കോഴിക്കോട്: ശബരിമലയിലെ സ്വര്‍ണപ്പാളികൾ മോഷ്ടിക്കപ്പെട്ടെന്ന ആരോപണത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് യുവമോര്‍ച്ച. കോഴിക്കോട് കളക്ടറേറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സ്വര്‍ണ്ണക്കൊള്ളയില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ദേവസ്വം മന്ത്രി വി.എന്‍. വാസവന് രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കളക്ടറേറ്റിന് മുന്നില്‍ പോലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് പലതവണ ജ ല പീരങ്കി ഉപയോഗിച്ചു.ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക വിഗ്രഹങ്ങളിലെയും ശ്രീകോവില്‍ വാതിലിലെയും സ്വര്‍ണപ്പാളികളിൽ വലിയ തോതിലുള്ള കുറവുണ്ടായെന്ന ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം.
ഭക്തരുടെ പണം കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെയും യുവമോര്‍ച്ചയുടെയും തീരുമാനം.
Tags : Yuva Morcha Protest Calicut BJP Gold Theft