പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ചേർന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു.
പാർട്ടി നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മത്സരത്തിന് ഇറങ്ങിയതെന്നും വീണാ ജോർജ് പറഞ്ഞു. ചില നേതാക്കൾ തന്നെ തോൽപ്പിക്കാൻ ബോധപൂർവം ശ്രമിച്ചുവെന്ന കടുത്ത ആരോപണവും അവർ ഉന്നയിച്ചു. എ. പത്മകുമാർ ഉൾപ്പെടെയുള്ള ചില നേതാക്കൾ തനിക്കൊപ്പം ഉണ്ടായിരുന്നില്ല.
ഇതാണ് തിരിച്ചടിക്ക് കാരണമായതെന്നും വീണാ ജോർജ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഓമല്ലൂർ ശങ്കരൻ സ്ഥാനം ഒഴിഞ്ഞത് താനുമായുള്ള പ്രശ്നങ്ങൾ മൂലമാണെന്ന തെറ്റിദ്ധാരണ ജനങ്ങൾക്കിടയിൽ ഉണ്ടായി. ഇതും തോൽവിക്ക് കാരണമായതായി.
പല ഇടതുപക്ഷ കോട്ടകളും തകർന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്. ആറന്മുളയിലെ തോൽവിക്ക് തന്റ് സ്ഥാനാർഥിത്വം മാത്രമാണ് കാരണമെങ്കിൽ താൻ നേരത്തെതന്നെ പിന്മാറാൻ തയാറായിരുന്നുവെന്നും വീണാ ജോർജ് വ്യക്തമാക്കി. ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നതിലെ പോരായ്മകളെക്കുറിച്ചും വീണാ ജോർജിനെതിരെ വിമർശനം ഉയർന്നിരുന്നു.