പത്തനംതിട്ട: തിരുവല്ലയിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ-മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തെ തട്ടുകടയിലാണ് കുഞ്ഞിനെ ഇന്ന് പുലർച്ചെ നാലോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തട്ടുകടയുടെ ഉടമ ജയരാജൻ ആണ് പുലർച്ചെ കുഞ്ഞിനെ കണ്ടെത്തിയത്. ഇതേ തുടർന്ന് ഇയാൾ ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു. പിന്നാലെ പോലീസ് സ്ഥലത്തെത്തി ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ജയരാജൻ രാവിലെ തട്ടുകട തുറക്കാൻ എത്തിയപ്പോഴാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രിയിൽ തുടരുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
തട്ടുകടയുടെ പിന്നിലുള്ള വീട്ടിലാണ് ജയരാജനും ഭാര്യ ഇന്ദുവും താമസിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.