വയനാടിനെ വരൾച്ചബാധിതമായി പ്രഖ്യാപിക്കുന്നതിന് എൽഡിഎഫ് നിവേദനം
1422679
Wednesday, May 15, 2024 5:07 AM IST
കൽപ്പറ്റ: വയനാടിനെ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചക്കുന്നതിന് എൽഡിഎഫ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും നിവേദനം നൽകി. വരൾച്ചയിൽ 463.53 ഹെക്ടർ കൃഷി നശിച്ചതായാണ് കൃഷി വകുപ്പിന്റെ കണക്ക്. 8.15 കോടി രൂപയുടെ നഷ്ടം ഉണ്ടായി.
വാഴ, നെല്ല്, കുരുമുളക്, കാപ്പി, കമുക്, ഏലം, ജാതി, റബർ, പച്ചക്കറി കൃഷികളാണ് കൂടുതൽ നശിച്ചത്. രൂക്ഷമായ വരൾച്ചയാണ് ജില്ലയെ ബാധിച്ചത്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം ജില്ലയിൽ വേനൽ മഴയിൽ 65 ശതമാനം കുറവാണുണ്ടായത്.
കൃഷിനാശത്തിലും യഥാസമയം വേനൽമഴ ലഭിക്കാത്തതിനാൽ കൃഷിചെയ്യാൻ കഴിയാതെയും കർഷകർ പ്രതിസന്ധിയിലാണ്. കാലവർഷക്കെടുതിപോലെ വരൾച്ചാദുരിതവും കണക്കാക്കി കർഷകർക്ക് നഷ്ടപരിഹാരം നൽകണം.
നിലവിലുള്ള വ്യവസ്ഥ പ്രകാരം വരൾച്ചയിൽ കൃഷിനശിച്ചവർക്ക് ഇൻഷ്വറൻസ് ആനുകൂല്യം മാത്രമേ ലഭിക്കൂ. ചെറുകിട, പരിമിത കർഷകരിൽ പലർക്കും ഇൻഷ്വറൻസ് പരിരക്ഷയില്ല. സഹായം ലഭിക്കാതെ ഇവർക്ക് കൃഷിയിൽ തുടരാനാകില്ലെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി.