പാലക്കാട്: വിജയസാധ്യത ഏറെ ഉണ്ടായിരുന്നിട്ടും ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ പരാജയപ്പെടാൻ കാരണമായതു വോട്ട് ഡീലാണെന്ന് യുഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയും ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് (ഡിഎംഎഫ്) നേതാവുമായ പി.കെ. ശശി ആരോപിച്ചു. മണ്ഡലത്തിൽ യുഡിഎഫിനു ലഭിക്കേണ്ടിയിരുന്ന 11,122 വോട്ടുകൾ ചോർന്നതായി അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒറ്റപ്പാലത്തു ബിജെപിക്ക് ഏകദേശം 17,000 വോട്ടിന്റെ വർധന ഉണ്ടായതായി ചൂണ്ടിക്കാട്ടിയ ശശി ഇതിനുപിന്നിൽ ആരാണുള്ളതെന്ന് യുഡിഎഫും മുസ്ലിം ലീഗ് നേതൃത്വവും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യം യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.
ജില്ലയിൽ സിപിഎമ്മിനു കനത്ത തിരിച്ചടിയാണുണ്ടായത്. ഡിഎംഎഫ് യുഡിഎഫിനൊപ്പം ചേർന്നു പ്രവർത്തിച്ചതിന്റെ ഫലമായി തൃത്താല, കോങ്ങാട്, ചിറ്റൂർ മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിനു സീറ്റ് നഷ്ടമായി. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ ആലത്തൂർ, മലന്പുഴ, തരൂർ മണ്ഡലങ്ങളിലടക്കം ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. ജില്ലയിലെ 12 മണ്ഡലങ്ങളിലായി ഇടതുപക്ഷത്തിന് 78,499 വോട്ടിന്റെ കുറവുണ്ടായി. ഇതിൽ ഡിഎംഎഫിന്റെ സ്വാധീനത്തെ തള്ളിക്കളയാനാവില്ല.
സിപിഎം ജില്ലാ സെക്രട്ടറി നിരന്തരം തന്നെ വിമർശിക്കുന്നുവെന്നു പറഞ്ഞ പി.കെ. ശശി, താൻ ഒന്നുമല്ലെങ്കിൽ പിന്നെ എന്തിനാണ് ദിവസവും തന്നെക്കുറിച്ചു പറയുന്നതെന്നു ചോദിച്ചു. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണം. സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും അന്വേഷണം വേണമെന്നു പി.കെ. ശശി ആവശ്യപ്പെട്ടു.