സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗം.
ഇടുക്കി: ഐഡിഎ ഗ്രൗണ്ടില്‍ നടക്കുന്ന ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി.
സ്വാതന്ത്ര്യദിന പരേഡിന്റെ റിഹേഴ്സല്‍ ഓഗസ്റ്റ് 11, 13 തീയതികളില്‍ നടക്കും. രാവിലെ എട്ടിന് റിഹേഴ്സല്‍ ആരംഭിക്കും. പരേഡിനാവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വകുപ്പുകളെ ചുമതലപ്പെടുത്തി. പരേഡ് ഗ്രൗണ്ടില്‍ മുന്നൊരുക്കങ്ങള്‍ ഈ മാസം 30 നകം പൂര്‍ത്തീകരിക്കാന്‍ കളക്ടര്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്കി.
പോലീസ്, ഫയര്‍ ആൻഡ് റെസ്ക്യൂ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ബാന്‍ഡ്, എന്‍സിസി, എന്‍ഡിആര്‍എഫ് തുടങ്ങിയ വിഭാഗങ്ങള്‍ പരേഡില്‍ അണിനിരക്കും. ജില്ലാ പോലീസ് മേധാവിക്കായിരിക്കും പരേഡിന്റെ ഏകോപന ചുമതല. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഏകോപനം എഡിഎം നിര്‍വഹിക്കും. റിഹേഴ്സല്‍ നടക്കുന്ന ദിവസങ്ങളിലും 15 നും ആംബുലന്‍സ് അടക്കം മെഡിക്കല്‍ ടീം സജ്ജമായിരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയിലെ പ്രമുഖ വ്യക്തികളെ പരിപാടിയില്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
Tags : Local News Nattuvishesham Independence Day Arrangements