നന്തനാര്‍ പുരസ്കാരം സുഭാഷ് ഒട്ടുംപുറത്തിനു സമ്മാനിച്ചു
1422666
Wednesday, May 15, 2024 4:52 AM IST
അങ്ങാടിപ്പുറം : തനിക്ക് ചുറ്റുമുള്ള സാധാരണക്കാരുടെ ജീവിതത്തില്‍ നിന്നു അസാധാരണമായ പ്രമേയ തന്തുക്കള്‍ കണ്ടെത്തിയ എഴുത്തുകാരനാണ് നന്തനാര്‍ എന്ന് കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദന് അഭിപ്രായപ്പെട്ടു.
വള്ളുവനാടന്‍ സാംസ്കാരിക വേദിയുടെ നന്തനാര്‍ പുരസ്കാരദാന ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്തനാര്‍ സാഹിത്യ പുരസ്കാരം സച്ചിദാനന്ദനില്‍ നിന്ന് സുഭാഷ് ഒട്ടുംപുറം ഏറ്റുവാങ്ങി. ’കടപ്പുറത്തെ കാവോതി’ എന്ന ബാലസാഹിത്യ നോവലിനാണ് ഇത്തവണ പുരസ്കാരം നല്‍കിയത്.
അങ്ങാടിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി. സുനില്‍ബാബു പുരസ്കാര തുക കൈമാറി. അങ്ങാടിപ്പുറം തരകന് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ എം. മുഹമ്മദ് ബഷീര്‍ പുരസ്കാര പ്രഖ്യാപനം നടത്തി. കീഴാറ്റൂര്‍ അനിയന് നന്തനാര്‍ അനുസ്മരണ പ്രഭാഷണവും പി.എസ്. വിജയകുമാര്‍ പുസ്തക പരിചയവും നിര്‍വഹിച്ചു.
വേദിയുടെ ചെയര്മാന് സതീശന് ആവള അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസം ചെയ്ത തരകന് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി നന്തനാരുടെ കുടുംബം ഏര്‍പ്പെടുത്തിയ നന്തനാര്‍ സ്കോളര്‍ഷിപ്പ് കെ. അനഘ, ബാലചന്ദ്രന് മാസ്റ്ററുടെ (അനന്തു) ഓര്‍മക്കായി കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം അശ്വിന് എന്നിവര്‍ക്ക് വിതരണം ചെയ്തു.
പഞ്ചായത്തംഗങ്ങളായ രത്നകുമാരി, കെ.ടി. നാരായണന്, ബി. രതീഷ്, പി. പത്മനാഭന്, ഷംസുദ്ദീന് തിരൂര്‍ക്കാട്, വി കെ. വേണുഗോപാല്‍, പി. സുധാകരന്, പുരസ്കാര ശില്പം ഒരുക്കിയ ഷിബു സിഗ്നേച്ചര്‍ എന്നിവരും പങ്കെടുത്തു.