കാഞ്ഞങ്ങാട് ടൗൺ ബസ് സ്റ്റാൻഡിന്റെ എതിർവശത്തുള്ള ബസ് ബേയിൽ സ്ഥലപ്പേരുകൾ തെറ്റായി കാണിച്ചുകൊണ്ട് ബോർഡ് സ്ഥാപിച്ച നിലയിൽ.
കാഞ്ഞങ്ങാട്: ജില്ലാ ആസ്ഥാനമായ കാസർഗോഡ് നഗരത്തിന്റെ പേര് മലയാളത്തിലുള്ള ഔദ്യോഗിക രേഖകളിൽ കാസർഗോഡ് എന്നും കാസർകോട് എന്നും എഴുതാറുണ്ട്.
കന്നഡ ഭാഷയിൽ നിന്നുള്ള യഥാർഥ പ്രയോഗം കാസർഗോഡ് എന്നാണെന്നും അതിനെ മലയാളത്തിന്റെ ശൈലിയിലേക്കു മാറ്റുമ്പോൾ അത് കാസർകോട് ആയി മാറുമെന്നുമാണ് ഭാഷാവിദഗ്ധരുടെ വിശദീകരണം. എന്നാൽ ഇത് രണ്ടുമല്ലാതെ പുതിയൊരു രീതിയിലാണ് കാഞ്ഞങ്ങാട് നഗരത്തിലെ ബസ് ബേയിൽ നഗരസഭ സ്ഥാപിച്ച ബോർഡിൽ സ്ഥലപ്പേരുകൾ എഴുതിയിരിക്കുന്നത്.
കാസറകോട് എന്നാണ് മലയാളത്തിലുള്ള ബോർഡിൽ ജില്ലാ ആസ്ഥാനത്തിന്റെ പേരെഴുതിയിട്ടുള്ളത്. തൊട്ടുതാഴെ ബേക്കൽ എന്ന പേരിൽ ലോകപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രത്തിന്റെ പേര് ബേക്കലം എന്നും എഴുതുയിട്ടുണ്ട്.
ഉച്ചാരണശൈലിയിൽ കാസറകോട് എന്നും ബേക്കലം എന്നുമൊക്കെ പറഞ്ഞാലും നഗരസഭ ഔദ്യോഗികമായി സ്ഥാപിച്ച ബോർഡിൽ അങ്ങനെയൊക്കെ എഴുതുന്നത് ശരിയാണോയെന്ന ചോദ്യമാണ് ഉയരുന്നത്. സ്ഥലപരിചയമില്ലാതെ മറ്റിടങ്ങളിൽ നിന്നെത്തുന്നവർ ഈ ബോർഡ് കണ്ടാൽ അതിൽ പറഞ്ഞിരിക്കുന്നത് കാസർഗോഡിനെയും ബേക്കലിനെയും കുറിച്ചുതന്നെയാണോയെന്ന് സംശയിക്കാനിടയുണ്ട്. യാത്രക്കാർക്ക് വഴികാട്ടുന്നതിനായി നഗരസഭ ബോർഡ് സ്ഥാപിക്കുമ്പോൾ അതിൽ സ്ഥലപ്പേരുകൾ കൃത്യമായിത്തന്നെ രേഖപ്പെടുത്തുന്ന കാര്യമെങ്കിലും ശ്രദ്ധിക്കേണ്ടതല്ലേ എന്നാണ് നാട്ടുകാരുടെ ചോദ്യം.
Tags : Kanhangad Municipality's notice board Nattuvishesham DistrictNews