Kerala
കോഴിക്കോട്: ഓമശേരിയിൽ പ്രവർത്തിച്ചുവന്നിരുന്ന അനധികൃത ഗ്യാസ് ഫില്ലിംഗ് കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിൽ 91 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.
ഓമശേരി പഞ്ചായത്തിലെ തെച്ച്യാട് പ്രവര്‍ത്തിച്ചിരുന്ന ഗ്യാസ് ഫില്ലിംഗ് കേന്ദ്രത്തിലായിരുന്നു പരിശോധന. 29 ഗാര്‍ഹിക സിലിണ്ടറുകള്‍, 31 വാണിജ്യ സിലിണ്ടറുകള്‍, രണ്ട് ചെറിയ സിലിണ്ടറുകള്‍ എന്നിവയുള്‍പ്പെടെ 62 സിലിണ്ടറുകളാണ് പിടിച്ചെടുത്തത്.
ഇതിൽ 29 സിലിണ്ടറുകൾ തൊട്ടടുത്ത വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറില്‍ നിന്ന് ഗാര്‍ഹികേതര ആവശ്യത്തിനുള്ളവയിലേക്ക് ഗ്യാസ് മാറ്റി നിറയ്ക്കാൻ ഉപയോഗിക്കുന്ന അഞ്ച് മോട്ടോറുകളും പിടിച്ചെടുത്തു.
Kerala
കോഴിക്കോട്: താമരശേരിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വയറിംഗ് സാമഗ്രികൾ ഉൾപ്പെടെ മോഷ്ടിച്ച പ്രതി പിടിയിൽ. തച്ചംപൊയിൽ സ്വദേശി ഒ.പി.അനസ് ആണ് പിടിയിലായത്. കവർച്ച നടത്തി രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് അനസ് പിടിയിലായത്.
താമരശേരി കാരടി മാനിപുരം റോഡിൽ പുതിയ ബസ് സ്റ്റാന്റിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലായിരുന്നു മോഷണം. ചെമ്പുകമ്പി, വയറിംഗ് സാമഗ്രികൾ എന്നിവ മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അനസിനെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
മുൻപും പലതവണ ഇതേ കെട്ടിടത്തിൽ സമാന രീതിയിൽ അനസ് കവർച്ച നടത്തിയിരുന്നു. ബാലുശേരി, കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധികളിലെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായ അനസ്. പ്രതി മോഷണം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Kerala
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. കോഴിക്കോട് കിണാശേരി മനാത്ത് ഹൗസില്‍ ഇബ്രാഹിം കരീം(34) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്.
കോഴിക്കോട്-പെരുമണ്ണ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കിസ്മത്ത് ബസിലെ കണ്ടക്ടറാണ് പ്രതി. ഞായറാഴ്ചകളില്‍ ട്യൂഷന് കഴിഞ്ഞ് വരുമ്പോള്‍ ഇയാള്‍ നിരന്തരം തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായി 17കാരൻ നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയലിന് ക്ലാസ് കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിയെ പ്രതി ബസിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതിയിൽ പറയുന്നു. ഇതേ തുടർന്നാണ് പോക്സോ വകുപ്പ് ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട. നഗരത്തിൽ നിന്ന് ഒരു കിലോയിലേറെ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പന്തീരങ്കാവ് ദേശീയപാത സർവീസ് റോഡിൽവച്ചാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്.
മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് ഹർഷലാൽ (25), ചേലേമ്പ്ര സ്വദേശി ആദിൽഷാ (20), ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫർഹാൻ എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പോലീസും ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ഇവരിൽ നിന്ന് 1013.26 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.
Kerala
കോഴിക്കോട്: സ്ട്രോംഗ് റൂം വിവാദത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റേത് ഏകപക്ഷീയമായ നടപടിയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ. നിയമപരമായി മുന്നോട്ട് പോകും. ചട്ട ലംഘനം നടന്നില്ല എങ്കിൽ സ്ട്രോംഗ് റൂമിനടുത്ത് മെറ്റീരിയൽ റൂം സ്ഥാപിച്ചത് ആരാണ്? തൊട്ടടുത്ത മുറിയിൽ ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചത് ചട്ട ലംഘനമല്ലേ ? വരണാധികാരികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമനടപടി തുടരും.
ചട്ട ലംഘനമല്ലെന്ന ഉത്തരവ് തനിക്ക് ലഭിച്ചില്ല. സംശയമുള്ള വിവിപാറ്റ് എണ്ണണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുമെന്നും പ്രവീൺകുമാർ വ്യക്തമാക്കി. കോഴിക്കോട് ജില്ലയിൽ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം നിയന്ത്രണം ഏർപ്പെടുത്തിയതിലും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫ് ജയിക്കും എന്നറിഞ്ഞു കൊണ്ടാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര, കൊയിലാണ്ടി സ്ട്രോംഗ് റൂം വിവാദത്തില്‍ ചട്ടലംഘനമില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ചട്ടലംഘനമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചതായി ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. സ്ട്രോംഗ് റും തുറന്നിട്ടില്ലെന്നും വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും കളക്ടര്‍ പറഞ്ഞു.
പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റു നടപടികളുണ്ടാകില്ലെന്നും കളക്ടര്‍ പറഞ്ഞു. കൊയിലാണ്ടി വരണാധികാരി സ്ട്രോംഗ് റൂമിനടുത്ത് പോയത് പതിവ് പരിശോധനക്കെന്നും ചട്ട ലംഘനമുണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.
Kerala
തേഞ്ഞിപ്പലം: നാല് വർഷ ബിരുദ പരീക്ഷാ തീയതി മാറ്റുന്നതുമായി ബന്ധപ്പെട്ട എംഎസ്എഫ് ഉപരോധസമരത്തിൽ സംഘർഷം. പരീക്ഷ നീട്ടിവയ്ക്കാമെന്ന ഉറപ്പ് പരീക്ഷാ കണ്ട്രോളർ ലംഘിച്ചെന്ന് ആരോപിച്ച് എംഎസ്എഫിന്റെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾ നടത്തിയ ഉപരോധ സമരമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഇന്നലെ വൈകീട്ട് നാലോടെ തുടങ്ങിയ പരീക്ഷാഭവൻ ഉപരോധ സമരത്തിനിടെ ജീവനക്കാർ രംഗത്തുവരികയും വാക്കേറ്റം പിന്നീട് സംഘർഷത്തിലെത്തുകയുമായിരുന്നു. തേഞ്ഞിപ്പലം പോലീസ് പരീക്ഷാഭവനിൽ എത്തിയെങ്കിലും പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസ് വിദ്യാർഥികൾ പൂട്ടിയിട്ടതിനാൽ അകത്തേക്ക് പ്രവേശിക്കാനായില്ല.
പരീക്ഷ പുനഃക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലായിരുന്നു യൂണിയൻ ഭാരവാഹികൾ. ഇതിനിടെ ഓഫീസിനുള്ളിൽ കുടുങ്ങിയ ജീവനക്കാരെ പുറത്തിറക്കണമെന്ന ആവശ്യവുമായി ഇടത് സർവീസ് സംഘടന ഭാരവാഹികൾ രംഗത്തെത്തുകയും വാക്കുതർക്കമുണ്ടാകുകയും സംഘർഷത്തിനിടയാക്കുകയുമായിരുന്നു.
തേഞ്ഞിപ്പലം സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരേ തിരിഞ്ഞ ഇടതു ജീവനക്കാരെ പോലീസ് ബലംപ്രയോഗിച്ച് തിരിച്ചയച്ചു. ബിരുദ വിദ്യാർഥികളുടെ ഇന്റേണ്‍ഷിപ്പ് സമയത്തുതന്നെ നാലാം സെമസ്റ്റർ പരീക്ഷകൾ മേയ് ഏഴ് മുതൽ നടത്താൻ തീരുമാനിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികളായ എംഎസ്എഫ് നേതാക്കൾ പരീക്ഷാഭവൻ ഉപരോധിച്ചിരുന്നു.
സമരത്തെത്തുടർന്ന് നടന്ന ചർച്ചയിൽ പരീക്ഷകൾ മേയ് 11ലേക്ക് മാറ്റുമെന്ന് കണ്ട്രോളർ രേഖാമൂലം ഉറപ്പ് നൽകിയിരുന്നുവെന്നും എന്നാൽ ഈ ഉറപ്പ് പാലിക്കാനോ പരീക്ഷാ തിയതി പുനഃക്രമീകരിച്ച് ഉത്തരവിറക്കാനോ അധികൃതർ തയാറായില്ലെന്നാണ് ആരോപണം.
ഒടുവിൽ വൈസ് ചാൻസലർ ഇടപെടുകയും പരീക്ഷകൾ പുനഃക്രമീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇതിനെത്തുടർന്ന് കണ്‍ട്രോളറുടെ ഓഫീസിൽ ഫയൽ നടപടികൾ ആരംഭിച്ചതോടെയാണ് വൈകുന്നേരം അഞ്ചോടെ സമരം അവസാനിപ്പിച്ചത്. സർവകലാശാല യൂണിയൻ ചെയർപേഴ്സണ്‍ പി.കെ. ഷിഫാന, ജനറൽ സെക്രട്ടറി സുഫിയാൻ വില്ലൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം സൽമാൻ കാപ്പിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
Kerala
കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളിലെ വിവിധയിടങ്ങളിൽ നടന്ന എട്ടോളം മോഷണ കേസുകളിലെ പ്രതിയും കൂട്ടാളിയും പിടിയിൽ. ഷിമോഗ കൊപ്പ സ്വദേശി ഡോളർ അനി എന്നറിയപ്പെടുന്ന അനിൽകുമാർ (38), താമരശേരി അമ്പായത്തോട് സ്വദേശി ജയിംസ്(57) എന്നിവരാണ് പിടിയിലായത്.
50ൽ അധികം മോഷണ കേസുകളിലെ പ്രതിയായ ഡോളർ അനിയുടെ പേരിൽ തമിഴ്നാട്ടിലും നിരവധി കേസുകളുണ്ട്. കോഴിക്കോട് അഴകൊടിയിൽ സൈബർ ഫോറൻസിക് വിദഗ്ധന്റെ വീട്ടിൽ നടത്തിയ മോഷണത്തിന് പിന്നാലെയാണ് പ്രതി പിടിയിലാകുന്നത്.
മാർച്ച് 24ന് ആയിരുന്നു ഡോളർ അനി സൈബർ ഫോറൻസിക് വിദഗ്ധൻ വിനോദ് ഭട്ടത്തിരിപ്പാടിന്റെ വീട്ടിൽനിന്ന് 20 പവനോളം സ്വർണം കവർന്നത്. വീട്ടുകാർ യാത്രപോയ സമയം നോക്കി വീടിന്റെ മുൻവാതിൽ പൊളിച്ചായിരുന്നു മോഷണം.
മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ചത് ജയിംസ് ആയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും ശാസ്ത്രീയ അന്വേഷണത്തിന്റെയും സഹായത്തോടെ പ്രതി ഡോളർ അനിയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇയാൾക്കായി കർണാടകയിലും തമിഴ്നാട്ടിലും പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
തമിഴ്നാട്ടിലെ കമ്പത്ത് ഒളിവിലുണ്ടെന്ന് മനസിലാക്കി പോലീസ് അവിടെ എത്തിയപ്പോഴേക്കും തമിഴ്നാട് പോലീസ് മറ്റൊരു കേസിൽ പ്രതിയെ അന്വേഷിച്ചെത്തിയതോടെ ഇയാൾ അവിടെ നിന്നും മുങ്ങി. തുടർന്ന് തേനിയിൽ നിന്നാണ് പ്രതിയെ കേരള പോലീസ് പിടികൂടിയത്.
Kerala
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് ഇരുവഴിഞ്ഞി പുഴയില്‍ കുളിക്കാനിറങ്ങിയവർക്ക് നീര് നായയുടെ കടിയേറ്റു. കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് നീര് നായയുടെ കടിയേറ്റത്. മൂന്ന് പേര്‍ക്കും കാലില്‍ ആഴത്തില്‍ മുറിവേറ്റു.
മുക്കം പെരുമ്പടപ്പ് കരിമ്പ് ഉന്നതിയില്‍ താമസിക്കുന്ന ഖദീജ, കഞ്ഞിരമുഴി മുളംതോട്ടത്തില്‍ അനീഷിന്റെ മകന് ആദിദേവ്(15), കരിമ്പ് ഉന്നതിയിലെ ബന്ധുവീട്ടില്‍ എത്തിയ കാരശേരി പഞ്ചായത്തിലെ ഏടലമ്പാട്ട് സ്വദേശി ഫിദല്‍ അഹമ്മദ്(9) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പുഴയിലെ തുമ്പോണ കടവില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇവര്‍. ഇവരെ ആദ്യം മുക്കം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മേഖലയിൽ നീര് നായയുടെ സാന്നിധ്യം വര്‍ധിച്ചതായും നാട്ടുകാർ ആരോപിക്കുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ വൻ ലഹരി വേട്ട. മൂന്ന് കിലോഗ്രാമിലേറെ എംഡിഎംഎയും എംഡിഎംഎ പിൽസുമായി യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിലായി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അളവിൽ രാസ ലഹരി പിടിച്ച സംഭവങ്ങളിലൊന്നാണിത്.
കൊണ്ടോട്ടി കച്ചേരക്കൽ സ്വദേശി ഷഫീക്ക്, അടിവാരം സ്വദേശിനി ഫാത്തിമ നസ്രീൻ എന്നിവരാണ് കേസിൽ പിടിയിലായത്. കോഴിക്കോട് എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. 3കിലോ 300 ഗ്രാമോളം എംഡിഎംഎ, 56 ഗ്രാം എംഡിഎംഎ പിൽസുമാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്.
രാജസ്ഥാനിൽ നിന്ന് ലഹരി എത്തിച്ചതായിട്ടാണ് പ്രതികളുടെ മൊഴി. ഇതിനായി മംഗലാപുരത്തേക്ക് വിളിച്ചു വരുത്തി എന്നാണ് ഫാത്തിമ നസ്രീൻ നൽകിയിരിക്കുന്ന മൊഴിയെന്നും എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പിടിയിലായവരിലൊരാളായ ഷെഫീക്ക് ഇവിടെ നിന്നും രാജസ്ഥാനിലേക്ക് കാറോടിച്ചു പോകുകയും കാറിലെ ബോണറ്റിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കടത്തിക്കൊണ്ടുവരികയുമായിരുന്നു. മംഗലാപുരത്ത് നിന്നാണ് ഫാത്തിമ നസ്രീൻ വാഹനത്തിൽ കയറുന്നത്.
പെൺകുട്ടിക്കും ഇക്കാര്യം അറിയാമായിരുന്നു എന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. 20 വയസുള്ള ഫാത്തിമ നസ്രീൻ പ്ലസ് ടു കഴിഞ്ഞയാളാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് പെൺകുട്ടി. നേരത്തെ വിവരം ലഭിച്ചതിനെ തുടർന്ന് മംഗലാപുരം മുതൽ വാഹനം എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. കൊയിലാണ്ടി കാരാപൊയിൽ ഫിറോസ്(29), പയ്യന്നൂർ ഹരിവിലാസം വീട്ടിൽ ശീതൾ ശിവദാസ് (21) എന്നിവരാണ് പിടിയിലായത്.
വിൽപനയ്ക്കായി സൂക്ഷിച്ച 11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവുമാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്. ഇതോടൊപ്പം പാക്കിംഗിന് ഉപയോഗിക്കുന്ന വസ്തുക്കളും ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തിട്ടുണ്ട്.
മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിന് സമീപമുള്ള ബ്ലൂ മെറിഡിയൻ അപ്പാർട്ട്മെന്റിൽ നിന്നാണ് ഇരുവരും പിടിയിലായത്. കോഴിക്കോട് എക്സൈസ് ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Kerala
കോഴിക്കോട്: ഇരിങ്ങാടന്‍പള്ളിയില്‍ എംഡിഎംഎയുമായി യുവതി ഉള്‍പ്പടെ മൂന്ന് പേര് പിടിയില്‍. ബേപ്പൂര്‍ സ്വദേശി അമല്‍ കുമാര്‍, പയ്യാനക്കല്‍ സ്വദേശി ഷാഹുല്‍ ഹമീദ്, പേരാമ്പ്ര പന്തിരിക്കര സ്വദേശി കാമ്യക റീജു എന്നിവരാണ് പിടിയിലായത്.
108 ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്ന് കണ്ടെടുത്തു. ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. യുവതിയുടെ പേരിലാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും രാസലഹരിയെത്തിക്കുന്ന സംഘമാണ് പോലീസിന്റെ പിടിയിലായത്.
ചേവായൂര്‍ പോലീസും ഡാന്‍സാഫും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. പ്രതിയായ അമൽ മുൻപും എംഡിഎംഎ കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Kerala
കോഴിക്കോട്: ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാർ (30) ആണ് പിടിയിലായത്.
റെയിൽവേ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. എരഞ്ഞോളി താഴേക്കുനിയിൽ ഐശ്വര്യയ്ക്ക്(22) ആണ് കല്ലേറിൽ ഗുരുതരമായി പരിക്കേറ്റത്. മാർച്ച് 30ന് ആയിരുന്നു സംഭവം. പ്രതി ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്.
ആലുവയിലെ ഹോസ്റ്റലിൽ നിന്നും ട്രെയിനിൽ കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു പരിക്കേറ്റ ഐശ്വര്യ. ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ വച്ചായിരുന്നു സംഭവം നടന്നത്.
കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടതുവശത്തെ രണ്ടു പല്ലുകൾ നഷ്ടമാവുകയും ചുണ്ടിനു മുറിവേൽക്കുകയും ചെയ്തു. ആലുവ യുസി കോളജിലെ ബയോ ഇൻഫർമാറ്റിക് പിജി വിദ്യാർഥിനിയാണ് ഐശ്വര്യ.
Kerala
കോഴിക്കോട്: ലോൺ ആപ്പിൽ നിന്നും ഭീഷണി നേരിട്ടിരുന്ന യുവാവിനെ കാണാനില്ലെന്ന് കാട്ടി കുടുംബം നൽകിയ പരാതിയിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. വടകര ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ ആണ് കാണാതായത്.
വിഷ്ണുവിന് ലോൺ ആപ്പുകാരിൽ നിന്നും ഭീഷണിയുണ്ടായിരുന്നുവെന്ന് കുടുംബം നൽകിയ പരാതിയിൽ ആരോപിക്കുന്നു. ഇതിന്റെ തെളിവുകളും കുടുംബം പോലീസിന് കൈമാറി. വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം.
10,000 രൂപയാണ് ലോൺ ആപ്പ് വഴി വിഷ്ണു വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ മോർഫ് ചെയ്ത ചിത്രങ്ങളടക്കം കാണിച്ച് ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ഭീഷണിപ്പെടുത്തിയെന്നും കുടുംബത്തിന്റെ പരാതിയിൽ ആരോപിക്കുന്നു.
യുവാവിനെ കാണാതായിട്ട് ഒരാഴ്ച പിന്നിടുന്നു. ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവാവ് പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കാസർഗോഡ് ആണ് വിഷ്ണുവിന്റെ അവസാന ടവർ ലൊക്കേഷൻ.
Kerala
കോഴിക്കോട്: കോഴിക്കോട് കല്ലാച്ചി കോവിലകം റോഡില്‍ മധ്യവയസ്കയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഗൗരിശങ്കര്‍ വീട്ടില്‍ ഗീത(57) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ വീടിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ മുതൽ ഗീതയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ പിന്‍വശത്തെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
ഉടന്‍ തന്നെ പുറത്തെടുത്ത് നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗീതയുടെ ബന്ധുവായ സജീവ് കുമാറിന്റെ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Kerala
കോഴിക്കോട്: ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മത്സ്യതൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി റിപൻ ദാസ് (22) ആണ് മരിച്ചത്.
പശ്ചിമ ബംഗാൾ സ്വദേശി ഷഹദേബ് ദാസ് ഉച്ചയോടെ മരിച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് ബോട്ടിന്റെ എഞ്ചിനിൽ ലീക്ക് കണ്ടതിനെ തുടർന്ന് പരിശോധന നടത്തുന്നതിനിടെ നാല് തൊഴിലാളികൾ കുഴഞ്ഞു വീണത്.
ബേപ്പൂർ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ആയിഷ ബോട്ടിലെ ജീവനക്കാരാണ് മരിച്ചത്. കരയിൽ നിന്നും 15 നോട്ടിക്കൽ മൈൽ അകലെ ആയതിനാൽ രക്ഷാപ്രവർത്തനത്തിന് കാലതാമസം ഉണ്ടായതായി മത്സ്യതൊഴിലാളികൾ പറഞ്ഞു.
ഫിഷറീസ് ആംബുലൻസിന്റെ എഞ്ചിൻ തകരാറിൽ ആയതിനാൽ വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന സ്പീഡ് ബോട്ടിലാണ് മത്സ്യ തൊഴിലാളികളെ കരയ്ക്കെത്തിച്ചത്. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരാവസ്ഥയിലായ രണ്ടുപേർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
എഞ്ചിൻ റൂമിൽ നിന്നും മലിന വായു ശ്വസിച്ചതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ബേപ്പൂർ കോസ്റ്റൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Kerala
കോഴിക്കോട്: ബന്ധുവായ 16കാരിയെ കൊലപ്പെടുത്തിയ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പുറത്ത്. അദ്നാൻ മരിച്ചത് ശ്വാസം മുട്ടിയാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഇതോടെ അദ്നാൻ ജീവനൊടുക്കിയത് തന്നെയാണെന്ന് പോലീസ് അറിയിച്ചു. ഈസ്റ്റ് മൂഴിക്കല്‍ സ്വദേശിനി നസ്രിന(16) ആണ് കൊല്ലപ്പെട്ടത്. അദ്നാന്റെ മാതാവിന്റെ സഹോദരിയുടെ മകളാണ് കൊല്ലപ്പെട്ട നസ്രിന.
അദ്നാൻ നസ്രിനയുടെ വീട്ടിൽ നിന്നാണ് പഠിച്ചിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. വീട്ടിൽ കള്ളൻ കയറിയെന്ന് കരുതി പരിശോധിച്ചപ്പോഴാണ് നസ്രിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു നസ്രിനയെ അദ്നാൻ കൊലപ്പെടുത്തിയത്.
മുകൾ നിലയിലെ കിടപ്പുമുറിയിലാണ് നസ്രിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് അദ്നാനെ മുറിയില്‍ പൂട്ടിയിട്ടാണ് പെൺകുട്ടിയുമായി വീട്ടുകാർ ആശുപത്രിയിലെത്തിയത്. മടങ്ങിയെത്തിയപ്പോൾ മുഖത്ത് സേല്ലോ ടേപ്പ് ചുറ്റി മരിച്ചനിലയില്‍ കണ്ടെന്നാണ് മൊഴി.
അദ്നാന്റെ സ്വഭാവദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് അദ്നാൻ പണം മോഷ്ടിച്ചതിനെ ചൊല്ലിയും തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
Kerala
കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി വര്‍ക്ഷോപ്പിലെത്തിയ നിരവധി കേസുകളിലെ പ്രതി പിടിയിൽ. കൊയിലാണ്ടി മൂടാടി സ്വദേശി കാവാലംകുന്ന് വീട്ടില്‍ പി.കെ. ജസീല്‍ ജമാൽ(26) ആണ് കോഴിക്കോട് ടൗണ്‍ പോലീസിന്റെ പിടിയിലായത്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്.
ഏപ്രില്‍ ഏഴിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കുന്ദമംഗലം സ്വദേശിയുടെ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. ഉടമയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
മോഷ്ടിച്ച ബൈക്കുമായി വര്‍ക്ഷോപ്പിലെത്തിയ ജസീല്‍ ബൈക്കിന്റെ ലോക്ക് മാറ്റിത്തരാന്‍ ആവശ്യപ്പെട്ടു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വര്‍ക്ഷോപ്പ് ഉടമ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ജസീലിനെ പിടികൂടുകയായിരുന്നു.
ജസീലിന്റെ പേരില്‍ മോഷണ കുറ്റം കൂടാതെ നിരവധി കേസുകളുണ്ട്. കോഴിക്കോട് കസബ, കൊയിലാണ്ടി, എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് എന്നിവിടങ്ങളിലായി നിരോധിത ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം, വില്പന, പോക്സോ, പൊതുസ്ഥലത്ത് കലഹം ഉണ്ടാക്കല്‍ എന്നിങ്ങനെ നിരവധി കേസുകളാണ് ഇയാളുടെ പേരിലുള്ളത്.
Kerala
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര് തുരന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ കോഴിക്കോടെത്തിച്ചു. മുംബൈയിൽ നിന്നാണ് വിനീഷിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഞായറാഴ്ച ഉച്ചയോടെയാണ് വിനീഷിനെ ട്രെയിൻമാർഗം കോഴിക്കോട് എത്തിക്കുകയായിരുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു പ്രതി മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര് തുരന്ന് രക്ഷപ്പെട്ടത്.
ശനിയാഴ്ച രാവിലെയോടെയാണ് പ്രതി മുംബൈയിൽ പിടിയിലാകുന്നത്. മുംബൈ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതി പിടിയിലായതെന്ന് അന്വേഷണ സംഘം അറിയിച്ചു. മൂന്ന് മാസമായി മുംബൈയിലെ പല സ്ഥലങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു വിനീഷ്.
ഇതിനിടെ നാട്ടിലുള്ള ഒരു ബന്ധുവിനെ ഫോണിൽ ബന്ധപ്പെടാൻ വിനീഷ് ശ്രമിച്ചിരുന്നു. ഇതോടെയാണ് പ്രതിയുടെ ടവര്‍ ലൊക്കേഷൻ സംബന്ധിച്ച സൂചന പോലീസിന് ലഭിക്കുന്നത്. ഇതേ തുടർന്ന് മുംബൈയിലെത്തിയ അന്വേഷണ സംഘം രണ്ട് മാസമായി പ്രതിക്കായി തെരച്ചിൽ നടത്തി വരികയായിരുന്നു.
ഞായറാഴ്ച രാവിലെയോട് കൂടി പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുമെന്നാണ് വിവരം. 2021 ജൂൺ 17ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രണയം നിരസച്ചതിലുള്ള വൈരാഗ്യത്തിൽ ദൃശ്യയെ കുത്തികൊലപ്പെടുത്തുകയായിരുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട് എളേറ്റിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാർഥിക്ക് കാട്ടുപന്നിയുടെ ആക്രമണം. വട്ടോളി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹംദാൻ ആണ് കാട്ടുപന്നിയുടെ ആക്രമണത്തിനിരയായത്.
ആക്രമണത്തിൽ ഹംദാന്റെ കൈയ്ക്കും കാലിനും പരിക്കേറ്റിരുന്നു. ആക്രമണത്തെ തുടർന്ന് പരിക്കേറ്റ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അവധിക്കാലമായതോടെ ചളിക്കോട്ടെ ബന്ധു വീട്ടിലെത്തിയതായിരുന്നു ഹംദാൻ.
സുഹൃത്തുക്കൾക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കാട്ടുപന്നിയെത്തിയത്. ഹംദാൻ ഓടി രക്ഷപ്പെടുന്നതിനിടെ കാട്ടുപന്നി പിന്നിൽ നിന്നും കുത്തി വീഴ്ത്തുകയായിരുന്നു. ഹംദാന്റെ കൈയ്ക്കും കാലിനും പൊട്ടലുണ്ട്.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളും ഉണ്ട്. എളേറ്റിൽ ജിഎംയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ഹംദാൻ.
Kerala
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര് തുരന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷ് ആണ് മൂന്ന് മാസങ്ങൾക്ക് ശേഷം പിടിയിലാകുന്നത്.
മുംബൈയിൽ നിന്നാണ് വിനീഷിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു പ്രതി മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര് തുരന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച രാവിലെയോടെയാണ് പ്രതി പിടിയിലാകുന്നത്.
വിനീഷിനെ ഞായറാഴ്ച നാട്ടിലെത്തിക്കും. മുംബൈ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതി പിടിയിലായതെന്ന് അന്വേഷണ സംഘം അറിയിച്ചു. മൂന്ന് മാസമായി മുംബൈയിലെ പല സ്ഥലങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു വിനീഷ്.
ഇതിനിടെ നാട്ടിലുള്ള ഒരു ബന്ധുവിനെ ഫോണിൽ ബന്ധപ്പെടാൻ വിനീഷ് ശ്രമിച്ചിരുന്നു. ഇതോടെയാണ് പ്രതിയുടെ ടവര്‍ ലൊക്കേഷൻ സംബന്ധിച്ച സൂചന പോലീസിന് ലഭിക്കുന്നത്. ഇതേ തുടർന്ന്
മുംബൈയിലെത്തിയ അന്വേഷണ സംഘം രണ്ട് മാസമായി പ്രതിക്കായി തെരച്ചിൽ നടത്തി വരികയായിരുന്നു.
ഞായറാഴ്ച രാവിലെയോട് കൂടി പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുമെന്നാണ് വിവരം. 2021 ജൂൺ 17ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രണയം നിരസച്ചതിലുള്ള വൈരാഗ്യത്തിൽ ദൃശ്യയെ കുത്തികൊലപ്പെടുത്തുകയായിരുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട്: നാദാപുരം പുളിയാവ് ചേത്തങ്കോട്ട് സ്രാമ്പിക്ക് സമീപം പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര് മുങ്ങി മരിച്ചു.
അരീക്കുണ്ട് സ്വദേശികളായ അന്‍സാര്‍, ഭാര്യ സുഹദ മറിയം, സഹോദരന്റെ മകള്‍ ഇസ മറിയം എന്നിവരാണ് മുങ്ങിമരിച്ചത്.
തുണി അലക്കാന്‍ പോയതായിരുന്നു ഇവര്‍. ഇതിനിടെ കുട്ടി കയത്തില്‍പെട്ടു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവേ അന്‍സാറും ഭാര്യയും മുങ്ങിമരിക്കുകയായിരുന്നു. ഇന്നു വൈകുന്നേരം നാലോടെയാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങള്‍ നാദാപുരം ഗവ ആശുപത്രിയില്‍.
Kerala
കോഴിക്കോട്: കോഴിക്കോട് മൂന്ന് വയസുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വാണിമേലിൽ ആണ് സംഭവം. നേപ്പാൾ സ്വദേശി മനോജ് ജാധരിയുടെ മകൻ പ്രിയാൻഷ് ആണ് മരിച്ചത്.
താറാവുകൾക്ക് നീന്തിക്കുളിക്കാൻ ഉണ്ടാക്കിയ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് അറിയിച്ചു. മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മാവൂർ റോഡിലെ ശ്മശാനത്തിൽ സംസ്കരിച്ചു.
Kerala
കോഴിക്കോട്: കുന്ദമംഗലം കുരിക്കത്തൂരിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ. വീട് വാടകയ്ക്കെടുത്ത മുണ്ടിക്കൽ താഴം സ്വദേശി വിഷ്ണുവിനെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സ്ഫോടനത്തിൽ ഇയാളുടെ സഹോദരനും ബന്ധുവും മരിച്ചിരുന്നു.
അപകടത്തിൽ പരിക്കേറ്റ രണ്ട് പേർ നിലവിൽ ചികിത്സയിലാണ്. മാസങ്ങൾക്ക് മുൻപ് വിഷ്ണു വാടകയ്ക്കെടുത്ത വീട്ടിൽ അനധികൃത പടക്ക നിർമാണത്തിനായി വലിയ തോതിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നു.
സ്ഫോടനത്തിൽ വിഷ്ണുവിന്റെ സഹോദരൻ രാഹുൽ , ഭാര്യ സഹോദരൻ രാഹുൽ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വിഷ്ണുവിന്റെ ഭാര്യ സിമി, സുഹൃത്ത് ഹിജിത്ത് എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സ്ഫോടനം നടക്കുമ്പോൾ താൻ വീടിന് പുറത്തായിരുന്നു എന്നാണ് വിഷ്ണുവിന്റെ മൊഴി. ഇത്രയധികം സ്ഫോടക വസ്തുക്കൾ എങ്ങനെ ലഭിച്ചുവെന്ന കാര്യത്തിൽ ഉൾപ്പെടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: കോഴിക്കോട് സ്വർണവും പണവും മോഷ്ടിച്ച വീട്ടുജോലിക്കാരി അറസ്റ്റിൽ. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി പുതിയോട്ടില്‍ വീട്ടില്‍ മിനി(44) ആണ് പിടിയിലായത്. നടക്കാവ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
50,000 രൂപയും ഓരോ പവന് വീതം തൂക്കം വരുന്ന 20 സ്വര്‍ണ നാണയങ്ങളുമാണ് മിനി മോഷ്ടിച്ചത്. എരഞ്ഞിപ്പാലം സ്വദേശിയായ ഷാഹിദ് ഷൗക്കത്തലി താമസിക്കുന്ന സദനം റോഡിലുള്ള സ്കൈലൈന്‍ മെഡോസ് വില്ലയിലെ ഫ്ളാറ്റിലാണ് മോഷണം നടന്നത്.
ഇതേതുടർന്ന് ഷാഹിദ് നല്കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: കോഴിക്കോട് വിദ്യാർഥികളെ ആക്രമിക്കുന്നത് തടയാനെത്തിയ യുവാവിന്റെ കൈ തല്ലിയൊടിച്ചു. പുതുപ്പാടി കാക്കവയലിലാണ് സംഭവം നടന്നത്. കാക്കവയല്‍ വട്ടപ്പറമ്പില്‍ നിഷാദ്(40) ആണ് നടുറോഡില്‍ അക്രമം അഴിച്ചുവിട്ടത്.
തിങ്കളാഴ്ച രാവിലെ ബസ് കാത്തുനിന്ന കുട്ടികള്‍ക്ക് നേരെയാണ് നിഷാദ് ആദ്യം ആക്രമണം നടത്തിയത്. കുട്ടികൾക്ക് നേരെ പ്രതി തൂമ്പ വീശുകയായിരുന്നു. ബഹളം കേട്ട് കുട്ടികളില്‍ ഒരാളുടെ രക്ഷിതാവായ ചാമപ്പുറായില്‍ റഷീദ് സ്ഥലത്തെത്തിയിരുന്നു.
ഇതോടെ റഷീദിന് നേരെ പ്രതി തൂമ്പ വീശി. തലയ്ക്ക് നേരെ വീശിയ തൂമ്പ തടയുന്നതിനിടെയാണ് റഷീദിന്റെ ഇടത് കൈയ്ക്ക് പൊട്ടലേറ്റത്. തുടർന്ന് നാട്ടുകാരെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ നിഷാദിനും വീണ് പരിക്കേറ്റിട്ടുണ്ട്.
പിന്നാലെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ പിടികൂടി താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി നിഷാദിനെ കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിലേക്ക് മാറ്റി.
നേരത്തെ വിദേശത്തായിരുന്ന പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്നും ലഹരിക്കച്ചവടം നടത്തുന്നയാളാണെന്നും നാട്ടുകാര്‍ പറയുന്നു.
Kerala
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വീടിന് സമീപത്തെ പറമ്പിൽ കളിക്കുന്നതിനിടെ വിദ്യാർഥിയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം. വാണിമേല്‍ വയല്പീടികയില് താമസിക്കുന്ന പറമ്പത്ത് ഗഫൂറിന്റെ മകന് ജസ്ലന്‍(10) നേരെയാണ് ആക്രമണമുണ്ടായത്.
കാട്ടുപന്നിയുടെ ആക്രമണത്തിൽ കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റു. ഇതേ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പില്‍ സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കവേയാണ് ജസ്ലന്‍ നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
Kerala
കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയിൽ മരുമകളുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്കേറ്റതായി പരാതി. ചമല്‍ കൊളമലയില്‍ താമസിക്കുന്ന മാധവി(71) ആണ് ആക്രമണത്തിന് ഇരയായത്. ഫോണ്‍ ഉപയോഗിച്ചുള്ള ഏറ് കൊണ്ട് തലയില്‍ ആഴത്തിൽ മുറിവേൽക്കുകയായിരുന്നു.
ഇവരുടെ വീട്ടില്‍ പതിവായി പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഞായറാഴ്ച ഇരുവരും തമ്മിലുള്ള വാക്കു തര്‍ക്കത്തിനിടയിലാണ് മാധവിക്ക് പരിക്കേറ്റത്. ഇതേ തുടർന്ന് മകനാണ് മാധവിയെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം. ചെങ്ങോട്ടുകാവ് മാടാക്കര പള്ളിക്ക് സമീപം താമസിക്കുന്ന പുതിയപുരയില്‍ സുരേഷ് ബാബു(65) ആണ് മരിച്ചത്.
കൊയിലാണ്ടി ചിത്ര ടാക്കീസിന് സമീപം സ്പെയര്‍ പാർട്സ് വ്യാപാരം നടത്തുന്നയാളാണ് സുരേഷ് ബാബു. തന്റെ സ്ഥാപനത്തിൽ പെയിന്റിംഗ് ജോലി നടക്കുന്നതിനാല്‍ രാത്രി കടയില്‍ വന്നതായിരുന്നു സുരേഷ്.
കടയിൽ നിന്നും പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ പരിസരത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Kerala
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ സാമൂഹ്യ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം ശക്തമാക്കി പോലീസ്. അധിക്ഷേപ പോസ്റ്റിലുണ്ടായിരുന്ന ഫോട്ടോ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അധിക്ഷേപ പരാമർശം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ടിന്റെ വിവരം തേടി മലപ്പുറം സൈബർ പോലീസ് ഇതോടകം മെറ്റയെ സമീപിച്ചിട്ടുണ്ട്. ഈ ഫേസ്ബുക്ക് അക്കൗണ്ട് ഏത് കമ്പ്യൂട്ടറിൽ നിന്നാണ് നിർമിച്ചത് എന്നതടക്കമുള്ള വിവരങ്ങളാണ് പോലീസ് ഇപ്പോൾ തേടിയിരിക്കുന്നത്.
സംഭവം വിവാദമായതിന് പിന്നാലെ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. വ്യാജ രേഖ ചമക്കൽ, അപകീർത്തിപെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
Kerala
കുറ്റ്യാടി: കുറ്റ്യാടിയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡിനുനേരെ സ്ഫോടക വസ്തു എറിഞ്ഞതായി ആരോപണം. യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുള്ളയുടെ ബോർഡിനുനേരെയാണ് ആക്രമണമുണ്ടായതായി പരാതിയുള്ളത്.
കുറ്റ്യാടി മണ്ഡലത്തിലെ തോടന്നൂരാണ് പ്രചാരണ ബോർഡ് കത്തിക്കരിഞ്ഞ നിലയിലുള്ളത്. സംഭവസ്ഥലത്ത് ബോർഡിനുസമീപം സ്ഫോടന വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും ആരോപണമുയർന്നു.
പ്രദേശത്ത് വൻ തോതിലുള്ള ബോംബ് ശേഖരമുണ്ടെന്നും അടിയന്തരമായി പോലീസ് ഇടപെടണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു. നേരത്തെ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ പ്രദേശത്താണ് ബോർഡിന് നേരെയും ആക്രമണമുണ്ടായിരിക്കുന്നത്.
Kerala
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദേശം. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
രോഗം കണ്ടെത്തിയ നാല് പഞ്ചായത്തുകളിലും നല്ലളം ഡിവിഷനിലും വെള്ളിയാഴ്ച വളർത്തുപക്ഷികളെ കൊന്നൊടുക്കിയിരുന്നു. ആര്‍ആര്‍ടി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം. മൃഗസംരക്ഷണ വകുപ്പും ജില്ലാഭരണകൂടവും സംയുക്തമായാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.
വളർത്തുപക്ഷികളുമായി അടുത്ത് ഇടപഴകുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനെയോ ജില്ലാഭരണകൂടത്തിന്റെ കൺട്രോൾ റൂമിലോ വിവരമറിയിക്കാം.
രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കോഴി,കാട,താറാവ് ഉൾപ്പെടെയുള്ളവയുടെ വിപണനവും ഉപയോഗവും നിരോധിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: ഇന്‍സ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങുന്നത് പതിവാക്കിയ യുവാവ് പിടിയിൽ. മലപ്പുറം കോട്ടക്കല്‍ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീൽ(38) ആണ് പിടിയിലായത്.
കോഴിക്കോട് വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വടകര പോലീസിന്റെ നടപടി. യുവതിയിൽ നിന്ന് 12 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായാണ് പരാതി. കിനാവിന്റെ രാജകുമാരന് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെയാണ് ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത്.
ഇത്തരത്തില്‍ സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളിൽ നിന്ന് സ്വര്‍ണാഭരണങ്ങൾ തട്ടിയെടുക്കുന്നതാണ് പ്രതിയുടെ രീതി. സ്വര്‍ണം തട്ടിയതിനും ഭീഷണിപ്പെടുത്തി പീഡനം നടത്തിയതിനും ഇയാൾക്കെതിരെ കോഴിക്കോട് ടൗൺ സ്റ്റേഷനിൽ കേസുണ്ട്. ഈ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
Kerala
കോഴിക്കോട്: റോഡിൽ ഒഴുകി കിടന്ന ടാറിൽ കുടുങ്ങി തെരുവ് നായ്ക്കൾ. കോഴിക്കോട് പന്തീരാങ്കാവിന് സമീപം പൂളേങ്കര മണക്കടവിലാണ് സംഭവം. റോഡിൽ പരന്നൊഴുകിയ ടാറിലാണ് തെരുവ് നായ്ക്കൾ കുടുങ്ങിയത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. റോഡ് പണിക്ക് എത്തിച്ച ടാർ നിലത്ത് പരന്നൊഴുകിയിരുന്നു. ഇതിലാണ് തെരുവ് നായ്ക്കൾ കൂട്ടത്തോടെ കുടുങ്ങിയത്. ഒൻപത് തെരുവ് നായ്ക്കളാണ് ടാറിൽ അകപ്പെട്ടത്. നിലത്ത് വീണുകിടക്കുന്ന നിലയിലായിരുന്നു നായ്ക്കൾ.
നായ്ക്കൾ ടാറിൽ കുടുങ്ങിയ വിവരം അറിഞ്ഞ് വളണ്ടിയർമാർ സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരും വളണ്ടിയർമാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ശരീരം പൂര്‍ണമായും ടാറിൽ ഒട്ടിപ്പിടിച്ചതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.
Kerala
കോഴിക്കോട്: വേതന വർധനവ് ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നിൽ നടന്ന നഴ്സുമാരുടെ സമരത്തിനിടെ മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ സമരക്കാർ കൂകി വിളിച്ചതിൽ ക്ഷമാപണവുമായി യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ.
പ്രിയ മന്ത്രി, നിങ്ങൾ ആ കൂകി വിളിക്ക് അർഹനല്ലെന്ന് ജാസ്മിൻഷാ ഫേസ്ബുക്കിൽ കുറിച്ചു. സമരപന്തലിലെ തന്റെ സഹപ്രവർത്തകർ താങ്കളെ കൂകി വിളിച്ച വാർത്ത ചില ചാനലുകളിലൂടെ കണ്ടു. തീർത്തും ഒഴിവാക്കേണ്ട നടപടിയായിരുന്നുവതെന്നും ജാസ്മിൻഷാ കുറിച്ചു.
സമരപന്തലിന് പുറത്തുനിന്ന ആരോ കൂകി വിളിച്ചത്, സമരാനുകൂലികൾ ഏറ്റുപിടിച്ചതാണെന്നും അങ്ങേയ്ക്കുണ്ടായ വൈഷമ്യത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് അങ്ങയോട് ക്ഷമ ചോദിക്കുന്നുവെന്നും ജാസ്മിൻഷാ വ്യക്തമാക്കി.
മാർച്ച് 4ന് തിരുവനന്തപുരത്ത് നഴ്സുമാരുടെ കൺവെൻഷന് ടൂറിസം വകുപ്പ് നിശാഗന്ധി ഓപ്പൺ ഓഡിറ്റോറിയം അനുവദിച്ചിരുന്നത് ആരോഗ്യമന്ത്രിയുടെയും ഓഫീസിന്റെയും ഇടപെടലിനെ തുടർന്ന് നിഷേധിച്ചിരുന്നതായും ജാസ്മിൻഷാ അറിയിച്ചു.
എന്നാൽ ഇതേ കുറിച്ച് ധാരണയില്ലാത്ത ഒരു വിഭാഗം യുഎൻഎ പ്രവർത്തകരുണ്ടെന്നും അവർക്കിടയിൽ സിപിഎമ്മിനോട് കടുത്ത അമർഷമുണ്ടെന്നും ജാസ്മിൻഷാ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.പി. ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.1989 മുതൽ 1990 വരെ വി.പി.സിംഗ് മന്ത്രിസഭയിൽ ടെലി കമ്യൂണിക്കേഷൻ-ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.
1971ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽ മത്സരിച്ച് വിജയിച്ചതിന് പിന്നാലെ 1991 വരെ തുടർച്ചയായി ആറു തവണ വടകരയിൽ നിന്ന് ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സ്കൂൾ വിദ്യാർഥിയായിരുന്ന കാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1960ൽ ആണ് കെ.പി. ഉണ്ണികൃഷ്ണൻ പിഎസ്പി വിട്ട് കോൺഗ്രസിലേക്കെത്തുന്നത്. തുടർന്ന്1962 മുതൽ എഐസിസി അംഗവുമായിരുന്നു.
Kerala
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് നാല് പേർ മരിച്ച സംഭവത്തിന് പിന്നാലെ കർശന നടപടികൾക്കൊരുങ്ങി കോഴിക്കോട് കോർപറേഷൻ. അപകടത്തെ തുടർന്ന് കോർപറേഷന്റെ എല്ലാ കെട്ടിടങ്ങളും പരിശോധിക്കാനാണ് തീരുമാനം.
നേരത്തെ കാലപ്പഴക്കമുണ്ടെന്ന് കണ്ടെത്തിയ 16 കെട്ടിടങ്ങളിൽ പരിശോധന തുടരുകയാണ്. ഇതിൽ രണ്ട് കെട്ടിടങ്ങൾ അപകടാവസ്ഥയിൽ തുടരുന്നതായി കണ്ടെത്തിയിരുന്നു. ഈ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനാണ് തീരുമാനം.
നാല് പേർക്ക് ജീവൻ നഷ്ടമായ അപകടത്തിലെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കാനിരിക്കെ കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തുമെന്നും കോർപറേഷൻ അറിയിക്കുന്നു. അപകടം ചർച്ച ചെയ്യാൻ ഇന്ന് കൗൺസിൽ യോഗവും ചേരുന്നുണ്ട്.
കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് അത്തോളി സ്വദേശി ബഷീര്‍, അഷ്റഫ്, തിരുവങ്ങൂര്‍ സ്വദേശി വിനോദന്‍, കിണാശേരി സ്വദേശി ജബാര്‍ എന്നിവരാണ് മരിച്ചത്.
Kerala
കോഴിക്കോട്: വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ വയോധികൻ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി കുന്നത്ത്മോട്ട ഏളേടത്ത് അബൂബക്കര്‍ (71) ആണ് മരിച്ചത്. അബൂബക്കറിനെ രക്ഷിക്കാനെത്തിയ അയല്‍വാസിക്കും ഷോക്കേറ്റിട്ടുണ്ട്.
ടെറസിന് മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാനായി കയറിയ അബൂബക്കറിന് ടാങ്കിന് സമീപത്ത് കൂടി കടന്നുപോകുന്ന ഇലക്ട്രിക് വയറിൽ തട്ടിയാണ് ഷോക്കേറ്റത്. വയോധികൻ ഷോക്കേറ്റ് ദൂരത്തേക്ക് തെറിച്ചുവീണിരുന്നു.
ശബ്ദം കേട്ട് അബൂബക്കറിനെ രക്ഷിക്കാനെത്തിയ അയല്‍വാസി മാടാനയില്‍ ആഷിറിനും ഷോക്കേറ്റു. ഇരുവരെയും ഉടൻ തന്നെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബൂബക്കറിന്റെ ജീവൻ രക്ഷിക്കാനായില്ല.
ആഷിർ പരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്. അബൂബക്കറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകി.
Kerala
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വികസന മുന്നേറ്റ ജാഥയുടെ വേദിയിലെത്തി പണം നൽകിയത് സ്വന്തം താത്പര്യപ്രകാരമാണെന്ന് മൊയ്തീൻ. പാർട്ടിയോട് വലിയ കൂറുള്ളത് കൊണ്ടാണ് പെൻഷൻ തുക നൽകിയതെന്നും മൊയ്തീൻ പറഞ്ഞു.
കോഴിക്കോട് ബാലുശേരി മണ്ഡലത്തിൽ സിപിഎമ്മിന്റെ വികസന മുന്നേറ്റ ജാഥ എത്തിയപ്പോഴായിരുന്നു മൊയ്തീൻ വേദിയിലെത്തി എം.വി.ഗോവിന്ദന് പണം നൽകിയത്. ഇത് പിന്നീട് വലിയ ചർച്ചയ്ക്ക് കാരണമായിരുന്നു.
പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി വയോധികൻ രംഗത്തെത്തിയിരുന്നു. സ്വന്തം താത്പര്യ പ്രകാരം പണം നൽകിയതല്ലെന്നും ചിലർ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം കൈമാറാൻ ആവശ്യപ്പെട്ട് വീഡിയോ ചിത്രീകരിച്ചതാണെന്നും ഇദ്ദേഹം വ്യക്തമാക്കി.
ഇതിനുപിന്നാലെയാണ് വിഷയത്തിൽ നിലപാട് തിരുത്തി മൊയ്തീൻ വീണ്ടും രംഗത്തെത്തിയത്. പണം നൽകിയത് സ്വന്തം ഇഷ്ടപ്രകാരം ആണെന്ന് മൊയ്തീൻ പറയുന്ന വീഡിയോ ആണ് ഒടുവിലായി പുറത്തുവന്നിട്ടുള്ളത്.
Kerala
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാഫിയ്ക്ക് കുത്തേറ്റ സംഭവത്തിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. ഷാഫിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പ്രമോദ് ലക്ഷ്യം വച്ചത് മറ്റ് രണ്ട് ഉദ്യോഗസ്ഥരെയെന്ന നിഗമനത്തിലാണ് പോലീസ്.
നേരത്തെ മറ്റൊരു കേസിൽ പ്രമോദിനെ അറസ്റ്റ് ചെയ്ത രണ്ട് ഉദ്യോഗസ്ഥർ നിലവിൽ ടൗൺ പോലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഇവരെ ലക്ഷ്യം വച്ച് കത്തി കൈയിൽ കരുതിയിരുന്നതായി പ്രതി പലരോടും പറഞ്ഞതായുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച കൂടുതൽ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് പോലീസ്. കുത്തേറ്റ ഷാഫിയുമായി മുൻ വൈരാഗ്യം ഒന്നുമില്ലെന്നാണ് പ്രതിയുടെ മൊഴി. പ്രമോദ് പ്രതിയായ പഴയ കേസുകളുടെ വിശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
ശനിയാഴ്ച വൈകുന്നേരം പോലീസ് സ്റ്റേഷന് മുന്നിലെ ഹോട്ടലിൽ വച്ചുണ്ടായ തർക്കത്തിനെ തുടർന്നാണ് പ്രതി എസ്ഐയ്ക്കെതിരെ ആക്രമണം നടത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഷാഫി.
Kerala
കോഴിക്കോട്: തീവ്രതയേറിയ എല്‍ഇഡി ബള്‍ബുകളുമായി മത്സ്യബന്ധനത്തിന് പോകാനൊരുങ്ങിയ ബോട്ട് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ബേപ്പൂര്‍ പുണാര്‍വളപ്പിലെ സി. അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള ലോട്ടസ് എന്ന ടോളര്‍ ബോട്ടാണ് കസ്റ്റഡിയിലെടുത്തത്.
ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് ബോട്ട് പിടിച്ചെടുത്തത്. ഇവരില്‍ നിന്ന് 2.5 ലക്ഷം രൂപ പിഴ ഈടാക്കി. ബോട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് 1000 വാട്സിന്റെ രണ്ടും 500 വാട്സിന്റെ 10 ബൾബുകളും ഉള്‍പ്പെടെ 32 എല്‍ഇഡി ലൈറ്റുകള്‍ കണ്ടെത്തിയത്.
ഇത്രയും തീവ്രതയേറിയ അടുത്ത കാലത്തൊന്നും പിടികൂടിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Kerala
കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക.
കോടതി കസ്റ്റഡി അനുവദിച്ചാൽ ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും. ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
സ്വകാര്യ ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ദൃശ്യങ്ങളാണ് ദീപക് ജീവനൊടുക്കാന്‍ കാരണമെന്നായിരുന്നു കുടുംബത്തിന്റെ പരാതി. കേസിൽ ഷിംജിതയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
Kerala
കോഴിക്കോട്: കോഴിക്കോട് കാക്കൂറിൽ പ്ലസ് ടു വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അഭിജിത്ത് ആണ് മരിച്ചത്. പ്രഷര്‍ വാഷറിൽ നിന്ന് ഷോക്കേറ്റാണ് അപകടം.
പ്രഷര്‍ വാഷര്‍ ഉപയോഗിച്ച് വീടിന് പുറത്തുള്ള തറ കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അഭിജിത്തിന് ഷോക്കേറ്റത്. അയൽവാസിയാണ് ബോധരഹിതനായി വീണ് കിടക്കുന്ന അഭിജിത്തിനെ ആദ്യം കണ്ടത്.
ഇതേ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം അഭിജിത്തിനെ ഉടൻ തന്നെ ബാലുശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Kerala
കോഴിക്കോട്: മാവൂർ കൂളിമാടിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കൂളിമാട് മുന്നൂര് സ്വദേശി ഇര്ഫാൻ ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
കൂളിമാട് സ്വദേശികളായ തസ്നീം, സഹോദരൻ തൻസീൽ എന്നിവരെയാണ് ഇർഫാൻ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കേസിലെ പ്രതിയും പരിക്കേറ്റ സഹോദരങ്ങളും അയൽക്കാരാണ്. സംഭവ ദിവസം രാവിലെ തസ്നീമിന്റെയും തൻസീലിന്റെയും സഹോദരൻ തൻസിഫിനെ ഇർഫാൻ ആക്രമിച്ചിരുന്നു.
ഇരുവരും തമ്മിലുള്ള പണമിടപാടിനെ തുടർന്നാണ് ഇർഫാൻ തൻസിഫിനെ വീടുകയറി ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ തൻസിഫിനെ തുടർന്ന് ഇർഫാൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. ഇതേ തുടർന്ന് ഇർഫാനെ തേടി ബൈക്കിൽ കറങ്ങുകയായിരുന്നു ഇരു സഹോദരങ്ങളും.
ആയുധങ്ങളുമായി ഇർഫാന്റെ വാഹനം തടയാൻ ശ്രമിക്കുമ്പോഴായിരുന്നു സഹോദരങ്ങളെ ഇടിച്ചുവീഴ്ത്തി പ്രതി കടന്നുകളഞ്ഞത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഇർഫാൻ ഒളിവിൽ പോയിരുന്നു.
ഇതേ തുടർന്ന് പോലീസ് പ്രതിക്ക് വേണ്ടി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒളിവിലായിരുന്നു പ്രതി ഇന്ന് മാവൂര്‍ ഭാഗത്ത് എത്തിയപ്പോഴാണ് പിടിയിലായത്. ഇർഫാനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
Kerala
കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ റിമാൻഡിൽ തുടരുന്ന ഷിംജിത മുസ്തഫയുടെ കസ്റ്റഡി അപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുക.
കേസിൽ ഷിംജിതയെ വിശദമായി ചോദ്യം ചെയ്യണം, തെളിവെടുപ്പ് നടത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പോലീസ് കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്. ഷിംജിതയുടെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചാൽ ദൃശ്യങ്ങള്‍ ചിത്രീകരിച്ച സ്വകാര്യ ബസിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
പ്രതി സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവർക്ക് ഇതിനായി മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം ഷിംജിതയുടെ ജാമ്യാപേക്ഷ ബുധനാഴ്ചയാണ് ജില്ലാ കോടതി പരിഗണിക്കുക. നേരത്തെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഷിംജിത ജില്ലാ കോടതിയെ സമീപിച്ചത്.
Kerala
കോഴിക്കോട്: വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനെതിരെ നിലപാട് കടുപ്പിച്ച് എൻസിപിയിൽ ഒരു വിഭാഗം. നിയമസഭാ തെരഞ്ഞെടുപ്പിൽ എ.കെ. ശശീന്ദ്രൻ മത്സരിക്കരുതെന്നാണ് പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ ആവശ്യം.
എലത്തൂരിൽ എ.കെ. ശശീന്ദ്രൻ മാറി പുതിയ ആളുകള്‍ക്ക് അവസരം നൽകണമെന്ന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ശശീന്ദ്രനെതിരെ ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികള്‍ പ്രമേയം പാസാക്കിയിരുന്നു.
അതേസമയം എതിർ സ്വരങ്ങൾ സ്വാഭാവികമാണെന്ന നിലപാടിലാണ് മന്ത്രി എ.കെ. ശശീന്ദ്രൻ. അഭിപ്രായങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണെന്നും ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും എ.കെ. ശശീന്ദ്രൻ പ്രതികരിച്ചു.
Kerala
കോഴിക്കോട്: മാളിക്കടവ് കൊലപാതകത്തിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പ്രതി വൈശാഖനും ഭാര്യയും ചേർന്ന് കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഒന്നിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച് വരുത്തി പ്രതി വൈശാഖൻ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ഇതിനുശേഷം യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വൈശാഖൻ പറഞ്ഞിരുന്നത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൃത്യത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. ഒന്നിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞാണ് യുവതിയെ വൈശാഖൻ സ്വന്തം സ്ഥാപനത്തിൽ വിളിച്ചുവരുത്തിയത്.
ഇതിനായി രണ്ട് കുരുക്കുകൾ തയാറാക്കിയ വൈശാഖൻ യുവതിയുടെ കഴുത്തിൽ കുരുക്ക് മുറുക്കിയ ശേഷം സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു. 16 വയസുമുതൽ പ്രതി യുവതിയെ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ഡയറി കുറിപ്പുകളും പോലീസിന് ലഭിച്ചിരുന്നു.
ഇതേ തുടർന്ന് വൈശാഖനെതിരെ പോക്സോ വകുപ്പ് ചുമത്തി മറ്റൊരു എഫ്ഐആറും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, സംഭവത്തിൽ പ്രതിയുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും. കൊല നടത്തിയ സ്ഥാപനത്തിലും ഉറക്കഗുളികയും ജ്യൂസും വാങ്ങിയ സ്ഥലത്തും പ്രതിയെ എത്തിക്കും.
Kerala
കോഴിക്കോട്: മാളിക്കടവില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖന്റെ കസ്റ്റഡി ആവശ്യപ്പെടാൻ അന്വേഷണ സംഘം. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം അപേക്ഷ നൽകുക.
കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക. പ്രതി യുവതിയെ 16 വയസുമുതൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
വൈശാഖനെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. വിവാഹം ചെയ്തില്ലെങ്കിൽ ഇരുവരും തമ്മിലുള്ള ബന്ധം വൈശാഖന്റെ ഭാര്യയെ അറിയിക്കുമെന്ന് യുവതി പ്രതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രതി 26കാരിയെ സ്വന്തം സ്ഥാപനത്തിൽ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.
ഒരുമിച്ച് ജീവിക്കാൻ തങ്ങളെ അനുവദിക്കില്ലെന്നും അതിനാൽ ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ വൈശാഖൻ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. തുടർന്ന് രണ്ട് കുരുക്കുകളുണ്ടാക്കിയ ശേഷം പ്രതി യുവതിയുടെ കഴുത്തിൽ കയറിട്ട് കൊലപ്പെടുത്തുകയായിരുന്നു.
Kerala
കോഴിക്കോട്: വടകര സ്വദേശിക്ക് ഒമാനിലെ ഫുജൈറയില്‍ ദാരുണാന്ത്യം. വടകര വള്ളിക്കാട്ട് സ്വദേശി അന്‍സാര്‍(28) ആണ് ഫുജൈറയില്‍ ശ്വാസംമുട്ടി മരിച്ചത്. ഹെവി ട്രക്കിനകത്ത് തണുപ്പകറ്റാന്‍ ഹീറ്ററിട്ട് കിടന്നുറങ്ങിയതാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് അൻസാറിന്റെ മൃതദേഹം ജോലി ചെയ്യുന്ന ട്രെക്കിനകത്ത് കണ്ടെത്തിയത്. ഫുജൈറയിലെ മസാഫിയിലാണ് സംഭവം. ട്രക്കിനുള്ളിൽ കിടന്നുറങ്ങിയ അൻസാർ തണുപ്പകറ്റാന്‍ പ്രവര്‍ത്തിപ്പിച്ച ഹീറ്ററിന്റെ പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ഫുജൈറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്‍സാറിന്റെ മൃതദേഹം മസാഫി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും.
Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. കുറ്റ്യാടി സ്വദേശി മൂസ ആണ് പിടിയിലായത്. കോപ്പർ ഭാഗങ്ങളാണ് പ്രതി ലാബിൽ നിന്ന് മോഷ്ടിച്ചത്. ക്യാമ്പസിലെ ബിഎസ്എൽ ത്രീ ടിബി ലാബിലാണ് മോഷണം നടന്നത്.
ലാബിലെ എയർ ഹാൻഡ്ലിംഗ് യൂണിറ്റിലെ കോപ്പർ ഭാഗങ്ങളാണ് മൂസ കവർച്ച നടത്തിയത്. സുപ്രധാനമായ കോപ്പർ ഭാഗങ്ങൾ ഇളക്കി മാറ്റിയതിനെ തുടർന്ന് ലാബിന്റെ പ്രവർത്തനം താത്കാലികമായി തടസപ്പെട്ടു.
മോഷണത്തിന് പിന്നാലെ ക്യാമ്പസിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാർ തടഞ്ഞുവച്ച് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Kerala
കോഴിക്കോട്: ശബരിമലയിലെ സ്വര്‍ണപ്പാളികൾ മോഷ്ടിക്കപ്പെട്ടെന്ന ആരോപണത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് യുവമോര്‍ച്ച. കോഴിക്കോട് കളക്ടറേറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. സ്വര്‍ണ്ണക്കൊള്ളയില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ദേവസ്വം മന്ത്രി വി.എന്‍. വാസവന് രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കളക്ടറേറ്റിന് മുന്നില്‍ പോലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് പലതവണ ജ ല പീരങ്കി ഉപയോഗിച്ചു.ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക വിഗ്രഹങ്ങളിലെയും ശ്രീകോവില്‍ വാതിലിലെയും സ്വര്‍ണപ്പാളികളിൽ വലിയ തോതിലുള്ള കുറവുണ്ടായെന്ന ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം.
ഭക്തരുടെ പണം കൊള്ളയടിക്കുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെയും യുവമോര്‍ച്ചയുടെയും തീരുമാനം.
Kerala
കോഴിക്കോട്: ബാലുശേരിയിൽ പഞ്ചായത്തംഗത്തിനും സുഹൃത്തിനും നേരെ ഗുണ്ടാ ആക്രമണമെന്ന് പരാതി. നാട്ടിലുണ്ടായ അടിപിടി സംബന്ധിച്ച് പോലീസില്‍ മൊഴി നല്കി മടങ്ങുമ്പോഴായിരുന്നു ഇരുവർക്കും നേരെ ആക്രമണമുണ്ടായത്.
ബാലുശേരി കോട്ടൂര്‍ പഞ്ചായത്തിലെ 12ാം വാർഡ് മെമ്പർ കെ.കെ. റനീഷ്(34), സുഹൃത്ത് സുവിന് ചെറിയമഠത്തില്‍(29) എന്നിവർക്ക് നേരെയാണ് ആക്രമണം. പരിക്കേറ്റ ഇരുവരെയും ബാലുശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വാകയാട് അങ്ങാടിയിൽ സംഘർഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൊഴി നല്കി തിരികെ വരുമ്പോള്‍ വൈകീട്ട് കാട്ടാമ്പള്ളി റോഡില്‍വച്ച് ആയിരുന്നു ആക്രമണം.
രണ്ട് ബൈക്കുകളിലായാണ് റനീഷും സുവിനും സഞ്ചരിച്ചിരുന്നത്. ബൈക്കില്‍ എത്തിയ ഒരു സംഘം മുന്നില്‍ സഞ്ചരിച്ചിരുന്ന റനീഷിനെ തടഞ്ഞു. പിന്നാലെ കാറിലെത്തിയ സംഘം തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസിന് നല്കിയ പരാതിയിലുള്ളത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: വടകരയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവർന്നു. കൊയിലോത്ത് താഴക്കുനി വീട്ടില്‍ ഇബ്രാഹിം (58) ആണ് ആക്രമണത്തിനിരയായത്. വടകര എടച്ചേരിയിലാണ് സംഭവം. കാറിലെത്തിയ മുഖം മൂടി സംഘം ആക്രമിച്ച് പണം തട്ടിയെടുത്തതായാണ് പരാതി.
ഒൻപത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. വില്യാപള്ളി-തലശേരി സംസ്ഥാന പാതയില്‍ എടച്ചേരി ഇരിങ്ങണ്ണൂരില്‍ വച്ചായിരുന്നു ആക്രമണവും പിന്നാലെ കവർച്ചയും നടന്നതായി പരാതിയുള്ളത്. എടച്ചേരിയില്‍ നിന്നും ഇരിങ്ങണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ഇബ്രാഹിം.
പിന്നാലെയെത്തിയ നീല നിറത്തിലുള്ള കാർ ആദ്യം ഇബ്രാഹിമിന്റെ വാഹനത്തെ മറികടന്ന് തടസമുണ്ടാക്കി. തുടർന്ന് കാറിലുണ്ടായിരുന്ന നാല് പേര് വാഹനത്തിൽ നിന്ന് ഇറങ്ങി ഇബ്രാഹിമിനെ ആക്രമിച്ച് പണം കവരുകയായിരുന്നെന്നാണ് പരാതി.
സംഭവത്തില്‍ എടച്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ഉള്‍പ്പടെ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സാമൂഹ്യമാധ്യമത്തിൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ദീപക്. ബസിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചായിരുന്നു പെൺകുട്ടി വീഡിയോ പങ്കുവച്ചത്.
വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതിയുടേതെന്നും ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഡിജിപിക്ക് പരാതി നൽകി. എന്നാൽ ദീപക് ജീവനൊടുക്കിയതിന് പിന്നാലെ നിലപാട് ആവർത്തിച്ച് പെൺകുട്ടി രംഗത്തെത്തിയിട്ടുണ്ട്.
പയ്യന്നൂരിലെ ബസ് യാത്രയ്ക്കിടെ തനിക്കും മറ്റൊരു പെൺകുട്ടിക്കും ഉണ്ടായ ദുരനുഭവങ്ങൾ വ്യക്തമാക്കിയാണ് യുവതി ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്. യുവാവ് മരിച്ച വാർത്ത സങ്കടകരമാണെന്നും യുവതി കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായി കോഴിക്കോട് കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ കെ.സി. ശോഭിത. പാറോപ്പടി ഡിവിഷനിലെ തോൽവി അന്വേഷിക്കുന്നതിന്റെ പേരിൽ തന്നെയും കുടുംബത്തെയും വേട്ടയാടുന്നുവെന്നാണ് ആരോപണം.
പി.എം. നിയാസിന്റെ തോൽവിക്ക് തന്റെ ഭർത്താവിനെ പഴിചാരാനാണ് ശ്രമമെന്നും കെ.സി. ശോഭിത പറഞ്ഞു. വനിത എന്ന നിലയിൽ തനിക്ക് ലഭിക്കേണ്ട പരിഗണനയോ അംഗീകാരമോ ചില നേതാക്കൾ നൽകുന്നില്ലെന്നും അവർ ആരോപിച്ചു.
പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനും ശ്രമം നടക്കുന്നതായി കെ.സി. ശോഭിത കൂട്ടിച്ചേർത്തു. മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. അബുവിന്റെ മകളും കഴിഞ്ഞ കൗൺസിലിലെ യുഡിഎഫ് കക്ഷി നേതാവുമാണ് ശോഭിത.
Kerala
കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറിൽ കത്രിക കുടുങ്ങിയ ഹർഷിന ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ സത്യാഗ്രഹമിരിക്കും. ഈ മാസം 28ന് ആണ് ഹർഷിന വീണജോർജിന്റെ വസതിക്ക് മുൻപിൽ ഏകദിന സത്യാഗ്രഹമിരിക്കുക.
നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെയാണ് സമരമെന്ന് ഹർഷിന അറിയിച്ചു. 2017ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറിൽ കത്രിക കുടുങ്ങുന്നത്.
തുടർന്ന് 2022ൽ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഹർഷിന പറയുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വ്യക്തമായിട്ടും സർക്കാർ നീതി പുലർത്തിയില്ലെന്ന് ഹർഷിന ആരോപിക്കുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് ആരോഗ്യമന്ത്രിയുടെ വീട്ടുപടിക്കൽ സത്യാഗ്രഹമിരിക്കാൻ ഹർഷിന തീരുമാനിച്ചത്. ഹർഷിന നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് പോലീസ് ഡോക്ടർമാരെയും നഴ്സുമാരെയും പ്രതി ചേർത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Kerala
കോഴിക്കോട്: ബിവറേജസ് ഔട്ട്ലെറ്റില് നിന്ന് മദ്യം മോഷ്ടിച്ച യുവാവ് പിടിയിൽ. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി തേനാടത്ത് പറമ്പില്‍ വിജീഷ് (38) ആണ് പിടിയിലായത്. കക്കോടിയിലെ ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റിലാണ് സംഭവം.
വിജീഷ് മദ്യം മോഷ്ടിക്കുന്നത് ശ്രദ്ധയിൽപെട്ട സ്ഥാപനത്തിലെ ജീവനക്കാരാണ് ഇയാളെ പിടികൂടിയത്. തുടർന്ന് ഇയാളെ സ്ഥാപനത്തില്‍ തടഞ്ഞുവച്ച ശേഷം ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ ചേവായൂര്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് വിജീഷ് കുറ്റം ചെയ്തതായി സ്ഥിരീകരിച്ചു. ഇയാൾ നേരത്തെയും മദ്യം മോഷ്ടിച്ചതായി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
Kerala
കോഴിക്കോട്: കോഴിക്കോട് രണ്ടിടങ്ങളിലായി നാല് പേർ എംഡിഎംഎയുമായി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. നഗരത്തിൽ നിന്ന് 709 ഗ്രാം എംഡിഎംഎയുമായി വാണിമേൽ സ്വദേശി ഷംസീർ ആണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് കോഴിക്കോട് നഗരത്തിൽ വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് അറിയിച്ചു. ഗോവിന്ദപുരത്തെ ലോഡ്ജിൽ നിന്നാണ് 709 ഗ്രാം എംഡിഎംഎയുമായി ഷംസീറിനെ പിടികൂടിയത്.
ഷംസീറിനൊപ്പം ലഹരി വിൽപനയിൽ പങ്കാളിയായ മറ്റൊരാളെ കൂടി ഉടൻ പിടികൂടുമെന്ന് ഡാൻസാഫ് അറിയിച്ചു. കോഴിക്കോട് പാലാഴിയിൽ ഡാൻസാഫും പന്തീരങ്കാവ് പോലീസും നടത്തിയ മറ്റൊരു പരിശോധനയിൽ 8 ഗ്രാം എംഡിഎംഎയുമായി വിമുക്തഭടനും പെണ്‍സുഹൃത്തുമടക്കം മൂന്ന് പേർ പിടിയിലായി.
വിമുക്തഭടനായ കുറ്റ്യാടി സ്വദേശി സിഗിൻ ചന്ദ്രൻ, പെണ്‍സുഹൃത്ത് ദിവ്യ, നല്ലളം സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്. പാലാഴിയിൽ സിഗിൻ താമസിക്കുന്ന വാടക വീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
Kerala
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വയോധികൻ മരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള മരണം സ്ഥിരീകരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി സച്ചിദാനന്ദൻ ചികിത്സയിലായിരുന്നു. രോഗലക്ഷണങ്ങളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രോഗം മൂർച്ഛിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. സച്ചിദാനന്ദന്റെ വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം പുറത്തുവന്നാൽ മാത്രമേ ഉറവിടം കണ്ടെത്താനാകൂ.
Kerala
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനോട് മുന്നോടിയായി ഇന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം ചേരും. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസ്ഥാന നേതൃയോഗത്തിൽ ചർച്ചയാകുമെന്നാണ് പുറത്തുവരുന്ന വിവരം.
കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം ചേരുക. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ രാവിലെ 11ന് ആരംഭിക്കുന്ന യോഗം ശ്രദ്ധേയമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം കൂടി കണക്കിലെടുത്ത് ഇത്തവണ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടണമെന്ന കാഴ്ചപ്പാട് നേതൃത്വത്തിനുണ്ട്.
കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മുന്നണിയെ സമ്മർദത്തിലാക്കാൻ മുസ്ലിം ലീഗ് തയാറാകില്ല.
അതേസമയം സീറ്റുകൾവച്ചുമാറുമ്പോൾ മധ്യ-തെക്കൻ കേരളത്തിലെ വിജയസാധ്യതയുള്ള സീറ്റുകളിൽ മത്സരിക്കാനും ലീഗിന് താത്പര്യമുണ്ട്. വനിത-യുവ പ്രാതിനിധ്യവും യോഗത്തിൽ ചർച്ചയാകും.
Kerala
കോഴിക്കോട്: വടകരയിൽ പ്രൈവറ്റ് ബസ് കണ്ടക്ടർക്ക് മർദനമേറ്റതായി പരാതി. വട്ടോളി മാവുള്ള പറമ്പത്ത് സ്വദേശി ദിവാകരന് ആണ് മര്‍ദനമേറ്റത്. ബസ് പിന്നിലേക്കെടുക്കുമ്പോൾ മാറാൻ പറഞ്ഞതിനാണ് ദിവാകരന് നേരെ ആക്രമണമുണ്ടായത്.
വടകര പുതിയ ബസ് സ്റ്റാൻഡിൽ രാവിലെയോടെയാണ് സംഭവം നടന്നത്. വടകര-തൊട്ടില്‍പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹരിശ്രീ ബസിലെ കണ്ടക്ടറാണ് ദിവാകരൻ. ബസ് പിന്നിലോട്ടെടുക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന ആളോട് ദിവാകരന് മാറാന്‍ പറഞ്ഞിരുന്നു.
ഇതില്‍ ക്ഷുഭിതനായ ഇയാള്‍ ദിവാകരനെ മർദിക്കുകയായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പരിക്കേറ്റ ദിവാകരനെ വടകര സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.