മഴക്കാലപൂര്‍വ ശുചീകരണം: ചുങ്കത്തറയില്‍ കര്‍മ പദ്ധതിയായി
1422670
Wednesday, May 15, 2024 4:52 AM IST
എടക്കര: ചുങ്കത്തറ ഗ്രാമപഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ കര്‍മ പദ്ധതി തയാറാക്കാന്‍ യോഗം ചേര്‍ന്നു. പ്രസിഡന്റ് ടി.പി. റീന ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹാന്‍സി അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ബിന്ദുസത്യന്‍, എം.ആര്. ജയചന്ദ്രന്, മറ്റു പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി ഷീനമോള്‍, ജൂണിയര്‍ സുപ്രണ്ട് ബി. ശിവദാസന്‍, കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യവകുപ്പ് അധികൃതര്‍, ആശാവര്‍ക്കര്‍മാര്‍, ആയുര്‍വേദ ഡോക്ടര്‍, സ്കൂള്‍ അധ്യാപകര്‍,
തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, കുടുംബശ്രീ സിഡിഎസ് പ്രവര്‍ത്തകര്‍, ഹരിത കര്‍മ സേനാ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവസായി, വിവിധ സംഘടന, പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.മഴക്കാല പൂര്‍വശുചീകരണത്തിന് 30 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ ആക്ഷന്‍ പ്ലാന്‍ തയാറാക്കി. ഇന്നു മുതല്‍ 17 വരെ വാര്‍ഡ്തല യോഗങ്ങള്‍ ചേരും.
18ന് ചുങ്കത്തറ ടൗണ്‍ ശുചീകരണം, 20ന് അങ്കണവാടികളും പരിസരവും ശുചീകരിക്കും. 20നുള്ളില്‍ സ്കൂളുകളും പരിസരവും പിടിഎയുടെ സഹായത്തോടെ ശുചീകരിക്കാനും കിണറുകളും ടാങ്കുകളും വൃത്തിയാക്കാനും തീരുമാനിച്ചു.
30 നുള്ളില്‍ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ഗൃഹസന്ദര്‍ശനം നടത്തും. 25 നുള്ളില്‍ വ്യാപാര സ്ഥാപനങ്ങളും പരിസരവും ശുചീകരിക്കും. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസാരിക്കാനും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ സേനക്ക് കൈമാറാനും തീരുമാനിച്ചു.
അയല്‍ക്കൂട്ട യോഗം ചേരുമ്പോള്‍ വീടുകളും പരിസരവും ശുചീകരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മസേനക്ക് നല്‍കും. 18,19 തിയതികളില്‍ ജന പങ്കാളിത്തത്തോടെ വാര്‍ഡുകളിലും ശുചീകരണം നടത്തും.