മഞ്ചേരിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരും പോലീസും തമ്മില്‍ തര്‍ക്കം
1422872
Thursday, May 16, 2024 5:12 AM IST
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് ആംബുലന്‍സ് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവര്‍മാരും പോലീസും തമ്മില്‍ തര്‍ക്കം.
ആശുപത്രി വളപ്പില്‍ സ്വകാര്യ ആംബുലന്‍സ് പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് അംഗീകരിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തയാറായില്ല. ഒടുവില്‍ പോലീസെത്തി ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ആംബുലന്‍സ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഇന്നലെ രാവിലെ പത്തിനാണ് മഞ്ചേരി സിഐ കെ.എം. ബിനീഷിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം ആശുപത്രി പരിസരത്തെ ആംബുലന്‍സ് പാര്‍ക്കിംഗ് ഏരിയയില്‍ എത്തിയത്. ആംബുലന്‍സുകള്‍ മാറ്റാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ് ഉണ്ടെന്ന് പോലീസ്, ഡ്രൈവര്‍മാരെ അറിയിച്ചു.
സ്വമേധയാ ആംബുലന്‍സുമായി ഒഴിഞ്ഞുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഇതിനു ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വഴങ്ങിയില്ല. ആശുപത്രി പരിസരത്ത് മറ്റൊരു സ്ഥലം ഒരുക്കിത്തരാതെ ഒഴിയില്ലെന്ന നിലപാടിലായിരുന്നു ഡ്രൈവര്‍മാര്‍. ഇതോടെ ഡ്രൈവര്‍മാരെ പോലീസ് ബലം പ്രയാഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.
കളക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ സഹകരിക്കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചതോടെ ചില ഡ്രൈവര്‍മാര്‍ ആംബുലന്‍സ് കച്ചേരിപ്പടി ഐജിബിടിയിലേക്ക് മാറ്റി.
ഇത് ഉള്‍പ്പെടെ 15 ആംബുലന്‍സുകളാണ് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 23നു കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതിയില്‍ സ്വകാര്യ ആംബുലന്‍സുകള്‍ മാറ്റുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നു.
ഡ്രൈവര്‍മാരുടെയും യൂണിയന്റെയും എതിര്‍പ്പ് നേരിട്ടതോടെ ഇതു നടപ്പായില്ല. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും ആശുപത്രി അധികൃതരും നിരന്തരം ഇടപെടല്‍ നടത്തിയതോടെ രണ്ടു ദിവസം മുമ്പാണ് കളക്ടര്‍ ആംബുലന്‍സുകള്‍ മാറ്റാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്.
സ്വകാര്യ ആംബുലന്‍സുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍, പോലീസിലും പരാതി നല്‍കിയിരുന്നു. കസ്റ്റഡിയിലെടുത്ത ആംബുലന്‍സുകള്‍ പോലീസ് പിന്നീട് വിട്ടുനല്‍കി.