്ചു കൊണ്ടായിരുന്നു. നേതാക്കള്‍ വിഷയത്തില്‍ പരസ്യമായി പ്രതികരിച്ചില്ലെങ്കിലും അണികള്‍ അണിയറയില്‍ വടംവലി തുടര്‍ന്നു കൊണ്ടേയിരുന്നു. ഇതിനിടെ തെരഞ്ഞെടപ്പ് ഫലവും വന്നു. യുഡിഎഫിനൊപ്പം അടിയുറച്ച് എറണാകുളവും നിന്നു. സതീശന്‍ മുമ്പേ പ്രഖ്യാപിച്ചതു പോലെ കംപ്ലീറ്റ് സ്വീപ്. 102 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരം ഉറപ്പിച്ചു.
ഇതോടെ ഫ്‌ളക്‌സുകളും ബാനറുകളും ഒന്നുകൂടി വര്‍ധിച്ചു. വനവാസമല്ല, പട്ടാഭിഷേകം, കേരളം ജയിച്ചു വി.ഡി. നയിക്കും എന്ന വാചകങ്ങളോടെയാണ് പിന്നീട് എത്തിയ ഫ്‌ളക്‌സുകള്‍. മുഖ്യമന്ത്രി ചര്‍ച്ച കടുത്തതോടെ എഐസിസി നിരീക്ഷകര്‍ എംഎല്‍എമാരുടെ മനസ് അറിയാന്‍ എത്തി. പിന്തുണ സമാഹരിക്കലിനുള്ള ചരടുവലികളും സജീവമായി. വി.ഡി. സതീശനൊപ്പം രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കായി ഇവരുടെ ഗ്രൂപ്പുകളും അനുനായികളും പിന്തുണ ഉറപ്പിക്കാനുള്ള തിരക്കിലായി.
വി.ഡിയെ കാണാനായി എറണാകുളം ജില്ലയിലെ നിയുക്ത എംഎല്‍എമാരായ ടി.ജെ. വിനോദ്, ദീപക് ജോയ്, മുഹമ്മദ് ഷിയാസ്, വി.ഇ. അബ്ദുല്‍ ഗഫൂര്‍ എന്നിവരും എത്തി. പട നയിച്ചവര്‍ നാട് നയിക്കട്ടെ, നിലപാടുകള്‍ രാജകുമാരന്‍, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ എന്ന വാചകങ്ങളോടെ വീണ്ടും ഫ്‌ളക്‌സുകള്‍ എത്തി. ഇതിനൊപ്പം കെ.സിയെ പടനായകന്‍ എന്ന് വിശേഷിപ്പിച്ചും ആര്‍.സിയെ വാഴ്ത്തിയും ഫ്‌ലക്‌സുകള്‍ എത്തി.
ഫലപ്രഖ്യാപനത്തിന് ശേഷം സതീശന്‍ എറണാകുളത്ത് എത്തിയപ്പോള്‍ ജനവികാരം അലയടിച്ചു. അണികളും പ്രവര്‍ത്തകരും മാത്രമല്ല, ജനങ്ങളും ഒന്നടങ്കം സതീശനായി എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ഗംഭീര സ്വീകരണം ഒരുക്കി. പറവൂരില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹം എത്തിയപ്പോള്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരും കൂടെയെത്തി. പിന്നാലെ എറണാകുളത്ത് കെ.സിയുടെ ഫ്‌ളക്സുകള്‍ കീറി നശിപ്പിക്കാനും ആരംഭിച്ചു.
കസേരക്കളിയില്‍ കെ.സിക്ക് എംഎല്‍എമാരുടെ പിന്തുണയേറിയെന്ന വിവരം വന്നതോടെ പട നയിച്ചവന്‍ നാട് നയിക്കട്ടെ എന്ന ബാനറുകളുമായി പ്രവര്‍ത്തകര്‍ തെരുവിലേക്കിറങ്ങി. സതീശന്‍റെ ജന്മനാടായ നെട്ടൂരിലും പറവൂരിലും ആലുവയിലും പെരുമ്പാവൂരിലുമൊക്കെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇതോടെ കോണ്‍ഗ്രസിന്‍റെ ചരിത്ര വിജയത്തിന്‍റെ ശോഭ കെടുത്തരുതെന്ന് ആവശ്യപ്പെട്ട് വി.ഡി. തന്നെ രംഗത്തെത്തി.
ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ വി.ഡിക്കായി ഗണപതി ഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം എന്നിങ്ങനെ 950 രൂപയുടെ വഴിപാടുകളും നടന്നു. ഇന്നും ചക്കുളത്തുകാവില്‍ വി.ഡിക്കായി പ്രത്യേക പൂജകള്‍ നടന്നിരുന്നു.
ഇതിനിടെ കല്യാണ വിരുന്നില്‍ പങ്കെടുക്കാനായി എത്തിയ ബെന്നി ബഹനാന്‍ എംപിയെയും കുന്നത്തുനാട് നിയുക്ത എംഎല്‍എയായ വി.പി. സജീന്ദ്രനെയും പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് പിന്തുണ ആര്‍ക്കെന്നും വി.ഡിക്ക് അല്ലെങ്കില്‍ പ്രതിഷേധം ആളിക്കത്തിക്കുമെന്നും പറഞ്ഞു.
വി.ഡിക്ക് പിന്തുണയുമായി വിദേശ വനിത രംഗത്തെത്തിയതും ചര്‍ച്ചകളില്‍ നിറഞ്ഞു. കോവളത്ത് അതിക്രൂരമായി ലൈംഗികപീഡനത്തിനിരയായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരി ഇന്‍സസ് ക്രോമാന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയായിരുന്നു.
2022ല്‍ സഹോദരിക്ക് നീതി ആവശ്യപ്പെട്ട് കേരളത്തില്‍ എത്തിയപ്പോള്‍ തന്നെ കേട്ടതും സഹായം നല്‍കിയതും വി.ഡിയാണ് എന്നു പറഞ്ഞു കൊണ്ടായിരുന്നു പോസ്റ്റ്. സതീശന്‍ ജനങ്ങളോട് ആത്മാര്‍ഥത കാണിക്കുമെന്ന് അറിയാം, അതുകൊണ്ടാണ് അദ്ദേഹത്തെ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത് എന്നാണ് ഇന്‍സസ് ക്രോമാന്‍റെ വാക്കുകള്‍. ഒടുവില്‍ മുഖ്യമന്ത്രിയില്ലാത്ത കേരളത്തിന് മുഖ്യമന്ത്രിയായി.
Tags : VD Satheesan Chief Minister Kerala UDF Congress