സ്വാഭിമാൻ : തൊഴിലില്ലായ്മയും തൊഴിലാളികളെ കിട്ടാത്ത അവസ്ഥയും പരിഹരിക്കാനൊരിടം
1422863
Thursday, May 16, 2024 4:59 AM IST
കോഴിക്കോട്: ഒരു വശത്ത് സാധാരണ തൊഴിൽ ചെയ്യാൻ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയെങ്കിൽ മറുവശത്ത് തൊഴിൽ ഇല്ലാത്ത അവസ്ഥ. ഇത് രണ്ടിനുമിടയിൽ പാലം പണിത് പ്രശ്നപരിഹാരം കാണുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വാഭിമാൻ സൊസൈറ്റി.
തൊഴിൽ ബാങ്ക് പോലെ പ്രവർത്തിച്ച് തൊഴിലാളികളെ സപ്ലൈ ചെയ്യുക മാത്രമല്ല അവർക്കും കുടുംബത്തിനും ഇൻഷ്വറൻസ് പരിരക്ഷ കൂടി ഉറപ്പാക്കുന്നു ഈ പദ്ധതി. 2010 ൽ ജില്ലയിൽ തുടങ്ങിയ പദ്ധതിയിലെ തൊഴിലാളികളുടെ പ്രായപരിധി 18 മുതൽ 65 വരെയാണ്. നിലവിൽ 150 ഓളം തൊഴിലാളികളുണ്ട് സ്വാഭിമാനിൽ.
ഇതിൽ അഞ്ച് പേർ സ്ത്രീകളാണ്. പ്ലംബിംഗ്, ഇലക്ട്രീഷ്യൻ, എസി മെക്കാനിക്, പറമ്പ് കിളക്കൽ, ഹൗസ് കീപ്പിംഗ്, തെങ്ങ് കയറ്റം, പ്രസവശുശ്രൂഷ തുടങ്ങി 26ൽ പരം ജോലികൾക്കാണ് തൊഴിലാളികളെ ലഭ്യമാക്കുന്നത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയിൽ എല്ലായിടത്തും ഇവരെ ലഭിക്കും.
വീട്ടുജോലി ചെയ്യുന്നൊരാൾക്ക് മണിക്കൂറിൽ 125 മുതൽ 150 വരെയാണ് വേതനം. തെങ്ങുകയറ്റ തൊഴിലാളിക്ക് ഒരു തെങ്ങിന് 60 മുതൽ 70 രൂപ വരെ. പറമ്പിലെ പണിയ്ക്ക് ഒരു ദിവസം പരമാവധി 1000 രൂപ വരെ.
തൊഴിലാളിക്ക് അപകട ഇൻഷ്വറൻസ് കൂടി ഉറപ്പുവരുത്തുന്നു സ്വാഭിമാൻ. തൊഴിൽ ചെയ്യുന്നതിനിടെയുണ്ടാവുന്ന അപകടങ്ങൾക്ക് 1923 ലെ വർക്ക് മെൻസ് കോംപൻസേഷൻ നിയമപ്രകാരമുള്ള 11 ലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭ്യമാക്കുന്നുണ്ട്.
ഇതിന് പുറമെ, അപകടകരമായ തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു ദിവസത്തെ തൊഴിലിന് 25 രൂപ നിരക്കിൽ പണി എടുപ്പിക്കുന്ന ആൾ നൽകണം. ഇത്തരത്തിൽ തൊഴിലാളി കുടുംബങ്ങളുടെ സാമ്പത്തിക, സാമൂഹ്യ ശാക്തീകരണത്തിനും സ്വാഭിമാൻ പദ്ധതി വഴിവയ്ക്കുന്നു.