പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ മന്ത്രിസഭകൾ അധികാരമേറ്റിട്ടും വോട്ട് ചെയ്യാൻ പോയ ഭായ് മാർ തിരികെ എത്താത്തതിന്റെ വ്യഥ പത്തനംതിട്ടയിലാണ്.
നാട്ടിലെ ഹോട്ടലുകളിലും തട്ടുകടകളിലും ഫ്രൂട്ട് സ്റ്റാളുകളിലും മത്സ്യം, മാംസം വ്യാപരാ ശാലകളിലുമൊക്കെ ഭായ് മാരുടെ തസ്തികകളിൽ ആളില്ല. കരാറെടുത്ത ജോലികൾ തൊഴിലാളികളില്ലാതെ പൂർത്തിയാക്കാനാകാത്ത അവസ്ഥയിൽ കരാറുകാർ. രൂക്ഷമായ തൊഴിലാളി ക്ഷാമം പത്തനംതിട്ട ജില്ല രണ്ടു മാസമായി അനുഭവിച്ചു വരുന്നത്.
പശ്ചിമബംഗാളിലും ആസാമിലും നിയമസഭാ തെരഞ്ഞെടുപ്പ് ആയതിനാൽ ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ മാർച്ച് അവസാനം മുതൽ നാടുവിട്ടതാണ്. ട്രെയിനിലെ തിരക്ക് കണക്കിലെടുത്ത് പലരും നേരത്തേതന്നെ വോട്ടു ചെയ്യാനായി പുറപ്പെട്ടിരുന്നു. എന്നാൽ വോട്ടെണ്ണലും കഴിഞ്ഞ് സ്വന്തം നാട്ടിൽ പുതിയ മന്ത്രിസഭകളുമായും എങ്കിലും തൊഴിലാളികൾ മടങ്ങിവരാൻ തയാറാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട, റാന്നി, അടൂർ, കടയ്ക്കാട്, തെക്കേമല, തിരുവല്ല, കുന്നന്താനം, മല്ലപ്പള്ളി എന്നിവിടങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിച്ചുവന്നത്. ഏറ്റവുമൊടുവിൽ പോലീസ് ശേഖരിച്ച കണക്കുകളിൽ 55,000 ഇതര സംസ്ഥാന തൊഴിലാളികൾ ജില്ലയിലുണ്ടെന്നു പറയുന്നു. തൊഴിൽ വകുപ്പ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് പത്തുശതമാനം ആളുകൾ മാത്രമാണ്. നിലവിൽ പതിനായിരത്തോളം തൊഴിലാളികൾ മാത്രമേ ജില്ലയിലുള്ളൂവെന്ന് കരാറുകാർ പറയുന്നു. വോട്ട് ചെയ്യാനായി പോയവരിൽ പത്തുശതമാനം ആളുകൾ മാത്രമേ മടങ്ങിവന്നിട്ടുള്ളൂ.
പാചകവാതകത്തിന്റെ വിലക്കയറ്റവും പ്രതിസന്ധിയും കാരണം നട്ടം തിരിയുന്നതിനിടെയാണ് ഹോട്ടൽ മേഖലയിൽ തൊഴിലാളികളെ കിട്ടാതായത്. പല ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. മറ്റു ചിലവ ഭാഗികമായിട്ടേ പ്രവർത്തിക്കുന്നുള്ളൂ. പാചകശാലകളിലും വെയ്റ്റർമാരായും ഒക്കെ പ്രവർത്തിച്ചിരുന്നത് ഇതര സംസ്ഥാനക്കാരാണ്. തട്ടുകടകളിലും സ്ഥിതി സമാനമാണ്. വഴിവക്കുകളിലെ തട്ടുകടകളും രാത്രികാലങ്ങളിൽ വ്യാപാരം നടത്തി വന്ന ഭക്ഷണശാലകളും അടച്ചു.
വോട്ടെടുപ്പിനുശേഷം മടങ്ങിയെത്തുമെന്ന പേരിലാണ് തൊഴിലാളികളേറെയും സ്വന്തം നാടുകളിലേക്കു പോയത്. എന്നാൽ ഇവരിൽ നല്ലൊരു പങ്കും ഇപ്പോൾ സ്വന്തം നാടുകളിൽ തന്നെ നിൽക്കുകയാണ്. പശ്ചിമബംഗാളിൽ ഭരണമാറ്റമുണ്ടായതോടെ നാട്ടിൽതന്നെ പുതിയ തൊഴിൽ സാധ്യതകൾ തേടുകയാണ് ഇവരിൽ പലരുമെന്നാണ് സൂചന.ഭായിമാരെ എങ്ങനെയെങ്കിലും മടക്കി എത്തിക്കാനായി ഹോട്ടൽ ഉടമകൾ നിരന്തരശ്രമം നടത്തിവരികയാണ്.
നിർമാണ മേഖല കടുത്ത പ്രതിസന്ധിയിൽ
ഇതര സംസ്ഥാന തൊഴിലാളികൾ നാടുവിട്ടതോടെ ജില്ലയിലെ നിർമാണ മേഖലയും കടുത്ത പ്രതിസന്ധിയെ നേരിടുന്നു. ബംഗാൾ, ആസാം, ബീഹാർ എന്നിവിടങ്ങളിലെ തൊഴിലാളികളായിരുന്നു നിർമാണ മേഖലയിൽ ഏറെയുണ്ടായിരുന്നത്. ഇവരിൽ ബീഹാറുകാർ മാത്രമാണ് ഇപ്പോൾ നാട്ടിലുള്ളത്. ബംഗാൾ സ്വദേശികളിൽ നല്ലൊരു പങ്കും മടങ്ങിവന്നിട്ടില്ല. തൊഴിലാളികളുടെ അഭാവം കാരണം നിർമാണ മേഖല അപ്പാടെ സ്തംഭിച്ച മട്ടാണ്.
നിശ്ചിത സമയപരിധിയിൽ പണികൾ തീർക്കാനാകാതെ കരാറുകാർ നട്ടം തിരിയുകയാണ്. കാലവർഷം ആരംഭിക്കുന്നതിനു മുന്പു പൂർത്തീകരിക്കാൻ നിശ്ചയിച്ചിരുന്ന പണികളാണ് ഇവയിലേറെയും. വൻകിട കരാറുകാരും ചെറുകിടക്കാരും സമാനമായ പ്രതിസന്ധി നേരിടുകയാണ്.
പുതിയ സ്കൂൾ വർഷം ആരംഭിക്കുന്നതിനു മുന്പായി പൂർത്തീകരിക്കേണ്ട സ്കൂൾ കെട്ടിടങ്ങൾ അടക്കമുള്ള ജോലികളും തടസപ്പെട്ടിട്ടുണ്ട്. റോഡുകൾ, പാലങ്ങൾ തുടങ്ങിയവയും തടസപ്പെട്ടു. പത്തനംതിട്ട നഗരത്തിൽ അബാൻ മേൽപാലം, ജനറൽ ആശുപത്രി, ജില്ലാ സ്റ്റേഡിയം കോഴഞ്ചേരിയിൽ പുതിയ പാലം ഇവയൊക്കെ ഇഴയുകയാണ്. ഭാഗികമായി ഉദ്ഘാടനം ചെയ്ത പദ്ധതികളാണിവ. പുതിയ സർക്കാർ അധികാരത്തിലെത്തുന്നതിനു മുന്പായി പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിരുന്ന ജോലികളും തടസപ്പെട്ടു കിടക്കുകയാണ്.
പന്തളം വയറപ്പുഴപാലത്തിന്റെ ജോലികളും സമയബന്ധിതമായി പൂർത്തിയാകില്ല. നിർമാണ മേഖലകളിൽ പലയിടത്തും ഒന്നോ രണ്ടോ ആളുകൾ പേരിനു പണിയെടുക്കുകയാണ്. ഇതര സംസ്ഥാനക്കാരുടെ ക്ഷാമം കാരണം തൊഴിൽ മേഖല സ്തംഭിച്ചതോടെ നാട്ടുകാരായ തൊഴിലാളികൾക്കും എന്നും ജോലിയില്ലാത്ത സ്ഥിതിയുണ്ട്.
പല സൈറ്റുകളിലും ജോലികൾ തടസപ്പെട്ടതോടെ നാട്ടുകാർക്കും പണിയെടുക്കാനാകുന്നില്ല. മേസ്തിരിമാരായും സൂപ്പർവൈസർമാരായും സൈറ്റുകളിൽ ജോലിയെടുത്തിരുന്നവരുടെ തൊഴിലിനെയും വേതനത്തെയും തൊഴിലാളി ക്ഷാമം ബാധിച്ചു തുടങ്ങി.
കാർഷിക ജോലികൾക്കും ആളില്ല
കൃഷിക്കാരെ സഹായിക്കാനും മറ്റുമായി ദിവസവേതനത്തിനു പണിയെടുത്തിരുന്നത് ഇതര സംസ്ഥാനക്കാരാണ്. മഴക്കാലത്തിനു മുന്പായി നടത്തേണ്ട കാർഷിക ജോലികൾ തൊഴിലാളികളെ ലഭിക്കാതെ വന്നതോടെ തടസപ്പെട്ടിട്ടുണ്ട്.
കിഴങ്ങുവർഗ കൃഷി, നെൽപാടങ്ങളിൽ കളപറിക്കൽ, മരുന്നു തളിക്കൽ തുടങ്ങിയ ജോലികൾക്കെല്ലാം തൊഴിലാളികളെ കിട്ടാതെയായി.
ചെറുകിട കോൺക്രീറ്റ് ജോലികൾ, മേസ്തിരിപ്പണികൾ എന്നിവയ്ക്കു സഹായികളായി എത്തിയിരുന്നതും ഇറച്ചിക്കോഴി മീൻവില്പന കേന്ദ്രങ്ങളിൽ ജോലിയെടുത്തിരുന്നതും ഇതര സംസ്ഥാനക്കാരാണ്.
വ്യാപാര സ്ഥാപനങ്ങളിൽ സഹായികളായും ഇവരുണ്ടായിരുന്നു. വീടുകളിലും സഹായികളായി പ്രവർത്തിച്ചിരുന്നവരും ഉണ്ട്. കുടുംബസമേതം കേരളത്തിലെത്തി താമസിച്ചുവന്നിരുന്നവരോടൊപ്പമുണ്ടായിരുന്ന സ്ത്രീകൾ പല വീടുകളും സഹായികളായി ജോലി ചെയ്തിരുന്നു.
Tags : nattu vishesham Work halt in Pathanamthitta