തിരുവനന്തപുരം: പത്തനംതിട്ടയിലെയും എറണാകുളത്തെയും മണ്ഡലങ്ങളിലെ സ്ഥാനാർഥി തർക്കത്തെ തുടർന്നാണ് കോണ്‍ഗ്രസിന്റെ പൂർണ സ്ഥാനാർഥിപ്പട്ടിക വീണ്ടും വൈകുന്നത്. കേന്ദ്ര സ്ക്രീനിംഗ് കമ്മിറ്റി നിശ്ചയിച്ച സ്ഥാനാർഥികളുടെ വിജയസാധ്യതയും സമുദായ സമവാക്യങ്ങളും പരിഗണിക്കാത്തതിൽ ചില സംസ്ഥാന നേതാക്കൾ കടുത്ത എതിർപ്പ് ഉയർത്തിയ തോടെയാണ് പട്ടിക പ്രഖ്യാപനം നീളുന്നത്.
പത്തനംതിട്ട ജില്ലയിൽ ആകെയുള്ള അഞ്ചു സീറ്റിൽ നാലും കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. ഇതിൽ ചില പ്രത്യേക സമുദായങ്ങൾക്കു മികച്ച ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി അടുത്ത ബന്ധമുള്ള ചിലരെ ഉൾപ്പെടുത്തിയതാണ് തർക്കം രൂക്ഷമാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.
സമുദായ സമവാക്യങ്ങൾ കൃത്യമായി പാലിക്കുകയും സർവേയിൽ കണ്ടെത്തിയ ജയസാധ്യതയുള്ളവരെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്താൽ മാത്രമേ കോണ്‍ഗ്രസിന് ഭരണം പിടിക്കാൻ കഴിയുകയുള്ളൂവെന്ന നിലപാട് സംസ്ഥാന നേതൃത്വം കടുപ്പിച്ചതോടെയാണ് തർക്കമണ്ഡലങ്ങളിലെ പ്രഖ്യാപനം നീണ്ടതെന്നാണ് വിവരം.
എറണാകുളത്തെ ചില മണ്ഡലങ്ങളിലും തർക്കം രൂക്ഷമാണെന്നാണ് വിവരം. ഇവിടെയും സമുദായ സമവാക്യങ്ങൾ പാലിക്കപ്പെടണമെന്ന ആവശ്യമാണുയരുന്നത്.
കഴിഞ്ഞ രണ്ടു ദിവസം തുടർച്ചയായി ചർച്ച ചെയ്തിട്ടും ഇതിൽ ധാരണയുണ്ടാക്കാൻ കഴിഞ്ഞില്ല. തിരുവനന്തപുരത്തെ പല മണ്ഡലങ്ങളിലും പേരുകളിൽ ധാരണയുണ്ടാക്കാനായില്ല. മറ്റു ജില്ലകളിലെ ചില മണ്ഡലങ്ങളിലെയും പട്ടിക ഒറ്റപ്പേരാക്കാൻ കഴിഞ്ഞിട്ടില്ല.
92 സീറ്റിലാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്നത്. ഇതിൽ 55 സീറ്റ് മാത്രമാണ് പ്രഖ്യാപിക്കാനായത്. ഇനി 37 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിക്കാനുണ്ട്.
രണ്ടും മൂന്നും ഘട്ടമായി മാത്രമേ കോണ്‍ഗ്രസ് സ്ഥാനാർഥിപ്പട്ടിക പൂർത്തിയാകുകയുള്ളുവെന്നാണ് വിവരം. ഇന്നും നാളെയുമായിട്ടാകും ബാക്കിയുള്ള സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനമെന്നാണു ലഭിക്കുന്ന വിവരം.