Kerala
മല്ലപ്പള്ളി: പത്തനംതിട്ട മല്ലപ്പള്ളി മേഖലയിൽ സെമിത്തേരികൾ കേന്ദ്രീകരിച്ച് ഗ്രാനൈറ്റ് മോഷണം നടത്തിയിരുന്ന പ്രതികൾ പിടിയിൽ. തമിഴ്നാട് സ്വദേശി ജലാൽ സുന്ദർ, പശ്ചിമ ബംഗാൾ സ്വദേശി സുർജിത് , മല്ലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്.
മല്ലപ്പള്ളിയിൽ ഗ്രാനൈറ്റ് വിൽപന നടത്തുന്നവരാണ് പിടിയിലായ പ്രതികളെന്ന് പൊലിസ് അറിയിച്ചു. പിടിയിലായ പ്രതികളിൽ ജലാൽ സുന്ദർ ആണ് കട ഉടമ. ഗ്രാനൈറ്റ് ക്ഷാമം വന്നതോടെയാണ് പള്ളി സെമിത്തേരികൾ കേന്ദ്രീകരിച്ച് മോഷണം ആരംഭിച്ചത്.
കീഴ്വായ്പുർ സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇതുവരെ മല്ലപ്പള്ളി ഭാഗത്തെ മൂന്നു പള്ളികളിൽ പ്രതികൾ കവർച്ച നടത്തിയിരുന്നു.
District News
പത്തനംതിട്ട: കേന്ദ്ര ഇലക്ട്രോ ണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിനു കീഴിലെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പത്തനംതിട്ട ജില്ലയില്‍ പുതുതായി ആരംഭിച്ച ആധാര്‍ സേവാ കേന്ദ്രം (എഎസ്കെ) ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട സെന്‍ട്രല്‍ മസ്ജിദ് റോഡിലെ നസീഹ ചാരിറ്റബിള്‍ ട്രസ്റ്റിന് എതിര്‍വശമുള്ള അസനാലിയത്ത് നേഹ ബില്‍ഡിംഗിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പുതിയ മാതൃകയില്‍ യുഐഡി എഐ നേരിട്ട് നടത്തുന്ന പത്തനംതിട്ട ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ മൂന്നാമത്തെയും ആധാര്‍ സേവാ കേന്ദ്രമാണിത്. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം 5.30 വരെയാണ് പ്രവൃത്തി സമയം.
ജില്ലയില്‍ ആധാര്‍ എൻറോള്മെന്റുകള്ക്കും വിവരങ്ങള്‍ പുതുക്കുന്നതിനുമായി വർധിച്ചുവരുന്ന തിരക്ക് പരിഹരിക്കാനും പൊതുജനങ്ങള്‍ക്ക് പരാതി പരിഹാര സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നേരിട്ട് ലഭ്യമാക്കാനും പുതിയ കേന്ദ്രത്തിലൂടെ സാധിക്കും. വാര്‍ഡ് കൗണ്‍സിലര്‍ എസ്. ഫാത്തിമ അധ്യക്ഷത വഹിച്ചു. യുഐഡിഎഐ തിരുവനന്തപുരം സ്റ്റേറ്റ് ഓഫീസ് സെക്ഷന്‍ ഓഫീസര്‍ സോഫ്ജി എസ്. ഭദ്രൻ, പ്രോജക്റ്റ് മാനേജര്‍ ഡി. ശിവന്, സെന്റര്‍ മാനേജര്‍ അജേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
പത്തനംതിട്ട: ഏനാദിമംഗലത്ത് ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായുള്ള അനൗൺസ്മെന്റ് പ്രചാരണ വാഹനമിടിച്ച് വയോധികൻ മരിച്ചു. ഏനാദിമംഗലം കുറുമ്പകരയിൽ ആണ് വയോധികന്റെ മരണത്തിനിടയായ സംഭവം നടന്നത് .
അനൗൺസ്മെന്റിനായി എത്തിയ ജീപ്പ് പിന്നോട്ടെടുക്കുന്നതിനിടയിലാണ് റോഡരികിൽ നിന്നിരുന്ന കൃഷ്ണനെ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
പത്തനംതിട്ട: ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് അർഹതപ്പെട്ട തുക വ്യാജരേഖ ചമച്ച് തട്ടിയെടുത്ത സംഭവത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ പൊലിസ് കസ്റ്റഡിയിൽ. പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരി റാണി ലക്ഷ്മി ആണ് പിടിയിലായത്.
റാണി ലക്ഷ്മി ജോലി നോക്കിയിരുന്ന മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് പൊലിസിന് ലഭിച്ച വിവരം. ലൈഫ് ഭവന പദ്ധതി, വീട് പുനരുദ്ധാരണം എന്നീ പദ്ധതികളിലെ ഗുണഭോക്താക്കളുടെ പണം ഏറെക്കാലമായി മുടങ്ങിയിരുന്നു.
ഇതോടെയാണ് സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ഉൾപ്പെടെ സംശയം തോന്നിയത്. ഇതേതുടർന്ന് ഫണ്ട് വിനിയോഗം സംബന്ധിച്ച് ഓഡിറ്റ് വേണമെന്ന ആവശ്യമുയർന്നു. പിന്നാലെ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് പഞ്ചായത്ത് സെക്രട്ടറി പരിശോധന നടത്തി.
തുടർന്നാണ് അരക്കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. റാണി ലക്ഷ്മി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേക്കാണ് ഫണ്ട് മാറ്റിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
Kerala
പത്തനംതിട്ട: കോന്നിയിൽ വയറിംഗ് ജോലിക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. കോന്നി ചിറ്റൂർമുക്ക് സ്വദേശി പ്രശാന്ത് കുമാർ (43)ആണ് മരിച്ചത്. കോന്നി ചെങ്ങറയിൽ നിർമാണത്തിലിരുന്ന വീടിന്റെ വയറിംഗ് ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം.
വയറിംഗ് ജോലികൾക്കായി ഉപയോഗിച്ച ഇലക്ട്രിക് ഉപകരണത്തിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. പ്രശാന്തിനൊപ്പം ജോലി ചെയ്തിരുന്നയാൾ പുറത്തുപോയി തിരികെ വന്നപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ഉടൻതന്നെ പ്രശാന്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
പത്തനംതിട്ട: കോന്നി ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് മ്ലാവിനെ വെടിവെച്ചു കൊന്ന് ഇറച്ചി വിറ്റ നായാട്ട് സംഘം പിടിയിൽ. കോട്ടയം ചേറാടി സ്വദേശികളായ സുനിൽ കുമാർ സി.ജി, അനിൽ കുമാർ സി.ജി, ഇടുക്കി പാലത്തോട്ടത്തിൽ സ്വദേശി അഭിലാൽ മധു, കോന്നി അരുവാപ്പുലം സ്വദേശി പ്രശാന്ത് എന്നിവരാണ് പിടിയിലായത്.
പ്രതികൾ സഞ്ചരിച്ച ജീപ്പ്, ഇരട്ടക്കുഴൽ തോക്ക്, മറ്റ് മാരകായുധങ്ങൾ എന്നിവയും വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച അതുമ്പുംകുളം ആവോലിൽകുഴി ഭാഗത്ത് വച്ചാണ് സംഘം മ്ലാവിനെ വെടിവെച്ച് കൊന്നത്. തുടർന്ന് ഇതിന്റെ ഇറച്ചി വിവിധ സ്ഥലങ്ങളിലായി വിൽപന നടത്തിയിരുന്നു.
മ്ലാവിന്റെ തലയും ആന്തരിക അവയവങ്ങളും വനപാലകർ ആവോലിൽകുഴി ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പ്രതികൾ വീണ്ടും വേട്ടയ്ക്കിറങ്ങിയത്.
തിങ്കളാഴ്ച പയ്യനാമൺ അടുക്കാട് ഭാഗത്ത് വേട്ടയ്ക്കിറങ്ങിയ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
NRI
റിയാദ്: വിശപ്പുരഹിത കേരളത്തിനായി കൈകോർത്തു കേളി കലാസാംസ്കാരിക വേദി. കേളിയുടെ പന്ത്രണ്ടാം കേന്ദ്രസമ്മേളന പ്രഖ്യാപനങ്ങളിൽ ഒന്നായ വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട കോന്നിയിലെ ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്നേഹാലയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന് ഒരു മാസത്തെ ഭക്ഷണച്ചെലവിനുള്ള ധനസഹായം കൈമാറി.
കേളി അസീസിയ ഏരിയയിലെ വിജയൻ പുളിവേലിയാണ് സ്നേഹാലയത്തിന്റെ പ്രവർത്തനങ്ങൾ കേളിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ന്ധവിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതിയുടെ ഭാഗമായി സ്നേഹാലയത്തിന് സഹായം നൽകാൻ കേളി തീരുമാനിച്ചത്. സ്നേഹാലയത്തിലെ അന്തേവാസികൾക്കും അവരെ പരിചരിക്കുന്ന വോളണ്ടിയർമാർക്കും ഒരു മാസത്തേക്ക് ദിവസവും മൂന്നുനേരം ഭക്ഷണം നൽകുന്നതിനാവശ്യമായ തുകയാണ് കേളി കൈമാറിയത്. സ്നേഹവും കരുതലും ഭക്ഷണവുമൊരുക്കി സമൂഹത്തിലെ ഏറ്റവും അശരണരായ മനുഷ്യർക്കൊപ്പം നിൽക്കുന്ന സ്നേഹാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണ കൂടിയാണ് കേളിയുടെ ഈ ഇടപെടൽ.
സ്നേഹാലയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ശ്യാംലാൽ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുനിൽകുമാർ ധാരണപത്രം സ്നേഹാലയം പ്രസിഡന്റ് ശ്യാംലാലിന് കൈമാറി. കേളി രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി, കേന്ദ്ര കമ്മിറ്റി അംഗം തോമസ് ജോയ്, കേളി കുടുംബവേദി അംഗം ലക്ഷ്മി, റോധ ഏരിയ കമ്മിറ്റി അംഗം ആഷിക് ബഷീർ, മുൻ കേന്ദ്ര കമ്മിറ്റി അംഗം രാജൻ പള്ളിത്തടം, സ്നേഹാലയം രക്ഷാധികാരിയും കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറിയുമായ രഘുനാഥ് ഇടത്തിട്ട, സ്നേഹാലയം ട്രഷറർ ശ്രീകുമാർ, രക്ഷാധികാരി അംഗങ്ങളായ രഞ്ജൻ, സുധാ രഞ്ജൻ, വർഗീസ് ബേബി, സദാശിവൻ പിള്ള, സോമനാഥൻ, വിജയകൃഷ്ണൻ എന്നിവരും സ്നേഹാലയം വളണ്ടിയർമാരും ചടങ്ങിൽ സന്നിഹിതരായി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾ, സ്ട്രോക്ക് ബാധിച്ച് കിടപ്പിലായവർ, പരിചരണവും താമസവും ആവശ്യമായ വൃദ്ധർ, ജീവിതത്തിന്റെ അവസാനഘട്ടത്തിൽ മാന്യമായ പരിചരണം ആഗ്രഹിക്കുന്നവർ എന്നിവർക്കാണ് സ്നേഹാലയം പ്രധാനമായും ആശ്രയമാകുന്നത്. ഇത്തരം രോഗികൾക്ക് മാന്യമായ പരിചരണവും വേദനയില്ലാത്ത ജീവിതവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്നേഹാലയം പ്രവർത്തിക്കുന്നത്. ന്ധദാരിദ്ര്യം കാരണം ചികിത്സ മുടങ്ങരുത്’ എന്ന ആശയമാണ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് അടിത്തറ.
കിടപ്പുരോഗികൾക്ക് 24 മണിക്കൂർ നഴ്സിംഗ് പരിചരണം, താമസം, ഭക്ഷണം, വസ്ത്രം, ശുചീകരണം, വേദനസംഹാര മരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള ഇൻപേഷ്യന്റ് സേവനങ്ങൾ സ്നേഹാലയം നൽകുന്നു.
കാൻസർ ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ വേദന നിയന്ത്രിക്കുന്നതിനുള്ള ചികിത്സയും ലഭ്യമാക്കുന്നുണ്ട്. വീടുകളിൽ കഴിയുന്ന രോഗികളെ വോള ണ്ടിയർമാർ സന്ദർശിച്ച് മുറിവ് ഡ്രസ്സിംഗ്, കുളിപ്പിക്കൽ, മരുന്ന് നൽകൽ തുടങ്ങിയ പരിചരണങ്ങൾക്കൊപ്പം രോഗികൾക്കും കുടുംബങ്ങൾക്കും മാനസിക പിന്തുണയും നൽകുന്നു. ആശുപത്രികളിലേക്കും കീമോതെറാപ്പി പോലുള്ള ചികിത്സകൾക്കുമായി രോഗികളെ എത്തിക്കുന്നതിന് ആംബുലൻസ് സേവനവും സ്നേഹാലയം ഒരുക്കുന്നുണ്ട്. പൂർണമായും സംഭാവനകളെയും ജനസഹകരണത്തെയും ആശ്രയിച്ചാണ് സ്നേഹാലയത്തിന്റെ പ്രവർത്തനം മുന്നോട്ടുപോകുന്നത്.
പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും നാട്ടിലെ അശരണരുടെ വിശപ്പും വേദനയും തിരിച്ചറിഞ്ഞ് അവർക്കൊപ്പം നിൽക്കുകയാണ് ന്ധവിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതിയിലൂടെ കേളി. ഭക്ഷണത്തിനുള്ള സഹായം എന്നതിലുപരി, ഒറ്റപ്പെട്ടുപോകുന്ന മനുഷ്യർക്ക് കരുതലിന്റെ കൈത്താങ്ങാകുന്ന സാമൂഹിക ഉത്തരവാദിത്വത്തിന്റെ മാതൃക കൂടിയായി ഈ പദ്ധതിയെ മാറ്റുകയാണ് കേളി.
Kerala
പത്തനംതിട്ട: റാന്നിയിൽ ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ സഹോദരങ്ങൾ പിടിയിൽ. റാന്നി പെരുനാട് അത്തിക്കയത്താണ് സംഭവം. നാറാണംമൂഴി സ്വദേശി ലിബുവിന് ആണ് ആക്രമണത്തിൽ പരിക്കേറ്റത്.
സംഭവത്തെ തുടർന്ന് കക്കുടുമൺ അത്തിക്കയം കണ്ണമ്പള്ളി സ്വദേശികളായ നിതിൻ ബിനു (24) സഹോദരൻ നിഖിൽ ബിനു (22) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി 11.15 ഓടെയായിരുന്നു സംഭവം.
അത്തിക്കയം റോഡിൽ ഓണാഘോഷ പരിപാടികൾക്കിടെ മദ്യപിച്ചെത്തിയ പ്രതികൾ നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടു. പിന്നാലെ സമീപത്തുനിന്ന യുവാവിനെ മദ്യകുപ്പി പൊട്ടിച്ച് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ലിബുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. റാന്നി ചെത്തോങ്കരയിൽ പ്രവർത്തിക്കുന്ന 'കിംഗ്സ് ബിരിയാണി കുഫേ' എന്ന സ്ഥാപനത്തിന്റെ ഉടമകളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാനാണ് വിധി.
റാന്നി വെച്ചൂച്ചിറ സ്വദേശിനിയാണ് റീന തോമസാണ് പരാതിക്കാരി. ആശുപത്രി ചെലവ് ഉൾപ്പെടെയാണ് നഷ്ടപരിഹാരം വിധിച്ചത്.
2025 ഒക്ടോബർ 21 നാണ് റീന തോമസും സഹോദരിയും ഹോട്ടലിലെത്തി അൽഫാം കഴിക്കുകയും രുചി വ്യത്യാസം തോന്നി പരാതിപ്പെടുകയും ചെയ്തത്. എന്നാൽ, ഇത് കാര്യമാക്കാതിരുന്ന ഹോട്ടൽ അധികൃതർ 740 രൂപ ബിൽ ഈടാക്കി. ബാക്കി ഭക്ഷണം പാഴ്സലായി വാങ്ങി മടങ്ങവേ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയും ചെയ്തു.
പരിശോധനയിൽ പഴകിയ ഭക്ഷണത്തിൽ നിന്നുള്ള 'സാൽമണെല്ല' ഇൻഫെക്ഷനാണ് രോഗകാരണമെന്ന് സ്ഥിരീകരിച്ചു. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചുച്ചിറ, അംഗമായ നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
Kerala
പത്തനംതിട്ട: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് സ്വകാര്യബസുകാർ തടഞ്ഞതായി പരാതി.തണ്ണീർത്തോട്ടിൽ ഇന്ന് സർവീസ് ആരംഭിച്ച പ്രിയദർശിനി ബസാണ് സ്വകാര്യബസ് ജീവനക്കാർ തടഞ്ഞത്. രണ്ട് കെഎസ്ആർടിസി ബസുകളാണ് തണ്ണീർത്തോട് റൂട്ടിൽ സർവീസ് ആരംഭിച്ചത്.
വർഷങ്ങളായി തണ്ണീർത്തോട് ഭാഗത്തേക്ക് കെഎസ്ആർടിസി സർവീസ് ഉണ്ടായിരുന്നില്ല. ഈ റൂട്ടിൽ 15 മിനിറ്റ് ഇടവേളകളിൽ സ്വകാര്യ ബസുകളാണ് സർവീസ് നടത്തിയിരുന്നത്. ഇന്ന് രാവിലെ ആന്റോ ആന്റണി എംപി രണ്ട് കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് പുതിയ സർവീസുകൾക്ക് തുടക്കമായത്.
സർവീസ് ആരംഭിച്ചതിന് പിന്നാലെ ഒരു സ്വകാര്യ ബസുടമ തന്റെ 16 ബസുകൾ ഒരുമിച്ച് ജംഗ്ഷനിൽ നിർത്തിയിട്ട് കെഎസ്ആർടിസി തടയുകയായിരുന്നു. സംഭവത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി. പോലീസ് സ്ഥലത്തെത്തിയാണ് കെഎസ്ആർടിസി ബസുകൾക്ക് സർവീസ് നടത്താനുള്ള സാഹചര്യമൊരുക്കിയത്.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ പിതൃ സഹോദരനെ ചവിട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. പത്തനംതിട്ട കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ കണ്ണൻ എന്ന അനിൽ (45) ആണ് മരിച്ചത്. സംഭവത്തിൽ അനിലിന്റെ സഹോദരന്റെ മകൻ സുധീഷ് (27) ആണ് പിടിയിലായത്.
കുടുംബ വഴക്കിനെ തുടർന്നുണ്ടായ കൈയാങ്കളിയാണ് കൊലപാതകത്തിന് കാരണമായത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെ ആയിരുന്നു സംഭവം. സുധീഷിന്റെ അച്ഛൻ നിർമിച്ച വീട്ടിൽ അനിൽ താമസിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഇരുവരും തമ്മിലുണ്ടായ അടിപിടിക്കിടെ അനിലിനെ സുധീഷ് ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ് വീണ അനിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിടിയിലായ സുധീഷ് നേരത്തെ പോക്സോ കേസിൽ ഉൾപ്പെടെ പ്രതിയായിരുന്നു.
District News
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ ശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള രൂപതാതല കാരുണ്യ വർഷാചരണത്തിന് സെപ്റ്റംബർ 20ന് തുടക്കമാകുമെന്ന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് അറിയിച്ചു. രൂപതാ പാസ്റ്ററൽ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാരുണ്യവാനായ ദൈവത്തിന്റെ അനുഭവത്തിലേക്ക് മടങ്ങുകയാണ് കാരുണ്യവർഷത്തിൽ ലക്ഷ്യമാക്കേണ്ടതെന്നും അതിനായി ഫ്രാൻസിസ് അസീസിയുടെ സന്ദേശങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്നും മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. ജീവിതശൈലിയിലാകമാനം ലാളിതത്യത്തിലേക്കും സാധാരണത്വത്തിലേക്കും മടങ്ങാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനംതിട്ട ജില്ലയിലെ പ്രളയക്കെടുതിയുടെ ദുരന്തമുഖത്ത് മാതൃകാപരമായ പ്രവർത്തനങ്ങളാണ് രൂപതയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് പാസ്റ്ററൽ കൗൺസിൽ വിലയിരുത്തി. അനുഗ്രഹ സോഷ്യൽ സർവീസ് സൊസൈറ്റിയും എംസിവൈഎമ്മും വിവിധ സംഘടനകളും ചേർന്ന് നടത്തിവരുന്ന സേവന പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. ദുരിതാശ്വാസ മേഖലകളിൽ ഇതേവരെ ഏതാണ്ട് 10 ലക്ഷത്തോളം രൂപയുടെ അടിയന്തര സാധനസാമഗ്രികളാണ് ആവശ്യക്കാരിലേക്ക് എത്തിച്ചുനൽകിയത്.
തുടർന്നുള്ള ദുരിതാശ്വാസ, സേവന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായങ്ങളും പിന്തുണയും നിർലോഭം നൽകാൻ പാസ്റ്ററൽ കൗൺസിൽ തീരുമാനിച്ചു. സംസ്ഥാന സർക്കാർ നടത്തുന്ന ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പാസ്റ്ററൽ കൗൺസിൽ പൂർണ പിന്തുണ പ്രഖ്യാപിച്ചു. രൂപതയിൽ ലഹരിവിരുദ്ധ ബോധവത്കരണം കൂടുതൽ സജീവമാക്കാൻ തീരുമാനിക്കുകയും ചെയ്തു. സഭാവകയായി തരിശായി കിടന്ന സ്ഥലങ്ങൾ കൃഷിയോഗ്യമാക്കി കാർഷിക മേഖലയ്ക്ക് ഉണർവേകുന്ന പുതിയ ഉദ്യമത്തിന് തുടക്കം കുറിച്ചതായും യോഗത്തിൽ അറിയിച്ചു.
വയോജന ക്ഷേമ പ്രവർത്തനങ്ങളിൽ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാനും ഓമല്ലൂർ ആറ്റരികം കേന്ദ്രമാക്കി വയോധികർക്കായി പകൽ വീട് തുറക്കാനും ഇതിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനും തീരുമാനിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി വി.ടി. രാജൻ, വികാരി ജനറാൾ മോൺ. വർഗീസ് മാത്യു കാലായിൽവടക്കേതിൽ, ഫാ. സനു സാം, ഫാ. ജോർജ് വർഗീസ് പുതുപ്പറമ്പിൽ, ഫാ. വർഗീസ് വിളയിൽ, ഫാ. സെബാസ്റ്റ്യൻ കിഴക്കേതിൽ, ഫാ. ജോൺസൺ പാറയ്ക്കൽ, ഫാ. വർഗീസ് ചാമക്കാലായിൽ, ഫാ. റോബിൻ നയ്ക്കലേത്ത്, അല്മായ പ്രതിനിധികളായ തോമസ് ഏബ്രഹാം, ബോബി ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
പത്തനംതിട്ട: മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി. ജില്ലയിൽ ഇന്ന് റെഡ് അലർട്ടും വെള്ളിയാഴ്ച ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.
അങ്കണവാടി മുതൽ പ്രഫഷണൽ കോളജുകൾക്കു വരെ അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും യെലോ അലർട്ട് ആണ്.
Kerala
പത്തനംതിട്ട: ഭാര്യയെയും മക്കളെയും നടുറോഡിൽ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. കറുകച്ചാൽ ചൂലിപ്പുറം സ്വദേശി മനോജ് (43) ആണ് പിടിയിലായത്. കീഴ്വായ്പുർ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് രണ്ടിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
വിവാഹമോചന കേസ് കൊടുത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഇയാൾ പതിവായി മദ്യപിച്ചെത്തി ഭാര്യയെയും മൂന്നു മക്കളെയും ഉപദ്രവിച്ചിരുന്നു. ഇതേതുടർന്ന് ഭാര്യയും മൂന്ന് മക്കളും രണ്ടു വർഷത്തിൽ അധികമായി സ്വന്തം വീട്ടിൽ ആയിരുന്നു താമസം.
അതിക്രമം സഹിക്കാനാകാതെ വിവാഹമോചന കേസ് കൊടുത്തതിലുള്ള വിരോധത്തിലാണ് ബൈക്കിലെത്തിയ പ്രതി ഭാര്യയെയും മക്കളെയും നടുറോഡിൽ ആക്രമിച്ചത്. മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മല്ലപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് കാഞ്ഞിരപ്പള്ളി ഗവൺമെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Kerala
പത്തനംതിട്ട: പ്രളയക്കെടുതികൾ നേരിടുന്ന പത്തനംതിട്ട ജില്ലയിൽ 158 ദുരിതാശ്വാസ ക്യാമ്പുകളിലായി 3313 കുടുംബങ്ങളിലെ 10,683 ആളുകൾ കഴിയുന്നുണ്ട്.
കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിലായി നിരവധി വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. തിരുവല്ല താലൂക്കിൽ 101 ദുരിതാശ്വാസ ക്യാന്പുകളും കോഴഞ്ചേരിയിൽ 24 ക്യാന്പുകളും പ്രവർത്തിക്കുന്നു.
മഴയ്ക്കു ശമനമായതോടെ വെള്ളം ഇറങ്ങിത്തുടങ്ങി. താഴ്ന്ന പ്രദേശങ്ങളിലും പാതയോരങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്.
Kerala
പത്തനംതിട്ട: നദികളിലെ മണ്ണ് നീക്കം ചെയ്യാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്യാമ്പുകളിലെത്തി മുഖ്യമന്ത്രി ദുരിത ബാധിതരെ സന്ദർശിച്ചു.
നദിയുടെ മണ്ണ് നീക്കം ചെയ്യണം. ഇതിനായി അടിയന്തര നടപടി ഉണ്ടാകും. പത്തനംതിട്ട ജില്ലയ്ക്ക് ആണ് മുൻഗണന. സ്ഥിരം ദുരന്തനിവാരണ സംവിധാനം ഉണ്ടാകും. ആദ്യ പ്രൊജക്ട് പത്തനംതിട്ടയായിരിക്കും.
മറ്റ് ഏജൻസികൾ ചേർത്തുള്ള മുന്നറിയിപ്പ് സംവിധാനം ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിതീവ്ര മഴ ആയിരുന്നു. ആളുകളെ മാറ്റാൻ പോലും സമയം കിട്ടിയില്ല. വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായി. ഇന്ത്യയിലെ ഏറ്റവും മികച്ച ദുരന്തനിവാരണ സംവിധാനം പത്തനംതിട്ട ജില്ലയിൽ ഉണ്ടാകും. കൂടുതൽ ഹെലികോപ്റ്റർ നൽകും. അടുത്ത പ്രളയം വരെ കാത്തിരിക്കുന്നില്ല. ഉടൻ നീക്കം ചെയ്യും.
അറിഞ്ഞത് മുതൽ എല്ലാ മന്ത്രിമാരും ജില്ലകളിലേക്കു അയച്ചു. പണം അനുവദിച്ചുവെന്നും സിപിഎം പറയുന്നതനുസരിച്ച് പോകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
പത്തനംതിട്ട: കക്കാട് പദ്ധതിയുടെ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് പൂര്ണതോതിലെത്തിയതോടെ ഒരു ഷട്ടര്‍ തുറക്കും. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റര്‍ എത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. രാവിലെ ഏഴിന് ജലനിരപ്പ് 190.45 മീറ്ററിലെത്തി. ഇതേത്തുടര്‍ന്ന് ഡാമിന്റെ ഒരു ഷട്ടര്‍ 15 സെന്റിമീറ്റര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതുമൂലം നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദിയിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ അറിയിച്ചു.
ശനിയാഴ്ച മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നിരുന്നു. ശബരിഗിരി പദ്ധതിയുടെ പ്രധാന സംഭരണികളായ പമ്പയിലും കക്കിയിലും ജലനിരപ്പ് ഇപ്പോഴും 40 ശതമാനത്തിനു താഴെയാണ്. ശബരിഗിരിയിലെ ഉത്പാദനത്തിനുശേഷം വരുന്ന വെള്ളവും വൃഷ്ടി പ്രദേശത്തു നേരിട്ടു ലഭിക്കുന്ന വെള്ളവുമാണ് മൂഴിയാറിലെ സംഭരണിയിലേക്കുള്ളത്. ഞായറാഴ്ച രാത്രി മഴ ശക്തമായതോടെയാണ് മൂഴിയാറിലെ ജലനിരപ്പ് ഉയര്‍ന്നത്. രാത്രിയില്‍ തന്നെ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.
Kerala
പത്തനംതിട്ട: റാന്നിയും ആറൻമുളയും വീണ്ടും പ്രളയ ഭീഷണിയിലായതോടെ, പത്തനംതിട്ട ജില്ലയിൽ അതീവ ഗുരുതര സാഹചര്യം.
പമ്പയുടെ കരകളിൽ ഭീതിദമായ സാഹചര്യം തുടരുകയാണ്. മൂഴിയാർ ഡാം ഏതു സമയത്തും തുറക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്. മേഖലയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി.
കൊല്ലത്തുനിന്ന് കൂടുതൽ മത്സ്യ ബോട്ടുകൾ പത്തനംതിട്ടയിലേക്ക് തിരിച്ചു. അതേസമയം, ശബരിമലയിലേക്ക് ഇന്ന് ഭക്തരെ കടത്തി വിടില്ല.
Kerala
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും കനത്ത ജാഗ്രത പുലർത്തണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ്. പ്രളയ സാധ്യത സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റും. ഇന്ന് രാത്രി കൂടി സഹകരിക്കണമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.
പമ്പയിൽ അതിതീവ്ര വെള്ളപ്പൊക്കം എന്ന മുന്നറിയിപ്പാണ് കിട്ടിയിരിക്കുന്നത്. ഒരു വാർഡിലേക്ക് 25,000 രൂപ അനുവദിച്ചിട്ടുണ്ട്, ക്ലീനിംഗ് അടക്കമാണിത്. വെള്ളപ്പൊക്കത്തിലെ ഇരകൾക്കുള്ള നഷ്ടപരിഹാരം അടുത്ത മന്ത്രിസഭ യോഗം പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഓറഞ്ച് ബുക്ക് പ്രകാരം റൂൾ കര്‍വ് ഇല്ലാത്ത ഡാമുകളുടെ പട്ടികയിൽ ആണ് മൂഴിയാർ ഡാം എന്നും അതിന് വേണ്ട എല്ലാ മാനദണ്ഡവും പാലിച്ചുവെന്നും പി.സി. വിഷ്ണുനാഥ് അറിയിച്ചു. പെട്ടെന്ന് തുറക്കേണ്ട ഡാം ആണ് മൂഴിയാർ. റൂൾ കര്‍വ് ബാധകമല്ലെന്നും പി.സി. വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
Kerala
പത്തനംതിട്ട: റാന്നിയിലെ മഴക്കെടുതിയെ നേരിടുന്നതില്‍ സർക്കാർ തലത്തിൽ ഏകോപനമില്ലായ്മയുണ്ടായെന്ന വിമര്‍ശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ രാജു എബ്രഹാം. സര്‍ക്കാര്‍ സ്പോണ്‍സേഡ് വെള്ളപ്പൊക്കമാണ് റാന്നിയില്‍ ഉണ്ടായതെന്നും രാജു എബ്രഹാം കുറ്റപ്പെടുത്തി.
വ്യാപാരികള്‍ക്ക് സംഭവിച്ച നഷ്ടത്തിന് സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്ന് രാജു എബ്രഹാം ചൂണ്ടിക്കാട്ടി. ഏതെങ്കിലും മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കില്‍ വ്യാപാരികൾക്ക് സാധനങ്ങള്‍ മാറ്റാന്‍ കഴിയുമായിരുന്നു. ഇതൊന്നും നല്‍കാതെ അണക്കെട്ട് തുറന്നതാണ് ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്.
2018 ലെ പ്രളയത്തിന് ശേഷം എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രളയം ബാധിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു. വെള്ളം കേറിയ വീടുകള്‍ക്കെല്ലാം 10,000 രൂപ നഷ്ടപരിഹാരം നല്കി. നാശനഷ്ടം ഉണ്ടായ വീടുകള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ അറ്റകുറ്റപണികള്‍ക്കായി നല്കി. കടകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റിയിൽ 10 ലക്ഷം രൂപ വായ്പ അനുവദിച്ചു. ഇതില്‍ രണ്ട് ലക്ഷം രൂപയോളം സബ്സിഡിയും നല്കി.
എന്നാല്‍ ഇത്തരം പ്രഖ്യാപനങ്ങളൊന്നും നിലവില്‍ യുഡിഎഫ് സര്‍ക്കാരില്‍ നിന്നുണ്ടാകുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ക്യാമ്പുകളില്‍ പോകാത്ത വീട്ടുകാര്‍ക്ക് ഭക്ഷണം ഒരുക്കാനുള്ള സംവിധാനം പോലും നിലവില്‍ ഒരുക്കിയിട്ടില്ലെന്നും രാജു എബ്രഹാം പറഞ്ഞു.
ശനിയാഴ്ച നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. പുലര്‍ച്ചെ നാല് മുതല്‍ ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകര്‍ എല്ലാ ഭാഗത്തും രക്ഷാ പ്രവര്‍ത്തനം നടത്തിയാണ് ബാധിക്കപ്പെട്ടവരെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.
ഭക്ഷണ സാധനങ്ങള്‍ ഇല്ലാത്ത മേഖലകളില്‍ ഡിവൈഎഫ്ഐ പരിമിതികളില്‍ നിന്ന് ഭക്ഷണ വിതരണം നടത്തുന്നുണ്ട്. ശനിയാഴ്ച ടൗണില്‍ മാത്രം ആയിരത്തോളം പേര്‍ക്കാണ് ഡിവൈഎഫ്ഐ ഭക്ഷണം വിതരണം ചെയ്തത്. അല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനം ഉണ്ടായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
പേരിന് വേണ്ടി ജില്ലയുടെ ചുമതലയുള്ള മന്ത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി ഒരു യോഗം നടത്തി പോയതല്ലാതെ യാതൊരു പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി ഡിവൈഎഫ്ഐ ഏറ്റെടുത്തിരിക്കുകയാണെന്നും രാജു എബ്രഹാം പറഞ്ഞു.
Kerala
പത്തനംതിട്ട: വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ ഡാമുകൾ തുറക്കുന്നു. മണിയാർ, മൂഴിയാർ, കക്കി, ഗവി, കൊച്ചു പന്പ എന്നീ ഡാമുകളാണ് തുറക്കുന്നത്.
ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രതികൂല കാലാവസ്ഥ, ശക്തമായ മഴ, മണ്ണിടിച്ചിൽ സാധ്യത, വനമേഖലകളിലെ അപകടസാധ്യത എന്നിവ കണക്കിലെടുത്ത് ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ ജില്ലാ കളക്ടർ താൽക്കാലികമായി നിരോധിച്ചു.
എന്നാൽ, ശബരിമല തീർഥാടനത്തിന് ഈ നിയന്ത്രണത്തിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. ശബരിമലയിലേക്ക് ദർശനത്തിനായി എത്തുന്ന തീർഥാടകർക്ക് യാത്ര തുടരാമെങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.
Kerala
പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയിൽ പത്തനംതിട്ട ജില്ലയിലും വ്യാപക നാശനഷ്ടം. ജില്ലയിൽ നദികൾ കരകവിഞ്ഞൊഴുകി താഴ്ന്ന ജനവാസ മേഖലകളിലേക്ക് വെള്ളം കയറിത്തുടങ്ങി.
കോന്നി ന്നി അരുവാപുലം നെല്ലിക്കാപാറയിലും, സീതത്തോട്ടിലെ തേക്കുതോട് തൂമ്പാക്കുളത്തും ഉരുൾപൊട്ടിയതായാണ് വിവരം. റാന്നി മേഖലയിലെ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറി. മണിയാർ, സീതത്തോട് എന്നിവിടങ്ങളിലെ വീടുകളിലേക്ക് വെള്ളം ഇരച്ചുകയറിയിട്ടുണ്ട്.
പമ്പ, കക്കാട് ആറുകളിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് കൊക്കാത്തോട്, വയക്കര തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.
സ്ഥിതിഗതികൾ അതിഗുരുതരമായ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.
ജില്ലാ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗവുമായി കൈകോർത്ത് അടിയന്തര സഹായങ്ങൾ ജനങ്ങളിലേക്ക് ഉടനടി എത്തിക്കാനുള്ള പൂർണ്ണ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്നതിനും ഏത് അടിയന്തര സാഹചര്യത്തിലും പോലീസ് സഹായം അഭ്യർഥിക്കുന്നതിനുമായി പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. മൊബൈൽ നമ്പറുകൾ: 9497960963, 9497908045 ലാൻഡ്ലൈൻ നമ്പർ: 0468 2222600
മലയോര മേഖലകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും നദിക്കരയിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി. തേക്കുതോട് കൊച്ചുപാലം മുങ്ങി. പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി. ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, വഴിക്കടവ് ഭാഗങ്ങളിലും ഉരുൾപൊട്ടലുണ്ടായതായി റിപ്പോർട്ട്.
കൊക്കയാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇടുക്കി കുടയത്തൂർ അടൂർ മലയിലും മണ്ണിടിച്ചിലിലുണ്ടായിട്ടുണ്ട്. അടൂർമല സ്വദേശി രവിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. രവിയുടെ ഭാര്യ സുമതി വീടിനുള്ളിൽ അകപ്പെട്ടിരിക്കുകയാണ്. ഏലപ്പാറ ചെമ്മണ്ണ് ഭാഗത്തും വീടിന് മുകളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. ഇവിടെയും ഒരാൾ കുടുങ്ങിയെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കോട്ടയം - കുമളി റോഡിൽ മുറിഞ്ഞപുഴ ഭാഗത്ത് മണ്ണിടിഞ്ഞു. റാന്നി ബസ് സ്റ്റാൻഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ബസുകൾ ഇവിടെനിന്ന് നീക്കി.
Kerala
കൊച്ചി: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പത്തനംതിട്ടയില്‍ സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കണമെന്നു ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായര്‍ അംഗമായ ജയില്‍ പരിഷ്കരണ കമ്മീഷന്റെ ശിപാര്‍ശ.
2025 ജൂലൈ 24ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഗോവിന്ദച്ചാമി തടവുചാടിയ സംഭവത്തെത്തുടര്‍ന്നാണ് സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്.
ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍നായരും മുന്‍ ഡിജിപി ജേക്കബ് പുന്നൂസുമാണ് കമ്മീഷന് അംഗങ്ങള്‍. സംസ്ഥാനത്തെ വിവിധ ജയിലുകള്‍ നേരിട്ടു സന്ദര്‍ശിച്ചശേഷമാണു റിപ്പോര്‍ട്ട് തയാറാക്കിയത്.
നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കണ്ണൂര്‍, തിരുവനന്തപുരം, തൃശൂര്‍ സെന്‍ട്രല്‍ ജയിലുകള്‍ നവീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. ജയില്‍ ജീവനക്കാരുടെ എണ്ണം ഉടന്‍ വര്‍ധിപ്പിക്കണമെന്നും വിരമിച്ച ജീവനക്കാരെ താത്കാലികമായി നിയമിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
Kerala
പത്തനംതിട്ട: അടൂർ മണക്കാലയിൽ എസ്എഫ്ഐ പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി ആരോപണം. ആക്രമണത്തിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉൾപ്പെടെ അഞ്ച് പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
കടമ്പനാട്ടെ രണ്ട് സ്കൂളുകളിലെ വിദ്യാർത്ഥികൾ തമ്മിൽ മുൻപ് ഏറ്റുമുട്ടലുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി മണക്കാലയിൽ ഒത്തുതീർപ്പ് ചർച്ച നടക്കുന്നതിനിടയിലാണ് കാറിലെത്തിയ സംഘം എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അക്രമം നടത്തിയവരെ അടൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഈ അക്രമസംഭവവുമായി ഡിവൈഎഫ്ഐക്ക് യാതൊരുവിധ ബന്ധവുമില്ലെന്നാണ് സംഘടനയുടെ ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതി പിടിയിൽ.
വിദേശത്തു ജോലി ചെയ്തുവന്നിരുന്ന യുവതിയുടെ പ്രസവവിവരമോ ഗർഭാവസ്ഥയോ വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. വീട്ടുകാർ അറിയുമെന്ന ഭയമാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ കാരണമെന്ന് യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഈ മാസം എട്ടിനാണ് യുവതി വയനാട് സ്വദേശി എന്ന വ്യാജ വിലാസത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. തുടർന്ന് 12-ാം തിയതി ആശുപത്രിയിൽ നിന്നും പോയ ഇവർ, പിന്നീട് കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞ് വീണ്ടും ആശുപത്രിയിലെത്തി.
കുഞ്ഞിനെ അൽപനേരത്തേക്ക് നോക്കാൻ എന്നു പറഞ്ഞ് ഒരു സ്ത്രീയുടെ പക്കൽ ഏൽപിച്ച ശേഷം കടന്നുകളയുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും കാണാതായതോടെ ഈ സ്ത്രീ പോലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിക്ക് സമീപമുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. സ്റ്റേഷനിൽ പരാതി നൽകിയ സ്ത്രീയെ വിശദമായി ചോദ്യം ചെയ്തപ്പോൾ അവരുടെ മകളുടെ സുഹൃത്താണ് കുഞ്ഞിന്റെ അമ്മ എന്നു വ്യക്തമായി. പ്രസവസമയത്തും യുവതിക്ക് കൂട്ടിരിപ്പുകാരിയായി ഈ സ്ത്രീയാണ് നിന്നതെന്നും കണ്ടെത്തി.
തുടർന്ന് പത്തനംതിട്ടയിൽ എത്തിയ പോലീസ് സംഘം യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നു വർഷമായി ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുകയാണ് യുവതിയെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ വനിതാ പോലീസിന്റെ പ്രത്യേക സുരക്ഷയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില പൂർണമായും തൃപ്തികരമാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതോടെ ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരം കുഞ്ഞിനെ കോഴിക്കോട് സെന്റ് വിൻസെന്റ് ഹോമിലേക്ക് മാറ്റി.
സംഭവത്തിൽ ജുവനൈൽ ജസ്റ്റീസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമപരമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Kerala
പത്തനംതിട്ട: വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരി ഷോക്കേറ്റ് മരിച്ചു. റാന്നി വയലത്തല സ്വദേശി ബിനോയ് തോമസിന്റെയും സാന്ദ്രയുടെയും മകൾ അവന്തികയാണ് മരിച്ചത്.
സംഭവസമയത്ത് അമ്മ സാന്ദ്ര കുളിക്കുകയായിരുന്നു. ഇതിനിടെ വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അബോധാവസ്ഥയിൽ കിടക്കുന്നതാണ് അമ്മ കണ്ടത്. കുട്ടിയെ തൊടാൻ ശ്രമിച്ചപ്പോൾ സാന്ദ്രയ്ക്കും ഷോക്കേറ്റതായി പ്രദേശവാസികൾ പറഞ്ഞു.
ഉടൻതന്നെ കുട്ടിയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷോക്കേറ്റതാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
പത്തനംതിട്ട: അടൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. തട്ട സ്വദേശി സതീഷ്കുമാര്‍(42) ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു.
ഒരാൾ ബുധനാഴ്ച രാത്രി തന്നെ മരിച്ചിരുന്നു. കോന്നി സ്വദേശി മധു(42) ആണ് നേരത്തേ മരിച്ചത്. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
ബുധനാഴ്ച രാത്രിയായിരുന്നുഅപകടം. ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്ക് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. അടൂരിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്. ബൈക്കുകളിൽ ഒന്ന് അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നുമാണ് വിവരം.
Kerala
പത്തനംതിട്ട: പത്തനംതിട്ടയില്‍ കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ പാര്‍ട്ടി വിട്ടു. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജേക്കബ്, ജില്ലാ സെക്രട്ടറി സാം ജോയ്ക്കുട്ടി, സംസ്ഥാന സമിതി അംഗം സുനില്‍ വലഞ്ചുഴി തുടങ്ങിയവരും നൂറോളം പ്രവർത്തകരുമാണ് പാര്‍ട്ടി വിട്ടത്. ഇവര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും.
ഡിസിസി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കും. കേരള കോണ്‍ഗ്രസ്-എം സംസ്ഥാന നേതൃത്വം ജനാധിപത്യ മര്യാദകള്‍ തകര്‍ത്തതായി പാര്‍ട്ടി വിട്ട നേതാക്കള്‍ ആരോപിച്ചു.
ജില്ലാ പ്രസിഡന്റിന്റെ ഏകാധിപത്യ നിലപാടുകളും പാര്‍ട്ടി വിടാന്‍ കാരണമായി എന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കുണ്ടായ തിരിച്ചടികളിലും ജില്ലയിലെ നേതാക്കൾ അതൃപ്തരായിരുന്നു.
Kerala
പത്തനംതിട്ട: സൂപ്പർമാർക്കറ്റിൽ കയറിയ കാട്ടുപന്നി കടയുടമയായ വീട്ടമ്മയെ ആക്രമിച്ചു. ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് റാന്നിയിലുണ്ടായ സംഭവത്തിൽ മന്ദിരംപടി സ്വദേശിനി ബീനയ്ക്കാണ് പരിക്കേറ്റത്.
കൈക്ക് പരിക്കേറ്റ ബീന ആശുപത്രിയിൽ ചികിത്സതേടി. സൂപ്പർമാർക്കറ്റിന്റെ ചില്ല് തകർത്ത് അകത്തേക്ക് പാഞ്ഞുകയറിയ കാട്ടുപന്നി ബീനയെ ആക്രമിക്കുകയായിരുന്നു. ബീനയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പന്നി കടയിൽ നിന്നും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.
തുടർന്ന് ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടുപന്നിയെ പഞ്ചായത്തിന്റെ അനുമതിയോടെ വെടിവെച്ചു കൊല്ലുകയായിരുന്നു. വിവരമറിഞ്ഞ് ജനപ്രതിനിധികളും വനപാലകരും സ്ഥലത്തെത്തി.
Kerala
പത്തനംതിട്ട: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന് പരാതി. പത്തനംതിട്ടയിൽ നടന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത എട്ട് പേർക്കെതിരെ കേസെടുത്തെന്നും ഇതിൽ ഒരു പെൺകുട്ടിയും ഉൾപ്പെടുമെന്ന് പോലീസ് പറഞ്ഞു.
സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി തനിക്കുണ്ടായ ക്രൂരമായ അനുഭവം കൗൺസിലറോട് തുറന്നുപറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ മുഖേന വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ കൂടൽ പോലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിൽ തന്നെയുള്ള സഹപാഠികളാണ് കേസിലെ പ്രതികൾ. സ്കൂളിന് സമീപത്ത് വെച്ചും പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമായിരുന്നു പീഡനം.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം. പത്തനംതിട്ട ചിറ്റാറിൽ സന്ദീപ്(35) ആണ് മരിച്ചത്. രാത്രി ഒൻപതോടെ വീടിന് സമീപത്തെ കുഴിയിൽ സന്ദീപിനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ മധ്യവയസ്കന് നേരെ ആൾക്കൂട്ട ആക്രമണം. നഗ്നത പ്രദർശനം നടത്തിയെന്ന് ആരോപിച്ചാണ് മർദനം. റാന്നി സ്വദേശി വര്‍ഗീസ് മാത്യുവിനാണ് മർദനമേറ്റത്. റാന്നി കരിങ്കുറ്റിയിലാണ് സംഭവം.
മർദിച്ചവർക്കെതിരെയും മർദനമേറ്റ വര്‍ഗീസ് മാത്യുവിനെതിരെയും പോലീസ് കേസെടുത്തതായാണ് വിവരം. പോലീസെത്തി വര്‍ഗീസിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിലെ കൂടൽ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് മുകളിൽ ആൽമരം വീണു. ഇന്ന് പുലർച്ചെയാണ് സംഭവം
സ്കൂൾ പ്രവൃത്തി സമയമല്ലാത്തതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ഫയർ ഫോഴ്സ് എത്തി മരം മുറിച്ച് നീക്കുന്ന നടപടികൾ തുടരുകയാണ്.
അപകടകരമായ വിധത്തിൽ നിന്ന മരം മുറിച്ചുമാറ്റണമെന്ന് ജില്ലാ പഞ്ചായത്തിനോട് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി ഉയരുന്നുണ്ട്. മരം മുറിക്കാൻ ഫണ്ടില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം. കഴിഞ്ഞ വർഷം ചില മരങ്ങളുടെ ചില്ലകൾ മുറിച്ച് നീക്കിയത് അധ്യാപകരുടെ കൈയിൽനിന്ന് പണം മുടക്കിയാണെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
Kerala
പത്തനംതിട്ട: കനത്ത മഴയിലും കാറ്റിലും സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പറന്നുപോയി. പത്തനംതിട്ട തണ്ണിത്തോട് സെന്റ് ബെനഡിക്ട് എം.എസ്.സി. ഹൈസ്കൂളിലെ രണ്ടാംനില കെട്ടിടത്തിന്റെ മേൽക്കൂരയാണ് പൂർണ്ണമായും ഇളകിമാറി പറന്നുപോയത്.
ഇന്ന് ഉച്ചയ്ക്ക് 12 30-ഓടെയായിരുന്നു സംഭവം. ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന കെട്ടിടമാണിണ്. ഞായറാഴ്ച ആയതിനാൽ സ്കൂൾ അവധിയായിരുന്നു. കുട്ടികളൊന്നും ക്ലാസിൽ ഇല്ലാത്തതിനാൽ വലിയ
ദുരന്തമാണ് ഒഴിവായത്.
Kerala
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകൾ ജനനി എന്നിവരാണ് മരിച്ചത്. ശിവകാശിയിൽ നിന്ന് ആലുവയിലേക്ക് പോകുകയായിരുന്ന കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്.
ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽപെട്ടത്. ഇവർ തമിഴ്നാട്ടിലാണ് സ്ഥിരതാമസം. പരിക്കേറ്റ ജനനിയുടെ സഹോദരനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രണവ് പുനലൂർ ആശുപത്രിയിലും ചികിത്സയിലാണ്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്. കാറിൽ ആകെ നാലു പേരാണ് ഉണ്ടായിരുന്നത്. ലോറിയിലുണ്ടായിരുന്നവർക്കും പരിക്കുണ്ട്. അഗ്നിശമനസേന സ്ഥലത്തെത്തി ലോറി ഉയർത്തി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
പത്തനംതിട്ട: വൈദ്യുതി ലൈനിനു സമീപം നിൽക്കുന്നുവെന്ന പേരിൽ കവിയൂരിൽ തെങ്ങുകളടക്കം കെഎസ്ഇബി അധികൃതർ വ്യാപകമായി വെട്ടിനിരത്തി. കവിയൂർ സ്വദേശിയും പ്രവാസിയുമായ ഡോ.ജേക്കബ് ഉമ്മന്റെ വീടിന്റെ മതിലിനുള്ളിൽ നിൽക്കുന്ന തെങ്ങിൻതൈകളാണ് വെട്ടിനശിപ്പിച്ചത്. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട തെങ്ങിൻതൈകൾ മൂടോടെയാണ് വെട്ടിനീക്കിയത്.
മെഷീൻ ഉപയോഗിച്ചുള്ള ടച്ച് വെട്ടലാണ് നടന്നിരിക്കുന്നത്. പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ജനുവരി മുതൽ മെഷീനുപയോഗിച്ചുള്ള ടച്ച് വെട്ടൽ നടന്നുവരികയാണ്. ക്രെയിൻ ഉപയോഗിച്ചുള്ള ടച്ച് വെട്ടലിൽ വൻ മരങ്ങൾ വരെ വെട്ടിനീക്കിയിരുന്നു. ഇത്തരത്തിലുള്ള മരംമുറിക്കലിൽ വ്യാപക പ്രതിഷേധമാണ് ജില്ലയിൽ ഉയർന്നിരുന്നത്. മല്ലപ്പള്ളി താലൂക്കിലായിരുന്നു ആദ്യം ടച്ച് വെട്ടൽ നടന്നത്. തിരുവല്ല താലൂക്കിലേക്ക് ഇത് കഴിഞ്ഞ ദിവസമാണ് വ്യാപിപ്പിച്ചത്.
വൈദ്യുത ലൈനിലേക്ക് മറിഞ്ഞുവീഴുകയോ തട്ടുകയോ ശിഖരങ്ങൾ ഒടിഞ്ഞുവീഴുകയോ ചെയ്യാൻ സാധ്യതയുള്ള മരങ്ങൾ മുകളിൽ നിന്നു തന്നെ മുറിച്ചുനീക്കുകയാണ് കെഎസ്ഇബി ചെയ്യുന്നത്. ഏത് ഉയരത്തിലേക്കും തങ്ങളുടെ ജീവനക്കാരെ കയറ്റാൻ പാകത്തിലുള്ള ക്രെയിനും മെഷീനുമാണ് ടച്ച് വെട്ടലിനായി കെഎസ്ഇബി ഒരുക്കിയിരിക്കുന്നത്. വൈദ്യുതി ലൈനിൽനിന്നും 2.6 മീറ്ററിനുള്ളിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കുമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
കവിയൂരിൽ ഡോ.ജേക്കബ് ഉമ്മന്റെ പുരയിടത്തിൽ വെട്ടിനീക്കപ്പെട്ട തെങ്ങിൻ തൈകൾ നിശ്ചിത ദൂരപരിധിക്ക് പുറത്തുള്ളതാണെന്ന് പറയുന്നു. തന്നെയുമല്ല, വൈദ്യുതി ലൈനിന്റെ ഉയരത്തിലേക്ക് വളരാൻ സാധ്യതയില്ലാത്ത തൈകളായിരുന്നു ഇവ. തെങ്ങ് പൂക്കുന്ന ഘട്ടത്തിലാണ് ഇവ വെട്ടിനീക്കിയത്. യാതൊരു മുന്നറിയിപ്പുകളോ നോട്ടീസോ നൽകിയിരുന്നില്ല. പ്രവാസിയായ ജേക്കബ് ഉമ്മൻ സ്ഥലത്തുണ്ടായിരുന്നില്ല. കെയർ ടേക്കറോ സമീപത്തു താമസിക്കുന്ന ബന്ധുവോ ഈ വിവരം അറിഞ്ഞതുമില്ല.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ കടന്നല് കുത്തേറ്റ് യുവാവ് മരിച്ചു. കുന്നന്താനം സ്വദേശി സാന്‍ബി ജേക്കബ് (33) ആണ് മരിച്ചത്. വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോള്‍ കടന്നല്‍കൂട്ടം ആക്രമിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ 11ന് ആയിരുന്നു സാന്‍ബി ജേക്കബിന്റെ വിവാഹം. ബുധനാഴ്ച ഗള്‍ഫിലേക്ക് പോകാനിരിക്കെയാണ് അപകടമുണ്ടായത്.
Kerala
പത്തനംതിട്ട: സുനിൽ ടീച്ചറുടെ ഇച്ഛാശക്തിക്കു മുന്പിൽ പ്രതിസന്ധികൾ വഴിമാറി. സ്വന്തമായി വീടില്ലാത്ത നിരാലംബരായവർക്കു വീട് നിർമിച്ചു നൽകുന്ന ഡോ.എം.എസ്. സുനിൽ വടശേരിക്കര ഇടത്തറമുക്ക് തെക്കുംമലയിൽ ഒരു വീട് നിർമിക്കാനെത്തിയപ്പോൾ വീട്ടിലേക്കു സാധനങ്ങൾ എത്തിക്കാൻ വഴിയില്ല.
എന്തു ചെയ്യും? ഒടുവിൽ മിനി റെയിൽപാളം തന്നെ നിർമിച്ചു നിർമാണം ത്വരിതപ്പെടുത്തിയി ടീച്ചറും സംഘവും പ്രദേശവാസികൾക്കു വിസ്മയകാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്.
തെക്കുംമല സ്വദേശി വിധവയായ തങ്കമ്മ, ഇവരുടെ മകൾ വിധവയായ രമണി, ഇവരുടെ മകൻ എന്നിവരടങ്ങുന്ന കുടുംബത്തിനു വേണ്ടിയാണ് സുനിൽ ടീച്ചർ വീട് നിർമിക്കാനെത്തിയത്. ഇതിനോടകം 380ഓളം വീടുകൾ നിർമിച്ച് അർഹരായവർക്കു നൽകിയ ഡോ.എം.എസ്. സുനിലിന് മുന്പിൽ തങ്കമ്മയ്ക്ക് ഒരു വീട് എന്ന സ്വപ്നം പൂവണിയാൻ ബുദ്ധിമുട്ടാകുമെന്നു തോന്നി. പ്രധാന പാതയിൽനിന്ന് 100 മീറ്ററിലധികം ദൂരത്തിലാണ് നിർമിക്കാനുദ്ദേശിക്കുന്ന വീട്. ഇവിടേക്കാണെങ്കിൽ ഒരു നട വഴി മാത്രം.
വീട് നിർമാണത്തിനു സാധനങ്ങളെത്തിക്കാൻ വഴിക്ക് അല്പം വീതി സമീപവാസികളോടു ചോദിച്ചുവെങ്കിലും ആരും നൽകാൻ തയാറായില്ല. നടവഴിയിലൂടെ സാധനങ്ങൾ തലച്ചുമടായി എത്തിക്കാനും ബുദ്ധിമുട്ടായി. ആദ്യം കുറച്ചു സാധനങ്ങൾ എത്തിച്ചപ്പോഴേക്കും ചെലവേറിയെന്നു മാത്രമല്ല, തൊഴിലാളികൾക്ക് ഇതു വലിയ ബുദ്ധിമുട്ടേറിയ ജോലിയുമാണെന്നു മനസിലാക്കി. ഏതെങ്കിലും വ്യക്തികളുടെയോ സംഘടനകളുടെയോ ഒക്കെ സഹകരണത്തിൽ വീട് നിർമാണം ഏറ്റെടുത്തിരിക്കുന്ന ഡോ.എം.എസ്. സുനിലിന്റെ ബജറ്റ് താളം തെറ്റുന്നതായി. ഇതോടെയാണ് ബദൽ മാർഗം ആലോചിച്ചത്.
റെയിൽപാളത്തിന്റെ മാതൃക അപ്പോഴാണ് മനസിൽ ഉദിച്ചത്. നിർമാണം നടക്കുന്ന സ്ഥലം റോഡിൽ നിന്നു താഴെയായതിനാൽ പാളം നിർമിച്ചാൽ കാര്യങ്ങൾ വേഗത്തിലാകുമെന്നു ബോധ്യപ്പെട്ടു. ഇതോടെ റെയിൽപാളത്തിന്റെ മാതൃക നിർമിച്ചു സ്ഥാപിച്ചു. ഇതിൽ ഓടിക്കാൻ ഒരു ട്രോളിയും പ്രത്യേകം തയാറാക്കപ്പെട്ടു.
ഇതോടെ കാര്യങ്ങൾ ഉഷാർ. ഇപ്പോൾ റോഡിലെത്തിക്കുന്ന നിർമാണ സാമഗ്രികൾ മുഴുവൻ ട്രോളിയിൽ കയറ്റും. ഒരു തൊഴിലാളി ഇതു നിയന്ത്രിക്കും. സുഗമമായി പണി സൈറ്റിലെത്തിക്കുകയും ചെയ്യും. സിമന്റും കന്പിയും കട്ടയുമെല്ലാം ഇത്തരത്തിൽ വേഗത്തിലെത്തിക്കാനായി.
തെക്കുംമലയിലെ നിർമാണം കഴിഞ്ഞാലും പാളം മറ്റൊരു സ്ഥലത്തേക്കു മാറ്റാനാകുമെന്നു ഡോ. സുനിലും പ്രോജക്ട് കോ ഓർഡിനേറ്റർ കെ.പി. ജയലാലും പറഞ്ഞു. നട്ടും ബോൾട്ടും ഉപയോഗിച്ചാണ് ഇതു നിർമിച്ചിരിക്കുന്നത്. അഴിച്ചെടുത്തു മാറ്റാമെന്നതിനാൽ അടുത്ത പ്രോജക്ട് സ്ഥലത്തും ഇതുപയോഗപ്പെടുത്താം.
District News
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ മന്ത്രിസഭകൾ അധികാരമേറ്റിട്ടും വോട്ട് ചെയ്യാൻ പോയ ഭായ് മാർ തിരികെ എത്താത്തതിന്റെ വ്യഥ പത്തനംതിട്ടയിലാണ്.
നാട്ടിലെ ഹോട്ടലുകളിലും തട്ടുകടകളിലും ഫ്രൂട്ട് സ്റ്റാളുകളിലും മത്സ്യം, മാംസം വ്യാപരാ ശാലകളിലുമൊക്കെ ഭായ് മാരുടെ തസ്തികകളിൽ ആളില്ല. കരാറെടുത്ത ജോലികൾ തൊഴിലാളികളില്ലാതെ പൂർത്തിയാക്കാനാകാത്ത അവസ്ഥയിൽ കരാറുകാർ. രൂക്ഷമായ തൊഴിലാളി ക്ഷാമം പത്തനംതിട്ട ജില്ല രണ്ടു മാസമായി അനുഭവിച്ചു വരുന്നത്.
പശ്ചിമബംഗാളിലും ആസാമിലും നിയമസഭാ തെരഞ്ഞെടുപ്പ് ആയതിനാൽ ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ മാർച്ച് അവസാനം മുതൽ നാടുവിട്ടതാണ്. ട്രെയിനിലെ തിരക്ക് കണക്കിലെടുത്ത് പലരും നേരത്തേതന്നെ വോട്ടു ചെയ്യാനായി പുറപ്പെട്ടിരുന്നു. എന്നാൽ വോട്ടെണ്ണലും കഴിഞ്ഞ് സ്വന്തം നാട്ടിൽ പുതിയ മന്ത്രിസഭകളുമായും എങ്കിലും തൊഴിലാളികൾ മടങ്ങിവരാൻ തയാറാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട, റാന്നി, അടൂർ, കടയ്ക്കാട്, തെക്കേമല, തിരുവല്ല, കുന്നന്താനം, മല്ലപ്പള്ളി എന്നിവിടങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിച്ചുവന്നത്. ഏറ്റവുമൊടുവിൽ പോലീസ് ശേഖരിച്ച കണക്കുകളിൽ 55,000 ഇതര സംസ്ഥാന തൊഴിലാളികൾ ജില്ലയിലുണ്ടെന്നു പറയുന്നു. തൊഴിൽ വകുപ്പ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് പത്തുശതമാനം ആളുകൾ മാത്രമാണ്. നിലവിൽ പതിനായിരത്തോളം തൊഴിലാളികൾ മാത്രമേ ജില്ലയിലുള്ളൂവെന്ന് കരാറുകാർ പറയുന്നു. വോട്ട് ചെയ്യാനായി പോയവരിൽ പത്തുശതമാനം ആളുകൾ മാത്രമേ മടങ്ങിവന്നിട്ടുള്ളൂ.
പാചകവാതകത്തിന്റെ വിലക്കയറ്റവും പ്രതിസന്ധിയും കാരണം നട്ടം തിരിയുന്നതിനിടെയാണ് ഹോട്ടൽ മേഖലയിൽ തൊഴിലാളികളെ കിട്ടാതായത്. പല ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. മറ്റു ചിലവ ഭാഗികമായിട്ടേ പ്രവർത്തിക്കുന്നുള്ളൂ. പാചകശാലകളിലും വെയ്റ്റർമാരായും ഒക്കെ പ്രവർത്തിച്ചിരുന്നത് ഇതര സംസ്ഥാനക്കാരാണ്. തട്ടുകടകളിലും സ്ഥിതി സമാനമാണ്. വഴിവക്കുകളിലെ തട്ടുകടകളും രാത്രികാലങ്ങളിൽ വ്യാപാരം നടത്തി വന്ന ഭക്ഷണശാലകളും അടച്ചു.
വോട്ടെടുപ്പിനുശേഷം മടങ്ങിയെത്തുമെന്ന പേരിലാണ് തൊഴിലാളികളേറെയും സ്വന്തം നാടുകളിലേക്കു പോയത്. എന്നാൽ ഇവരിൽ നല്ലൊരു പങ്കും ഇപ്പോൾ സ്വന്തം നാടുകളിൽ തന്നെ നിൽക്കുകയാണ്. പശ്ചിമബംഗാളിൽ ഭരണമാറ്റമുണ്ടായതോടെ നാട്ടിൽതന്നെ പുതിയ തൊഴിൽ സാധ്യതകൾ തേടുകയാണ് ഇവരിൽ പലരുമെന്നാണ് സൂചന.ഭായിമാരെ എങ്ങനെയെങ്കിലും മടക്കി എത്തിക്കാനായി ഹോട്ടൽ ഉടമകൾ നിരന്തരശ്രമം നടത്തിവരികയാണ്.
നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ
ഇതര സംസ്ഥാന തൊഴിലാളികൾ നാടുവിട്ടതോടെ ജില്ലയിലെ നിർമാണ മേഖലയും കടുത്ത പ്രതിസന്ധിയെ നേരിടുന്നു. ബംഗാൾ, ആസാം, ബീഹാർ എന്നിവിടങ്ങളിലെ തൊഴിലാളികളായിരുന്നു നിർമാണ മേഖലയിൽ ഏറെയുണ്ടായിരുന്നത്. ഇവരിൽ ബീഹാറുകാർ മാത്രമാണ് ഇപ്പോൾ നാട്ടിലുള്ളത്. ബംഗാൾ സ്വദേശികളിൽ നല്ലൊരു പങ്കും മടങ്ങിവന്നിട്ടില്ല. തൊഴിലാളികളുടെ അഭാവം കാരണം നിർമാണ മേഖല അപ്പാടെ സ്തംഭിച്ച മട്ടാണ്.
നിശ്ചിത സമയപരിധിയിൽ പണികൾ തീർക്കാനാകാതെ കരാറുകാർ നട്ടം തിരിയുകയാണ്. കാലവർഷം ആരംഭിക്കുന്നതിനു മുന്‍പു പൂർത്തീകരിക്കാൻ നിശ്ചയിച്ചിരുന്ന പണികളാണ് ഇവയിലേറെയും. വൻകിട കരാറുകാരും ചെറുകിടക്കാരും സമാനമായ പ്രതിസന്ധി നേരിടുകയാണ്.
പുതിയ സ്കൂൾ വർഷം ആരംഭിക്കുന്നതിനു മുന്‍പായി പൂർത്തീകരിക്കേണ്ട സ്കൂൾ കെട്ടിടങ്ങൾ അടക്കമുള്ള ജോലികളും തടസപ്പെട്ടിട്ടുണ്ട്. റോഡുകൾ, പാലങ്ങൾ തുടങ്ങിയവയും തടസപ്പെട്ടു. പത്തനംതിട്ട നഗരത്തിൽ അബാൻ മേൽപാലം, ജനറൽ ആശുപത്രി, ജില്ലാ സ്റ്റേഡിയം കോഴഞ്ചേരിയിൽ പുതിയ പാലം ഇവയൊക്കെ ഇഴയുകയാണ്. ഭാഗികമായി ഉദ്ഘാടനം ചെയ്ത പദ്ധതികളാണിവ. പുതിയ സർക്കാർ അധികാരത്തിലെത്തുന്നതിനു മുന്‍പായി പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിരുന്ന ജോലികളും തടസപ്പെട്ടു കിടക്കുകയാണ്.
പന്തളം വയറപ്പുഴപാലത്തിന്റെ ജോലികളും സമയബന്ധിതമായി പൂർത്തിയാകില്ല. നിർമാണ മേഖലകളിൽ പലയിടത്തും ഒന്നോ രണ്ടോ ആളുകൾ പേരിനു പണിയെടുക്കുകയാണ്. ഇതര സംസ്ഥാനക്കാരുടെ ക്ഷാമം കാരണം തൊഴിൽ മേഖല സ്തംഭിച്ചതോടെ നാട്ടുകാരായ തൊഴിലാളികൾക്കും എന്നും ജോലിയില്ലാത്ത സ്ഥിതിയുണ്ട്.
പല സൈറ്റുകളിലും ജോലികൾ തടസപ്പെട്ടതോടെ നാട്ടുകാർക്കും പണിയെടുക്കാനാകുന്നില്ല. മേസ്തിരിമാരായും സൂപ്പർവൈസർമാരായും സൈറ്റുകളിൽ ജോലിയെടുത്തിരുന്നവരുടെ തൊഴിലിനെയും വേതനത്തെയും തൊഴിലാളി ക്ഷാമം ബാധിച്ചു തുടങ്ങി.
കാർഷിക ജോലികൾക്കും ആളില്ല
കൃഷിക്കാരെ സഹായിക്കാനും മറ്റുമായി ദിവസവേതനത്തിനു പണിയെടുത്തിരുന്നത് ഇതര സംസ്ഥാനക്കാരാണ്. മഴക്കാലത്തിനു മുന്‍പായി നടത്തേണ്ട കാർഷിക ജോലികൾ തൊഴിലാളികളെ ലഭിക്കാതെ വന്നതോടെ തടസപ്പെട്ടിട്ടുണ്ട്.
കിഴങ്ങുവർഗ കൃഷി, നെൽപാടങ്ങളിൽ കളപറിക്കൽ, മരുന്നു തളിക്കൽ തുടങ്ങിയ ജോലികൾക്കെല്ലാം തൊഴിലാളികളെ കിട്ടാതെയായി.
ചെറുകിട കോൺക്രീറ്റ് ജോലികൾ, മേസ്തിരിപ്പണികൾ എന്നിവയ്ക്കു സഹായികളായി എത്തിയിരുന്നതും ഇറച്ചിക്കോഴി മീൻവില്പന കേന്ദ്രങ്ങളിൽ ജോലിയെടുത്തിരുന്നതും ഇതര സംസ്ഥാനക്കാരാണ്.
വ്യാപാര സ്ഥാപനങ്ങളിൽ സഹായികളായും ഇവരുണ്ടായിരുന്നു. വീടുകളിലും സഹായികളായി പ്രവർത്തിച്ചിരുന്നവരും ഉണ്ട്. കുടുംബസമേതം കേരളത്തിലെത്തി താമസിച്ചുവന്നിരുന്നവരോടൊപ്പമുണ്ടായിരുന്ന സ്ത്രീകൾ പല വീടുകളും സഹായികളായി ജോലി ചെയ്തിരുന്നു.
Kerala
പത്തനംതിട്ട: തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ ആഗോള അയ്യപ്പ സംഗമം പാളിയെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തുടനീളം പാർട്ടി നേരിട്ട പ്രതിസന്ധികൾക്കെല്ലാം ഇതും ഒരു കാരണമായെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ഇടതുപക്ഷ സർക്കാർ ഒരു കാരണവശാലും നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നു ആഗോള അയ്യപ്പ സംഗമം. ഇത് പാർട്ടിയുടെ അടിസ്ഥാന നിലപാടുകൾക്ക് വിരുദ്ധമായെന്നും തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമാകേണ്ട സാഹചര്യങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചുവെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ ഉയർന്ന സ്വർണക്കൊള്ള ആരോപണത്തിൽ പാർട്ടി എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അംഗങ്ങൾ ചോദ്യമുന്നയിച്ചു. ഇത്രയും ഗുരുതരമായ ആരോപണം വന്നിട്ടും പാർട്ടി മൗനം പാലിക്കുന്നത് പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
വിഷയത്തിൽ പാർട്ടിയുടെ കൃത്യമായ നിലപാട് എന്താണെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങൾ ആരാഞ്ഞു. പത്മകുമാറിനെതിരെ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടെങ്കിൽ അത് പത്മകുമാർ എങ്കിലും അറിഞ്ഞോയെന്ന് ചില അംഗങ്ങൾ പരിഹാസരൂപേണ ചോദിച്ചു.
Kerala
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ ചേർന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറിച്ച് വീണാ ജോർജ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു.
പാർട്ടി നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് മത്സരത്തിന് ഇറങ്ങിയതെന്നും വീണാ ജോർജ് പറഞ്ഞു. ചില നേതാക്കൾ തന്നെ തോൽപ്പിക്കാൻ ബോധപൂർവം ശ്രമിച്ചുവെന്ന കടുത്ത ആരോപണവും അവർ ഉന്നയിച്ചു. എ. പത്മകുമാർ ഉൾപ്പെടെയുള്ള ചില നേതാക്കൾ തനിക്കൊപ്പം ഉണ്ടായിരുന്നില്ല.
ഇതാണ് തിരിച്ചടിക്ക് കാരണമായതെന്നും വീണാ ജോർജ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഓമല്ലൂർ ശങ്കരൻ സ്ഥാനം ഒഴിഞ്ഞത് താനുമായുള്ള പ്രശ്നങ്ങൾ മൂലമാണെന്ന തെറ്റിദ്ധാരണ ജനങ്ങൾക്കിടയിൽ ഉണ്ടായി. ഇതും തോൽവിക്ക് കാരണമായതായി.
പല ഇടതുപക്ഷ കോട്ടകളും തകർന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്. ആറന്മുളയിലെ തോൽവിക്ക് തന്റ് സ്ഥാനാർഥിത്വം മാത്രമാണ് കാരണമെങ്കിൽ താൻ നേരത്തെതന്നെ പിന്മാറാൻ തയാറായിരുന്നുവെന്നും വീണാ ജോർജ് വ്യക്തമാക്കി. ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്നതിലെ പോരായ്മകളെക്കുറിച്ചും വീണാ ജോർജിനെതിരെ വിമർശനം ഉയർന്നിരുന്നു.
Kerala
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ വിജയശതമാനത്തിൽ ഏറ്റവും മുന്നിൽ പത്തനംതിട്ട ജില്ല.
ആകെ പരീക്ഷ എഴുതിയവരിൽ 99.73 ശതമാനം വിദ്യാർഥികളും പത്തനംതിട്ടയിൽ നിന്നും ഉപരിപഠന യോഗ്യരായി.ആകെ പരീക്ഷ എഴുതിയ 9225 പേരിൽ 9200 പേരും ഉപരിപഠന യോഗ്യരായി. ഏറ്റവും പിന്നിലുള്ളത് തിരുവനന്തപുരം ജില്ലയാണ്.
ജില്ലയിൽ ആകെ പരീക്ഷയ്ക്കിരുന്ന 32877 വിദ്യാർഥികളിൽ 32218 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. കൊല്ലം-99.38, ആലപ്പുഴ-99.63 , കോട്ടയം-99.72, ഇടുക്കി- 99.99.28, എറണാകുളം-99.61, തൃശൂർ-98.83, പാലക്കാട്-98.29, മലപ്പുറം-98.72, കോഴിക്കോട്-99.36, വയനാട് 99.59, കണ്ണൂർ-99.67, കാസർഗോഡ്-99.47 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ വിജയശതമാനം. വിദ്യാഭ്യാസ ജില്ലകളിൽ വിജയശതമാനത്തിൽ ഏറ്റവും മുന്നിൽ കുട്ടനാടും കുറവ് തിരൂരുമാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ 2105 സ്കൂളുകളാണ് 100 ശതമാനം വിജയനേട്ടത്തിന് അർഹരായത്. ഇതിൽ 767 സർക്കാർ സ്കൂളുകളും 930 എയ്ഡഡ് സ്കൂളുകളും 408 അണ് എയ്ഡഡ് സ്കൂളുകളുമാണ് ഉൾപ്പെടുന്നത്. ഏറ്റവുമധികം വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം സ്വന്തമാക്കിയ സർക്കാർ സ്കൂൾ നടുവന്നൂർ ഗവണ്മെന്റ് ഹൈസ്കൂളാണ്. ഇവിടെ പരീക്ഷയ്ക്കിരുന്ന 600 വിദ്യാർഥികളും വിജയിച്ചു.
1356 വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്ന കോട്ടൂർ എകെഎൻഎച്ച്എസ്എസാണ് 100 മേനി നേടിയ എയ്ഡഡ് സ്കൂൾ. ഏറ്റവുമധികം വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്ന് 100 ശതമാനം വിജയം സ്വന്തമാക്കിയ അണ് എയ്ഡഡ് സ്കൂളെന്ന ഖ്യാതിക്ക് അവകാശിയായത് കടുംങ്ങത്തുകുണ്ട് ബിവൈകെ റെസിഡൻഷ്യൽ ഹൈസ്കൂളാണ്. ഇവിടെ പരീക്ഷ എഴുതിയ 281 വിദ്യാർഥികളും ഉപരിപഠന യോഗ്യരായി.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ 28 വയസുകാരി ക്രൂര ബലാത്സംഗത്തിന് ഇരയായതായി പരാതി. അയൽവാസിയായ ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചത്. ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകി പീഡിപ്പിച്ചുവെന്നും നഗ്ന ദൃശ്യങ്ങളും പകർത്തിയെന്നും പരാതിയിൽ പറയുന്നു.
പിന്നീട് ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. മിൽമ ടാങ്കർ ഡ്രൈവർ കൂടിയാണ് പ്രതി.
ഈ ടാങ്കറിൽ കയറ്റിക്കൊണ്ടുപോയും ക്രൂരമായി മർദിച്ചു. പ്രതിയുടെ ഭാര്യയോട് പീഡന വിവരം തുറന്നു പറഞ്ഞതിന്റെ വൈരാഗ്യത്തിൽ ആയിരുന്നു മർദനം.
അടൂർ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടുന്നില്ലെന്നും പരാതിക്കാരി പറയുന്നു. ഫെബ്രുവരി 15 ആയിരുന്നു ആദ്യ പീഡനം.
Kerala
പത്തനംതിട്ട: മണ്ഡല പുനർനിർണയത്തോടെ കൈവിട്ടുപോയ പത്തനംതിട്ട ജില്ലയിൽ ആധിപത്യം തിരികെപ്പിടിച്ച് യുഡിഎഫ്. അഞ്ചിൽ നാലു മണ്ഡലങ്ങളും ഇക്കുറി യുഡിഎഫ് നേടി.
2021ൽ പത്തനംതിട്ടയിലെ അഞ്ചു മണ്ഡലങ്ങളിലും എൽഡിഎഫിനായിരുന്നു വിജയം. ആറന്മുള, അടൂർ, തിരുവല്ല, റാന്നി മണ്ഡലങ്ങൾ ഇത്തവണ യുഡിഎഫ് തിരികെപ്പിടിച്ചപ്പോൾ ഡിസിസി പ്രസിഡന്റ് മത്സരിച്ച കോന്നി മണ്ഡലം 1,838 വോട്ടുകൾക്ക് നഷ്ടമാകുകയും ചെയ്തു.
2009ലെ മണ്ഡല പുനർ നിർണയത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഇത്തരത്തിൽ വ്യക്തമായ ഒരു മേൽക്കൈ യുഡിഎഫ് നേടുന്നത് ആദ്യമായാണ്. 2011ൽ യുഡിഎഫിനു ഭരണം ലഭിച്ചപ്പോഴും പത്തനംതിട്ട ജില്ലയിലെ ആറന്മുള, കോന്നി മണ്ഡലങ്ങളിൽ മാത്രമേ സ്വന്തം എംഎൽഎമാർ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ അഞ്ചു മണ്ഡലങ്ങളും ലക്ഷ്യമിട്ടാണ് പ്രചാരണം നടന്നത്. കോന്നിയിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിലാണ് സിറ്റിംഗ് എംഎൽഎ കെ.യു. ജനീഷ് കുമാറിനോട് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറന്പിൽ പരാജയം സമ്മതിച്ചത്.
ആറന്മുളയിൽ മന്ത്രി വീണാ ജോർജ് 18,985 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രതിനിധീകരിച്ചിരുന്ന അടൂർ മണ്ഡലവും എൽഡിഎഫിനു നഷ്ടമായി. ചിറ്റയം ഗോപകുമാർ മത്സരരംഗത്തുനിന്നു മാറിനിന്നെങ്കിലും സിപിഐ സ്ഥാനാർഥിയായ പ്രിജി കണ്ണൻ 10,332 വോട്ടുകൾക്കാണ് യുഡിഎഫിലെ സി.വി. ശാന്തകുമാറിനോടു പരാജയപ്പെട്ടത്.
തിരുവല്ലയിൽ എൽഡിഎഫ് സ്ഥാനാർഥി മുൻ മന്ത്രി മാത്യു ടി. തോമസ് മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥി കേരള കോൺഗ്രസിലെ വർഗീസ് മാമ്മനാണ് തിരുവല്ലയിൽ വിജയിച്ചത്. ബിജെപിയിലെ അനൂപ് ആന്റണി രണ്ടാം സ്ഥാനത്തെത്തി.
റാന്നി മണ്ഡലം മൂന്നു പതിറ്റാണ്ടിനു ശേഷം യുഡിഎഫ് തിരികെപ്പിടിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു സിറ്റിംഗ് എംഎൽഎ കേരള കോൺഗ്രസ് എമ്മിലെ പ്രമോദ് നാരായണനെ 4,344 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
Kerala
പത്തനംതിട്ട: മണ്ഡല പുനർനിർണയത്തോടെ കൈവിട്ടുപോയ പത്തനംതിട്ട ജില്ലയിൽ ആധിപത്യം തിരികെ പിടിച്ച് യുഡിഎഫ്. അഞ്ചിൽ നാല് മണ്ഡലങ്ങളും ഇക്കുറി യുഡിഎഫ് നേടി. 2021ൽ പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളിലും എൽഡിഎഫിനായിരുന്നു വിജയം.
ആറന്മുള, അടൂർ, തിരുവല്ല, റാന്നി മണ്ഡലങ്ങൾ ഇത്തവണ യുഡിഎഫ് തിരികെ പിടിച്ചപ്പോൾ ഡിസിസി പ്രസിഡന്റ് മത്സരിച്ച കോന്നി മണ്ഡലം 1838 വോട്ടുകൾക്ക് നഷ്ടമാകുകയും ചെയ്തു.
2009ലെ മണ്ഡല പുനർ നിർണയത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഇത്തരത്തിൽ വ്യക്തമായ ഒരു മേൽക്കൈ യുഡിഎഫ് നേടുന്നത് ആദ്യമായാണ്. 2011ൽ യുഡിഎഫിനു ഭരണം ലഭിച്ചപ്പോഴും പത്തനംതിട്ട ജില്ലയിലെ ആറന്മുള, കോന്നി മണ്ഡലങ്ങളിൽ മാത്രമേ സ്വന്തം എംഎൽഎമാർ ഉണ്ടായിരുന്നുള്ളൂ.
ഇത്തവണ അഞ്ച് മണ്ഡലങ്ങളും ലക്ഷ്യമിട്ടാണ് പ്രചാരണം നടന്നത്. കോന്നിയിൽ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിലാണ് സിറ്റിംഗ് എംഎൽഎ കെ.യു. ജനീഷ് കുമാറിനോട് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറന്പിൽ പരാജയം സമ്മതിച്ചത്.
ആറന്മുളയിൽ മന്ത്രി വീണാ ജോർജ് 18985 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രതിനിധീകരിച്ചിരുന്ന അടൂർ മണ്ഡലവും എൽഡിഎഫിനു നഷ്ടമായി. ചിറ്റയം ഗോപകുമാർ മത്സരരംഗത്തുനിന്ന് മാറി നിന്നെങ്കിലും സിപിഐ സ്ഥാനാർഥിയായ പ്രിജി കണ്ണൻ 10332 വോട്ടുകൾക്കാണ് യുഡിഎഫിലെ സി.വി. ശാന്തകുമാറിനോടു പരാജയപ്പെട്ടത്.
തിരുവല്ലയിൽ എൽഡിഎഫ് സ്ഥാനാർഥി മുൻ മന്ത്രി മാത്യു ടി. തോമസ് മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥി കേരള കോൺഗ്രസിലെ വർഗീസ് മാമ്മനാണ് തിരുവല്ലയിൽ വിജയിച്ചത്. ബിജെപിയിലെ അനൂപ് ആന്റണി രണ്ടാം സ്ഥാനത്തെത്തി.
റാന്നി മണ്ഡലം മൂന്ന് പതിറ്റാണ്ടിനു ശേഷം യുഡിഎഫ് തിരികെ പിടിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു സിറ്റിംഗ് എംഎൽഎ കേരള കോൺഗ്രസ് എമ്മിലെ പ്രമോദ് നാരായണനെ 4344 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
Kerala
പത്തനംതിട്ട: ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരെ കടയിൽ കയറി മർദിച്ചതായി പരാതി. ഹോട്ടൽ നടത്തിപ്പുകാരൻ ടോണിക്കാണ് മർദ്ദനമേറ്റത്. മൂന്ന് പേർ ചേർന്നാണ് ടോണിയെ മർദിച്ചത്. സംഭവത്തില്‍ അടൂർ പോലീസ് കേസെടുത്തു.
ഹോട്ടൽ നടത്തിപ്പിനായി നേരത്തെ കട നടത്തിയിരുന്ന ആളുകളിൽ നിന്ന് ടോണി ഉപകരണങ്ങൾ രണ്ടര ലക്ഷം രൂപയ്ക്ക് വാങ്ങിയിരുന്നു. രണ്ടുമാസത്തെ കാലയളവിൽ ചെക്ക് നൽകുകയും ആയിരം രൂപ പ്രതിദിനം നൽകാമെന്നുമായിരുന്നു കരാർ.
ഗ്യാസ് പ്രതിസന്ധി വന്നതോടെ 26 ദിവസം കട തുറന്നിരുന്നില്ല. ഇതോടെ ആയിരം രൂപ നൽകുന്നത് മുടങ്ങി. അതിന്റെ വിരോധത്തിൽ മുൻ ഉടമ പ്രിൻസും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചെന്നാണ് ടോണിയുടെ പരാതി.
കഴിഞ്ഞമാസം 25 ആം തീയതി ആയിരുന്നു സംഭവം. പ്രതികൾ ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തിയതായി എഫ്ഐആറില്‍ പറയുന്നു. പണം നഷ്ടമായി എന്നും പരാതിയിലുണ്ട്.
District News
പത്തനംതിട്ട: ബാങ്ക് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ചൂട് കാലത്ത് ആശ്വാസമായി പത്തനംതിട്ട പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്ക് കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടു.
ബാങ്കിന്റെ മുമ്പിലായി സ്ഥിരമായി സ്ഥാപിച്ചിരിക്കുന്ന വാട്ടർ പ്യൂരിഫയറിൽ നിന്നും രാവിലെ മുതൽ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാകും.
പ്യൂരിഫയർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ ആഘോഷ പരിപാടിയിൽ പൊതുജനങ്ങൾക്ക് തണ്ണിമത്തൻ ജൂസ് നൽകിയാണ് ബാങ്ക് പദ്ധതിക്ക് തുടക്കം കുറിച്ചത്. ബാങ്ക് പ്രസിഡന്റ് കെ.അനിൽകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു.
ബാങ്ക് വൈസ് പ്രസിഡന്റ് പി.കെ. സലിംകുമാർ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി പി. ബിന്ദു, ഭരണസമിതി അംഗങ്ങളായ പി.എൻ. അബ്ദുൽ മനാഫ്, എ. ഗോകുലേന്ദ്രൻ, കെ. അനിൽ, ബി. ഷാഹുൽഹമീദ്, എസ്. ബിജു, വർഗീസ് ഡാനിയൽ, സി.ബി.സോമരാജൻ, ടി.കെ. പൊടിയൻ, ആർ. സജീവൻ, ബി. ലളിതാഭായി, എം.സി. സലിജ, പി.ഡി. രമ, ആനീസ് സ്ലീബ, ജോയിൻറ് ഡയറക്ടർ എസ്. ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.
NRI
റിയാദ്: പത്തനംതിട്ടയിൽ നടന്ന സാംസ്കാരിക പരിപാടിക്കിടെ മലയാളത്തിന്റെ പ്രിയകവി കുരീപ്പുഴ ശ്രീകുമാർ നടത്തിയ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ച സംഭവം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.
സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും ഉത്തരേന്ത്യയിലെ ദളിത് - വർഗീയ പീഡനങ്ങൾക്കും ബദലായി കേരളം തീർക്കുന്ന സംരക്ഷണത്തെ സംബന്ധിച്ച് സംസാരിക്കുന്നതിനിടയിലാണ് ചിലർ ഇടപെട്ട് പ്രസംഗം തടസപ്പെടുത്തിയത്.
സാംസ്കാരിക വേദികളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഇത്തരം കടന്നാക്രമണങ്ങൾ ഭയാനകമാണെന്നും പ്രസ്താവനയിൽ പറയുന്നു. കേരളം ജാതി - മത ഭേദമെന്യേ എല്ലാവർക്കും സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന ഇടമാണെന്ന കുരീപ്പുഴയുടെ പരാമർശവും വർഗീയ അതിക്രമങ്ങളിൽ നിന്ന് രക്ഷ തേടി കേരളത്തിലേക്ക് എത്തിയ പ്രണയ ദമ്പതികളുടെ ഉദാഹരണവും ചിലർക്കിടയിൽ അസഹിഷ്ണുതയ്ക്ക് ഇടയാക്കിയതായി വിലയിരുത്തപ്പെടുന്നു.
"ഇവിടെ രാഷ്ട്രീയം പറയാൻ പാടില്ല' എന്ന നിലപാടിനെ ശക്തമായി തള്ളിക്കൊണ്ട്, താൻ ഒരു രാഷ്ട്രീയ കവിയാണെന്നും തന്റെ കവിതയിൽ രാഷ്ട്രീയം ഉണ്ടാവുമെന്നും അത് തുടർന്നും പറയുമെന്നും കുരീപ്പുഴ ശ്രീകുമാർ ആവർത്തിച്ചത് ശക്തമായ ചെറുത്തുനിൽപ്പിന്റെ സ്വരമായി.
അദ്ദേഹത്തിന്റെ ഈ വാക്കുകൾ സാംസ്കാരിക കേരളത്തിന്റെ ഉറച്ച ശബ്ദമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും നിശബ്ദരാക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ, ഇത്തരം പ്രവണതകൾ കേരളത്തിന്റെ പുരോഗമന സാംസ്കാരിക മണ്ണിൽ നടപ്പാകില്ലെന്ന് കവി വ്യക്തമാക്കുന്നു.
ഈ സംഭവത്തിൽ കേളി കലാ സാംസ്കാരിക വേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കുരീപ്പുഴ ശ്രീകുമാറിനോടൊപ്പം ഉറച്ച ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായും പ്രസ്താവനയിൽ പറയുന്നു.
Kerala
പത്തനംതിട്ട: മല്ലപ്പള്ളിയിൽ വെൽഡിംഗ് തൊഴിലാളിക്ക് പാമ്പിന്റെ കടിയേറ്റു. മുരണി സ്വദേശി രതീഷിനാണ് പാമ്പ് കടിയേറ്റത്. അണലിയാണ് രതീഷിനെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വെൽഡിംഗ് തൊഴിലാളിയായ രതീഷ് ജോലിക്ക് ശേഷം ഉപകരണം വീടിനുള്ളിലേക്ക് വയ്ക്കുന്നതിനിടെ പാമ്പ് കൈയിൽ കടിക്കുകയായിരുന്നു. പാമ്പിനെ കുടഞ്ഞെറിഞ്ഞ രതീഷിനെ ഉടൻതന്നെ ആംബുലൻസിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.
തലചുറ്റൽ അനുഭവപ്പെട്ടതോടെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രതീഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.
Kerala
പത്തനംതിട്ട: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കുമ്പുഴ വലിയപാലത്തിനു സമീപത്തുണ്ടായ അപകടത്തിൽ വടശേരിക്കര സ്വദേശി ഡി.പി. ഫിലിപ് (55) സഹോദരി ജിൻസി (സാലി, 64) എന്നിവരാണ് മരിച്ചത്.
ഫിലിപ് ഓടിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം 3.30 നായിരുന്നു സംഭവം. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Kerala
കണ്ണൂര്‍: കേരളത്തിൽ ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്ന 30,495 പോളിംഗ് ബൂത്തുകളിൽ 2,040 പ്രശ്നസാധ്യതാ ബൂത്തുകള്‍. പ്രശ്നസാധ്യതാ ബൂത്തുകളുടെ എണ്ണത്തില്‍ മുന്നില്‍ കണ്ണൂര്‍ ജില്ലയാണ്. കുറവ് പത്തനംതിട്ടയാണ്.
കണ്ണൂരിലെ 2183 പോളിംഗ് ബൂത്തുകളില്‍ 771 ഇടത്താണ് പ്രശ്നസാധ്യതയുള്ളത്. കോഴിക്കോട് 312 പ്രശ്നസാധ്യത ബൂത്തുകളും ഉണ്ട്. കാസർഗോഡ് 238, കൊല്ലത്ത് 189 ബൂത്തുകളും പ്രശ്നസാധ്യതാ പട്ടികയിലുണ്ട്.
പത്തനംതിട്ടയിലെ 1,118 പോളിംഗ് ബൂത്തുകളില്‍ ഏഴിടത്തു മാത്രമേ പ്രശ്നസാധ്യതയുള്ളൂ. സമീപകാലത്തെ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അനിഷ്ടസംഭവങ്ങളുടെയും സംഘര്‍ഷങ്ങളുടെയും അടിസ്ഥാനത്തിലാണ് ബൂത്തുകളെ പ്രശ്നസാധ്യതാ പട്ടികയില്‍ പെടുത്തിയത്.
കള്ളവോട്ട്, എതിര് പാര്‍ട്ടികളിലെ പോളിംഗ് ഏജന്റുമാരെ ഭീഷണിപ്പെടുത്തല്‍, പോളിംഗ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തല്‍ തുടങ്ങിയ കാരണങ്ങളാലാണ് ബൂത്തുകളെ പ്രശ്നസാധ്യത ഗണത്തില്‍ പെടുത്തുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും സംയുക്തമായി നടത്തിയ പരിശോധനകള്‍ക്കും സുരക്ഷാ റിപ്പോര്‍ട്ടുകള്‍ക്കും ശേഷമാണ് പ്രശ്നസാധ്യതാ ബൂത്തുകള്‍ നിശ്ചയിച്ചത്.
Kerala
പത്തനംതിട്ട: യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം പ്രവർത്തകൻ ജില്ലാ പഞ്ചായത്ത് അംഗത്തെ ദേഹോപദ്രവം ഏൽപിച്ചതായി പരാതി. പത്തനംതിട്ട കരിമാന്‍തോട്ടിലാണ് സംഭവം. ജില്ലാ പഞ്ചായത്ത് അംഗം എം.വി. അമ്പിളിക്ക് നേരെയാണ് ആക്രമണം.
അമ്പിളിയുടെ കൈ പിടിച്ച് തിരിച്ചതായും പരാതിയുണ്ട്. പ്രസംഗിക്കുന്നതിനിടെ സിപിഐഎം പ്രവര്ത്തകന് മൈക്ക് പിടിച്ചുവാങ്ങി തള്ളിയെന്നും അമ്പിളി ആരോപിക്കുന്നു. കോന്നി യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അമ്പിളി.
സംഭവത്തിന് പിന്നാലെ എം.വി. അമ്പിളി കോന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ജില്ലാ പഞ്ചായത്ത് അംഗത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച തണ്ണിത്തോട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
Kerala
ജില്ലയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. പക്ഷേ വിസ്തൃതിയിലും വോട്ടർമാരുടെ എണ്ണത്തിലും ഈ അഞ്ച് മണ്ഡലങ്ങളും സംസ്ഥാനത്തെ ഇതര മണ്ഡലങ്ങളെ കവച്ചുവയ്ക്കും. ശരാശരി രണ്ടുലക്ഷത്തോളം വോട്ടർമാർ എല്ലാ മണ്ഡലങ്ങളിലുമുണ്ട്. ഇതിൽതന്നെ സംസ്ഥാനത്ത് ഏറ്റവുമധികം വോട്ടർമാരുള്ള ആറന്മുളയും (2,14,575)വിസ്തൃതിയിൽ മുന്നിൽ നിൽക്കുന്ന കോന്നിയും ഉൾപ്പെടുന്നു. സംസ്ഥാനത്താകമാനം ചർച്ച ചെയ്യപ്പെടുന്ന ശബരിമല പ്രദേശം ഉൾക്കൊള്ളുന്ന റാന്നിയും പത്തനംതിട്ടയുടെ ഭാഗം.
യുഡിഎഫിൽ കോൺഗ്രസ് മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലും സ്ഥാനാർഥികൾ രംഗപ്രവേശം ചെയ്തത് കഴിഞ്ഞ 20നാണ്. കേരള കോൺഗ്രസ് സ്ഥാനാർഥി രണ്ടുദിവസം നേരത്തേ പ്രചാരണം തുടങ്ങി. എൽഡിഎഫിൽ സിപിഎം മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും സിപിഐ, ഐഎസ്ജെഡി, കേരള കോൺഗ്രസ് -എം എന്നിവയുടെ ഓരോ മണ്ഡലത്തിലും സ്ഥാനാർഥികൾ ആദ്യദിനങ്ങളിൽ തന്നെ എത്തി. എൻഡിഎയിലും ഇത്തവണ സ്ഥാനാർഥികളെ കണ്ടെത്താൻ വൈകി. ബിജെപി മൂന്നിടങ്ങളിലാണ് മത്സരിക്കുന്നത്. പാർട്ടിയുടെ പ്രസ്റ്റീജ് മണ്ഡലങ്ങളായി കണക്കാക്കിയിരുന്ന റാന്നി ട്വന്റി 20ക്കും കോന്നി ബിഡിജെഎസിനും വിട്ടുനൽകി. ഇതോടെ സംസ്ഥാന വ്യാപകമായി കത്തിനിൽക്കുന്ന ഡീൽ ആരോപണത്തിന്റെ ഭാഗമായി ഈ രണ്ട് മണ്ഡലങ്ങളും.
അഞ്ചിൽ നാല് മണ്ഡലങ്ങളിലും സിറ്റിംഗ് എംഎൽഎമാർ തന്നെ ജനവിധി തേടുന്നുവെന്ന പ്രത്യേകതയും പത്തനംതിട്ടയിലുണ്ട്. മത്സരരംഗത്തുനിന്നു മാറിനിൽക്കുന്ന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ (അടൂർ) പ്രചാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി മുൻനിരയിലുണ്ട്. 2021ൽ അഞ്ച് സീറ്റുകളും എൽഡിഎഫിനായിരുന്നു. ഒരു കാലത്ത് യുഡിഎഫ് കോട്ടയെന്നു വിശേഷണമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയിൽ 2016, 2021 തെരഞ്ഞെടുപ്പുകൾ എൽഡിഎഫിനു വൻ നേട്ടമാണുണ്ടാക്കിയത്. ഇതിൽ റാന്നിയിലും അടൂരിലും മാത്രമാണ് ഭൂരിപക്ഷം അല്പം കുറഞ്ഞത്.
ഭരണപക്ഷത്തെ സിറ്റിംഗ് എംഎൽഎമാർ മത്സരിക്കുന്നതിനാൽ വികസന നേട്ടങ്ങളും ഭരണ വിലയിരുത്തലുമാണ് എല്ലാ മണ്ഡലങ്ങളിലും പ്രധാന ചർച്ചാവിഷയമായി മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിനെ ശക്തമായി പ്രതിരോധിച്ച് യുഡിഎഫും എൻഡിഎയും രംഗത്തുണ്ട്. ശബരിമല സ്വർണക്കൊള്ള അടക്കമുള്ള വിഷയങ്ങളും തെരഞ്ഞെടുപ്പ് വേദികളിൽ ചർച്ചയിലെത്തിക്കഴിഞ്ഞു. പ്രധാന സ്ഥാനാർഥികൾ ഏറെയും ഇത്തവണ അതാത് മണ്ഡലങ്ങൾക്കു പുറമേ നിന്നെത്തിയവരാണെന്നതും ശ്രദ്ധേയം. പ്രചാരണത്തിനു തുടക്കം കുറിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കോന്നിയിലെ പൊതുയോഗത്തിൽ ചോദ്യം ചോദിക്കാൻ തുനിഞ്ഞ പ്രവർത്തകനോടു വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞതിന്റെ അലയടികൾ ഇപ്പോഴും ജില്ലയിലെ മണ്ഡലങ്ങളിൽ അലയടിക്കുന്നുണ്ട്.
ആറന്മുള
സിറ്റിംഗ് എംഎൽഎയും ആരോഗ്യമന്ത്രിയുമായ വീണാ ജോർജ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നതിലൂടെ ശ്രദ്ധേയ പോരാട്ടം നടക്കുന്ന മണ്ഡലമായി ആറന്മുള മാറിയിട്ടുണ്ട്. വീണാ ജോർജിനെതിരേ ശക്തമായ മത്സരം നടത്തുന്നതിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയും ബിജെപിയുടെ തലമുതിർന്ന നേതാവ് കുമ്മനം രാജശേഖരനുമാണ് രംഗത്തുള്ളത്. പത്തുവർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വീണാ ജോർജ് വികസന നേട്ടങ്ങളാണ് പ്രധാനമായും പ്രചാരണത്തിനുപയോഗിക്കുന്നത്. എന്നാൽ, മന്ത്രിയെന്ന നിലയിൽ വീണാ ജോർജിന്റെ പ്രവർത്തനങ്ങൾ കൂടി വിലയിരുത്താൻ പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നുണ്ട്. കണ്ണൂരിലെ കെഎസ്യു നേതാക്കളടക്കം ആറന്മുളയിൽ പ്രചാരണത്തിനെത്തിയതുതന്നെ ഇതേ ലക്ഷ്യത്തോടെയാണ്. യുവ നേതാവു കൂടിയായ അബിൻ വർക്കി പ്രചാരണരംഗത്തേക്ക് കടക്കാൻ വൈകിയെങ്കിലും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ആറന്മുള പോരിനു വീര്യം കൂട്ടാൻ കഴിഞ്ഞു. ബിജെപിക്കു നിർണായക വോട്ടുകൾ ഉള്ള മണ്ഡലത്തിൽ കുമ്മനം രാജശേഖരന്റെ സ്ഥാനാർഥിത്വം ഏറെ പ്രതീക്ഷയോടെയാണ് എൻഡിഎ വിലയിരുത്തുന്നത്.
റാന്നി
ശബരിമല ഉൾപ്പെടുന്ന റാന്നി മണ്ഡലത്തിൽ സ്വർണക്കൊള്ള വിവാദം ചർച്ച ചെയ്യപ്പെടില്ലെന്നു പ്രഖ്യാപിച്ച് വികസന അജണ്ട അവതരിപ്പിച്ച എൻഡിഎയുടെ ഭാഗമായ ട്വന്റി 20 സ്ഥാനാർഥിയുടെ നിലപാടിനെ ബിജെപി നേതാക്കൾ തന്നെ തള്ളിപ്പറയുന്നതു കണ്ടുകൊണ്ടാണ് പ്രചാരണരംഗം സജീവമായത്. കേരള കോൺഗ്രസ് -എം സിറ്റിംഗ് എംഎൽഎ പ്രമോദ് നാരായൺ രണ്ടാമൂഴം തേടുന്ന റാന്നി മണ്ഡലത്തിൽ ഇത്തവണ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിനെയാണ്. ഇരുവരും മണ്ഡലത്തിനു പുറമേനിന്നുള്ളവരുമാണ്. അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ ഉയർത്തി ജനവിധി തേടുന്ന പ്രമോദിനെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് പഴകുളം മധു നേരിടുന്നത്. തോമസ് കെ. സാമുവേലാണ് ട്വന്റി 20 സ്ഥാനാർഥി. ആദ്യഘട്ടത്തിൽ എൽഡിഎഫിനു സാധ്യത കല്പിക്കപ്പെട്ടിരുന്ന മണ്ഡലത്തിൽ അനുദിനം പോരാട്ടം കനക്കുകയാണ്.
കോന്നി
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി മത്സരിക്കാൻ താത്പര്യം അറിയിച്ച കോന്നി മണ്ഡലത്തിൽ ഏറെ ദിവസങ്ങളിലെ ചർച്ചകളിൽ ശ്രദ്ധിക്കപ്പെട്ട ശേഷമാണ് കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സിറ്റിംഗ് എംഎൽഎ കെ.യു. ജനീഷ് കുമാറിനെ (സിപിഎം) നേരിടുന്നത് ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പിലാണ്. അടൂർ പ്രകാശ് എംഎൽഎ സ്ഥാനം ഒഴിഞ്ഞതിനുശേഷം ജനീഷ് കുമാറാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
വികസന വിഷയങ്ങൾ തന്നെയാണ് കോന്നിയിലും ചർച്ച ചെയ്യപ്പെടുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച കോന്നി മെഡിക്കൽ കോളജ് അടക്കമുള്ള പദ്ധതികൾ ഉയർത്തി യുഡിഎഫും ശക്തമായ പോരാട്ടത്തിലാണ്. എൻഡിഎയ്ക്കു നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഇക്കുറി ബിഡിജെഎസ് സ്ഥാനാർഥിയായി എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സുന്ദരേശനാണ് മത്സരിക്കുന്നത്. വിജയം ഉറപ്പിച്ചു കളത്തിലിറങ്ങിയ സിറ്റിംഗ് എംഎൽഎയ്ക്ക് ഓരോ ഘട്ടം കഴിയുന്പോഴും പിരിമുറുക്കം കൂട്ടാൻ എതിർസ്ഥാനാർഥികൾക്കാകുന്നുണ്ട്.
തിരുവല്ല
തുടർച്ചയായ അഞ്ചാം അങ്കത്തിനിറങ്ങിയിരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി മാത്യു ടി.തോമസിന് ഇത്തവണ തിരുവല്ലയിൽ ശക്തമായ വെല്ലുവിളിതന്നെയുണ്ട്. കേരള കോൺഗ്രസ് എമ്മിലെ വർഗീസ് മാമ്മനാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി അഖിലേന്ത്യ സെക്രട്ടറി അനൂപ് ആന്റണിയുടെ സ്ഥാനാർഥിത്വവും പ്രചാരണശൈലിയും മറ്റൊരു വെല്ലുവിളിയാണ്. മണ്ഡലത്തിൽ നേരത്തേതന്നെ സജീവമായി രംഗത്തിറങ്ങിയ അനൂപ് ആന്റണി ഇടത്, വലതു മുന്നണികൾക്ക് ഒരേപോലെ ഭീഷണിയാകുന്നുണ്ട്.
തിരുവല്ലയുടെ വികസനമുരടിപ്പാണ് പ്രതിപക്ഷ കക്ഷികൾക്ക് ഉന്നയിക്കാനുള്ളത്. മാറ്റത്തിനുവേണ്ടിയുള്ള അവരുടെ ആഹ്വാനങ്ങൾക്ക് തിരുവല്ലയുടെ സൗമ്യമുഖമായി മാത്യു ടി. തോമസ് മറുപടി നൽകുന്നു. എൽഡിഎഫ് തുടർവിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവല്ല. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കഴിഞ്ഞ കുറേ നാളുകളായി എൽഡിഎഫിനെ ജയിപ്പിച്ചുവരുന്ന മണ്ഡലത്തിൽ ലോക്സഭ, തദ്ദേശ തെരഞ്ഞടുപ്പുകളിൽ യുഡിഎഫാണ് മുന്നിലെത്താറുള്ളത്. മാർത്തോമ്മാ സഭയിലെ രണ്ട് വൈദികരുടെ മക്കളാണ് ഇടത്, വലതു മുന്നണി സ്ഥാനാർഥികളെന്നതും ശ്രദ്ധേയം.
അടൂർ
സംവരണ മണ്ഡലമായ അടൂരിൽ ഇത്തവണ ഇടത്, വലതു മുന്നണികൾക്ക് പുതുമുഖ സ്ഥാനാർഥികളാണ്. കഴിഞ്ഞതവണ ചെറിയ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന് അടൂർ മണ്ഡലം നഷ്ടമായത്. സിറ്റിംഗ് എംഎൽഎ ചിറ്റയം ഗോപകുമാർ മത്സരരംഗം വിട്ടതോടെയാണ് കൊല്ലം ജില്ലയിൽനിന്നുള്ള എഐവൈഎഫ് നേതാവ് പ്രിജി കണ്ണനെ സിപിഐ സ്ഥാനാർഥിയായി അവതരിപ്പിച്ചത്.
ഇതിനോടകം മണ്ഡലത്തിൽ ഒരു റൗണ്ട് പ്രചാരണം പൂർത്തിയാക്കിയ പ്രിജിക്കൊപ്പം വികസന നേട്ടങ്ങൾ നിരത്തി ചിറ്റയം ഗോപകുമാറിന്റെ സ്ഥാനാർഥിത്വവുമുണ്ട്. ഡിസിസി ജനറൽ സെക്രട്ടറി കൂടിയായ സി.വി. ശാന്തകുമാറാണ് യുഡിഎഫ് സ്ഥാനാർഥി. അടൂരിൽ നടപ്പാക്കാവുന്ന പദ്ധതികൾ മുന്നോട്ടു വച്ചാണ് ശാന്തകുമാറിന്റെ പ്രചാരണം.
കഴിഞ്ഞതവണ മത്സരിച്ച പന്തളം പ്രതാപൻ തന്നെയാണ് എൻഡിഎ സ്ഥാനാർഥി. ബിജെപി വോട്ടുകളിൽ ഗണ്യമായ വർധന രേഖപ്പെടുത്തിവരുന്ന മണ്ഡലമാണ് അടൂർ. ഇത്തവണ മണ്ഡലത്തിനു പുറമേ നിന്നാണ് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളെന്നതിനാൽ നാട്ടുകാരനായ തനിക്ക് ഒരു വോട്ട് എന്നതാണ് എൻഡിഎ സ്ഥാനാർഥിയുടെ അഭ്യർഥന. ദളിത് വിഭാഗങ്ങൾക്ക് നിർണായക വോട്ട് ബാങ്കുകളുള്ള മണ്ഡലം കൂടിയാണ് അടൂർ.
District News
പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കി കോടിയാട്ടിന്റെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് മൂന്നിന് എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് നിർവഹിക്കും.
പത്തനംതിട്ട എൻഎസ്എസ് ഓഫീസിന് സമീപമുള്ള ബിൽഡിംഗിലാണ് യുഡിഎഫിന്റെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുക.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎം പ്രാദേശിക നേതാവിനെതിരെ ലൈംഗികാതിക്രമ പരാതി. പത്തനംതിട്ട റാന്നി സ്വദേശിയും സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റുമായ അലന് മാത്യുവിനെതിരെയാണ് പരാതി.
ആത്മഹത്യയ്ക്ക് ശ്രമിച്ച പരാതിക്കാരി നിലവിൽ പത്തനംതിട്ടയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് അലന് മാത്യുവിനെതിരെയുള്ള ആരോപണം. വിവാഹ വാഗ്ദാനം നല്കി നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി.
പരാതി ഉയർന്നതിന് പിന്നാലെ അലന് മാത്യുവിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും നീക്കിയെന്ന് സിപിഎം വ്യക്തമാക്കി. സംഭവത്തിൽ അലന് മാത്യുവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പത്തനംതിട്ടയിലെയും എറണാകുളത്തെയും മണ്ഡലങ്ങളിലെ സ്ഥാനാർഥി തർക്കത്തെ തുടർന്നാണ് കോണ്‍ഗ്രസിന്റെ പൂർണ സ്ഥാനാർഥിപ്പട്ടിക വീണ്ടും വൈകുന്നത്. കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റി നിശ്ചയിച്ച സ്ഥാനാർഥികളുടെ വിജയസാധ്യതയും സമുദായ സമവാക്യങ്ങളും പരിഗണിക്കാത്തതിൽ ചില സംസ്ഥാന നേതാക്കൾ കടുത്ത എതിർപ്പ് ഉയർത്തിയ തോടെയാണ് പട്ടിക പ്രഖ്യാപനം നീളുന്നത്.
പത്തനംതിട്ട ജില്ലയിൽ ആകെയുള്ള അഞ്ചു സീറ്റിൽ നാലും കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. ഇതിൽ ചില പ്രത്യേക സമുദായങ്ങൾക്കു മികച്ച ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി അടുത്ത ബന്ധമുള്ള ചിലരെ ഉൾപ്പെടുത്തിയതാണ് തർക്കം രൂക്ഷമാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.
സമുദായ സമവാക്യങ്ങൾ കൃത്യമായി പാലിക്കുകയും സർവേയിൽ കണ്ടെത്തിയ ജയസാധ്യതയുള്ളവരെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്താൽ മാത്രമേ കോണ്‍ഗ്രസിന് ഭരണം പിടിക്കാൻ കഴിയുകയുള്ളൂവെന്ന നിലപാട് സംസ്ഥാന നേതൃത്വം കടുപ്പിച്ചതോടെയാണ് തർക്കമണ്ഡലങ്ങളിലെ പ്രഖ്യാപനം നീണ്ടതെന്നാണ് വിവരം.
എറണാകുളത്തെ ചില മണ്ഡലങ്ങളിലും തർക്കം രൂക്ഷമാണെന്നാണ് വിവരം. ഇവിടെയും സമുദായ സമവാക്യങ്ങൾ പാലിക്കപ്പെടണമെന്ന ആവശ്യമാണുയരുന്നത്.
കഴിഞ്ഞ രണ്ടു ദിവസം തുടർച്ചയായി ചർച്ച ചെയ്തിട്ടും ഇതിൽ ധാരണയുണ്ടാക്കാൻ കഴിഞ്ഞില്ല. തിരുവനന്തപുരത്തെ പല മണ്ഡലങ്ങളിലും പേരുകളിൽ ധാരണയുണ്ടാക്കാനായില്ല. മറ്റു ജില്ലകളിലെ ചില മണ്ഡലങ്ങളിലെയും പട്ടിക ഒറ്റപ്പേരാക്കാൻ കഴിഞ്ഞിട്ടില്ല.
92 സീറ്റിലാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്നത്. ഇതിൽ 55 സീറ്റ് മാത്രമാണ് പ്രഖ്യാപിക്കാനായത്. ഇനി 37 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിക്കാനുണ്ട്.
രണ്ടും മൂന്നും ഘട്ടമായി മാത്രമേ കോണ്‍ഗ്രസ് സ്ഥാനാർഥിപ്പട്ടിക പൂർത്തിയാകുകയുള്ളുവെന്നാണ് വിവരം. ഇന്നും നാളെയുമായിട്ടാകും ബാക്കിയുള്ള സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനമെന്നാണു ലഭിക്കുന്ന വിവരം.
Kerala
പത്തനംതിട്ട: പത്തനംതിട്ട കൈപ്പട്ടൂരിൽ വയോധികയുടെ തല അടിച്ചുപൊട്ടിച്ച അയൽവാസി പിടിയിൽ. കൈപ്പട്ടൂർ സ്വദേശിനി ഏലിയാമ്മ (71) ആണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ അയൽവാസി സുമേഷ് ആണ് പിടിയിലായത്.
ഞായറാഴ്ച രാവിലെ ആയിരുന്നു സംഭവം. സുമേഷ് വീട്ടിൽ ഉച്ചത്തിൽ പാട്ടുവെച്ച് ശല്യമുണ്ടാക്കിയത് ഏലിയാമ്മ പോലീസിൽ അറിയിച്ചിരുന്നു. ഇതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. ഏലിയാമ്മയെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞു. തുടർന്നായിരുന്നു ആക്രമണം.
ഏലിയാമ്മയുടെ സാരി വലിച്ചുകീറിയതായും പരാതിയുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ച വയോധികയെ കല്ലുകൊണ്ട് പ്രതി തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ ഏലിയാമ്മ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ. പത്മകുമാറിന് ഇന്ന് നിർണായകം. പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെതിരായ സംഘടന നടപടിയിൽ പാർട്ടി തീരുമാനം ഇന്ന് പ്രഖ്യാപിക്കും.
തിങ്കളാഴ്ച രാവിലെ 11ന് ചേരുന്ന നിർണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. പത്മകുമാറിനെ എല്ലാ ചുമതലകളിൽ നിന്നും നീക്കാനാണ് സാധ്യത. കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കും.
ആറന്മുള മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഞായറാഴ്ച പത്മകുമാറിനെ മാറ്റിയിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് പത്മകുമാറിനെതിരെ നടപടി വേണമെന്ന് ജില്ലയിലെ ഏറ്റവും സ്വാധീനമുള്ള വനിതാ നേതാവാണ് സംസ്ഥാന നേതൃത്വത്തിന് മേൽ സമ്മർദം ചെലുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
Kerala
പത്തനംതിട്ട: വീട്ടമ്മയുടെ താലിമാല പൊട്ടിച്ച് ആറ്റിൽചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടി പോലീസ്. കുറുന്താർ സ്വദേശി രാജേഷ് ആണ് കേസിലെ പ്രതി. ആറന്മുള പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
കോഴഞ്ചേരി സ്വദേശിനി പ്രസന്നയുടെ നാല് പവനോളം തൂക്കം വരുന്ന മാലയും പൊട്ടിച്ചായിരുന്നു രാജേഷ് ആറ്റിലേക്ക് എടുത്തുചാടിയത്. വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു രാജേഷ് വീട്ടമ്മയുടെ മാല പൊട്ടിച്ചത്.
ഇയാളെ പിടികൂടാനായി പോലീസ് പ്രതിക്കൊപ്പം ആറ്റിലേക്ക് ചാടുകയായിരുന്നു. എന്നാൽ പ്രതിയെ പിടികൂടിയെങ്കിലും ഇയാളിൽ നിന്ന് മാല കണ്ടെത്താനായില്ല.