ഗുണ്ടാആക്രമണം: ഓപ്പറേഷൻ ആഗിന് തുടക്കം
1422892
Thursday, May 16, 2024 6:47 AM IST
തിരുവനന്തപുരം: ജില്ലയിൽ ഗുണ്ടകളുടെ അക്രമവും കൊലപാതകവും നിരന്തരം വർധിച്ചതിന്റെ അടിസ്ഥാനത്തിൽ ഗുണ്ടകളെ പിടികൂടാനായി ഓപ്പറേഷൻ ആഗ് എന്ന പേരിലുള്ള പരിശോധന ആരംഭിച്ചു.
തിരുവനന്തപുരം സിറ്റിയിലും റൂറലിലുമായി കഴിഞ്ഞ ദിവസം രാത്രി മുതൽ ഇന്നലെ രാത്രി വരെ നടത്തിയ പരിശോധനയിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 75ൽപരം സ്ഥലങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു.
നേമത്ത് കാപ്പ ചുമത്തി നാടു കടത്തിയ പ്രതി കല്ലിയൂര്‍ കാക്കമൂല ഇലവിന്വിള വീട്ടില്‍ അഖിൽദേവിനെ നിയമം ലംഘിച്ചതിനു നേമം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ അഞ്ചു മണിമുതല്‍ നേമം പോലീസ് സ്റ്റേഷന് പരിധിയിൽ നടത്തിയ പരിശോധന പതിനൊന്നുമണി വരെ നീണ്ടു. കാട്ടാക്കടയിൽനിന്നും രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടകളുടെ വീടുകളിൽ ഉൾപ്പെടെ ജില്ലയിലെ എഴുപത്തിയഞ്ചിൽപരം സ്ഥലങ്ങളിലാണ് പോലീന്റെ യ്ഡ് നടന്നത്.
വീടുകളിൽ ആയുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടോയെന്നും സ് ഫോടകവസ്തുക്കളും മയക്കുമരുന്നുകളും സൂക്ഷിച്ചിട്ടുണ്ടൊയെന്നുമാണ് പ്രധാനമായും പരിശോധിച്ചത്. ഗുണ്ടകളുമായി ബന്ധമുള്ളവരെയും സഹായികളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ് തു വിട്ടയച്ചു.
കരമന അഖിലിന്റെ കൊലപാതകവും ജില്ലയിൽ പല സ്ഥലങ്ങളിലും ഗുണ്ടാ സംഘങ്ങൾ നിരവധി പേരെ ആക്രമിക്കുകയും ചെയ്ത സംഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ഉണർന്നത്.
സംസ്ഥാനത്ത് 1700ൽപരം ഗുണ്ടകൾ പുറത്തു വിലസുന്നുവെന്ന കണക്കുകൾ പുറത്തുവരികയും ആഭ്യ ന്തര വകുപ്പ് നാഥനില്ലാക്കളരിയായി മാറിയെന്ന പ്രതിപക്ഷം വിമർശിക്കുകയും ചെയ്തതോടെയാണു ഓപ്പറേഷൻ ആഗിന് വീണ്ടും തുടക്കമിട്ടത്.
സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ നിർദേശാനുസരണം ക്രമസമാധാനചുമതലയുള്ള എഡിജിപി എം.ആർ. അജിത്ത് കുമാറാണ് പരിശോധനകൾ ഏകോപിപ്പിച്ചത്. സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജുവും റൂറലിൽ എസ് പി. കിരണ്‍ നാരായണനുമാണു പരിശോധനകൾക്കു നേതൃത്വം നൽകിയത്.
ഫോർട്ട് സബ് ഡിവിഷൻ, കാട്ടാക്കട, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല എന്നീ സബ് ഡിവിഷനുകളിലെ വിവിധ കേന്ദ്രങ്ങളിലാണ് പോലീസ് സംഘം പരിശോധനകൾ നടത്തിയത്.
ഗുണ്ടകളെ അമർച്ച ചെയ്യും: സിറ്റി പോലീസ് കമ്മീഷണർ
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ അക്രമങ്ങളും ഗുണ്ടായിസവും കാട്ടുന്ന ഗുണ്ടകളെ നേരിടുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജു ദീപികയോട് വ്യക്തമാക്കി. നിരന്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവരുടെ ചരിത്രം മനസിലാക്കി കാപ്പ പ്രകാരം നാടുകടത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുണ്ടകളെ നിരീക്ഷിച്ച് വരികയാണെന്നും പോലീസിന്റെ പക്കലുള്ള ലിസ്റ്റിലുള്ള ഭൂരിഭാഗം ഗുണ്ടകളെയും പിടികൂടി ജയിലിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുണ്ടകൾക്ക് സഹായം ചെയ്യുന്നവരെ ഉൾപ്പെടെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഗുണ്ടകളെ അമർച്ച ചെയ്യാൻ കടുത്ത നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കരമനയിലെ കൊലപാതകത്തിലേക്കു വഴിവച്ചത് ബാറിൽ വച്ചുണ്ടായ വാക്കേറ്റമാണ്. ബാർ അധികൃതർ അടിപിടിയുണ്ടായ വിവരം പോലീസിൽ അറിയിക്കാത്തതാണ് ക്രിമിനൽ കേസിലെ പ്രതികളെ നിരീക്ഷിക്കാൻ കഴിയാതെ പോയതിനു പിന്നിലെന്നും കമ്മീഷണർ അറിയിച്ചു.