ഇന്ധനം തീർന്നതിനെ തുടർന്ന് ലോറി റോഡരികിൽ ഒതുക്കിയിട്ടിരിക്കുന്നു.
തൃപ്പൂണിത്തുറ: കൂറ്റൻ വെസലുമായി വന്ന ട്രെയിലർ ലോറി ഇന്ധനം തീർന്നതിനെ തുടർന്ന് വഴിയിൽ കുടുങ്ങി. രാജസ്ഥാനിൽ നിന്നും വെള്ളൂരിലേയ്ക്ക് വെസലുമായി എത്തിയ ലോറിയാണ് വഴി തെറ്റിയെത്തി തൃപ്പൂണിത്തുറ പഴയ ബസ് സ്റ്റാൻഡ് - കിഴക്കേക്കോട്ട മെയിൻ റോഡിൽ കുടുങ്ങിയത്.
വെള്ളിയാഴ്ച രാത്രിയെത്തിയ ലോറി എസ്എൻ ജംഗ്ഷൻ റിഫൈനറി റോഡ് വഴിവിളക്ക് ജംഗ്ഷനിൽ നിന്നും തിരിഞ്ഞു പോകേണ്ടതിന് പകരം എസ്എൻ ജംഗ്ഷനിൽ നിന്നും കിഴക്കേക്കോട്ട മെയിൻ റോഡിലേയ്ക്ക് കയറുകയായിരുന്നു. തുടർന്ന് ഇടുങ്ങിയ റോഡിൽ താഴ്ന്നു കിടന്ന കേബിളുകളും മറ്റും വാഹന സഞ്ചാരത്തിന് തടസമായി മാറി. ഒട്ടേറെ സമയമെടുത്ത് ലോറി മെയിൻ റോഡിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിനടുത്തെത്തിയപ്പോൾ ഡീസൽ തീർന്നു പോകുകയായിരുന്നു. ഇതോടെ ലോറി റോഡിന് വലതു വശം ചേർന്ന് ഒതുക്കിയിട്ടു.
ഇന്നലെ രാവിലെ പമ്പിൽ നിന്നും ഡീസലെത്തിച്ച് ഇന്ധന ടാങ്കിൽ ഒഴിച്ചെങ്കിലും പകൽ സമയത്തെ ലോറിയുടെ യാത്ര ഗതാഗതക്കുരുക്കിന് കാരണമാകുമെന്നതിനാൽ സഞ്ചാരം രാത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. വീതി കുറഞ്ഞ റോഡിൽ വെസലുമായി ലോറി കിടന്നതോടെ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇന്നലെ പകൽ ബുദ്ധിമുട്ടിയാണ് ഇവിടം കടന്നത്. പേട്ടയിൽ നിന്നും മിനി ബൈപാസ് വഴി പോകാമെന്നിരിക്കെ തൃപ്പൂണിത്തുറ ടൗണിലേയ്ക്ക് കടന്നതാണ് ലോറിക്ക് കെണിയായത്.
Tags : Lorry carrying a massive vessel Nattuvishesham DistrictNews