ചൈനയിൽ നിന്നുള്ള ഏഴാമനായി ഷെൻഹുവ - 34 ഇന്ന് വിഴിഞ്ഞത്ത്
1422895
Thursday, May 16, 2024 6:47 AM IST
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിനാവശ്യമായ 32 ക്രെയിനുകളിൽ അവസാന അഞ്ചെണ്ണത്തിൽ ഒന്നൊഴികെ എല്ലാം ഇന്നത്തോടെ വിഴിഞ്ഞത്തെത്തും. നാലു ക്രെയിനുകളുമായി ചൈനയിൽ നിന്നുള്ളഷെൻഹുവ-34 എന്ന ചരക്കുകപ്പൽ ഇന്നു രാവിലെ പതിനൊന്നോടെ തുറമുഖത്ത് അടുക്കും.
ഇന്നലെ രാത്രി പുറം കടലിൽ നങ്കൂരമിട്ട കപ്പൽ കസ്റ്റംസ് പരിശോധനയ്ക്കുശേഷം തീരദേശ പോലീസിന്റെ സുരക്ഷയിൽ ടഗ്ഗുകളുടെ സഹായത്തോടെയാണ് തീരത്തെത്തുക. മൂന്ന് യാർഡ് ക്രെയിനുകളും രണ്ട്ഷിപ്പ് ഷോർ ക്രെയിനുകളുമായി അവസാന മെത്തുന്ന കപ്പലായിരിക്കും ഷെൻഹുവ - 34 എന്ന് നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ അവസാനവട്ടം ഒരുക്രെയിനിന്റെ കാര്യത്തിൽ അധികൃതർ തീരുമാനം മാറ്റുകയായിരുന്നു. ഇനി ഉൾക്കടലിൽക്കൂടി മറ്റെന്തെങ്കിലും തുറമുഖത്തേക്ക് പോകുന്ന കപ്പലിൽ ആയിരിക്കും അവസാനക്രെയിനിന്റെ വരവ്.
അതിനുള്ള ദിവസം നിശ്ചയിച്ചിട്ടില്ലെന്നും അധികൃതർ പറയുന്നു. ചൈനയിലെ ഷാംങ്ഹായിൽനിന്നു നേരിട്ട് വിഴിഞ്ഞത്തടുക്കുന്ന ഏഴാമത്തെ കപ്പലാണ് ഷെൻഹുവ - 34. അടുത്ത മാസം അവസാനത്തോടെ ആദ്യചരക്ക് കപ്പൽ അടുപ്പിച്ച് ട്രയൽ റണ്ണിന് തുടക്കം കുറിക്കും.