നാദാപുരം കൺട്രോൾ റൂം ഓഫീസ് രാത്രിയിൽ പൂട്ടിയിട്ട നിലയിൽ
1422656
Wednesday, May 15, 2024 4:37 AM IST
നാദാപുരം: മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രവർത്തനം ആരംഭിച്ച കൺട്രോൾ റൂമിന്റെ ഓഫീസ് രാത്രിയിൽ അടച്ചിട്ട നിലയിൽ. പൂട്ടിയിടാനുള്ള നിർദേശം വിവാദമായതോടെ തീരുമാനം പിൻവലിച്ചു. 2012 ൽ പ്രവർത്തനം തുടങ്ങിയ നാദാപുരം കൺട്രോൾ റൂം ഓഫീസിന്റെ പ്രവർത്തനമാണ് തിങ്കളാഴ്ച്ച രാത്രിയിൽ മുന്നറിയിപ്പില്ലാതെ പൂട്ടിയ നിലയിൽ കണ്ടത്.
തിങ്കളാഴ്ച മുതൽ രാത്രികാലങ്ങളിൽ ഓഫീസ് തുറന്ന് പ്രവർത്തിക്കേണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ കീഴുദ്യോഗസ്ഥർക്ക് വാക്കാൽ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച്ച രാത്രിയിൽ ഓഫീസ് താഴിട്ട് പൂട്ടി രാത്രി ചുമതല ഉണ്ടായിരുന്ന പോലീസുകാർ കെട്ടിടത്തിന്റെ താക്കോൽ സ്റ്റേഷനിൽ ഏൽപ്പിച്ചു. ഒരു ഡ്യൂട്ടി ഓഫീസറും, വിഎച്ച്എഫിൽ ജോലി ചെയ്യുന്ന ഒരാളുമായിരുന്നു രാത്രികാലങ്ങളിൽ ഓഫീസിൽ ചുമതല ഉണ്ടായിരുന്നത്.
2012 ൽ ഗവൺമെന്റ് ഉത്തരവ് പ്രകാരമാണ് നാദാപുരത്ത് കൺട്രോൾ റൂം സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. സർക്കാർ ഉത്തരവിൽ പ്രവർത്തനം തുടങ്ങിയ ഓഫീസ് പോലീസ് ഉദ്യോഗസ്ഥന്റെ താൽപര്യാർഥം പൂട്ടിയ സംഭവം സേനയിൽ വൻ ചർച്ചകൾക്കിടയാക്കി. സംഭവം വിവാദമാകുമെന്ന് വന്നതോടെ ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ ഓഫീസ് പ്രവർത്തനം പൂർവ സ്ഥിതിയിൽ തുടരാൻ വീണ്ടും നിർദേശം നൽകി ഉന്നതൻ തടിയൂരി.