തരിയോട് പഞ്ചായത്തിനെതിരായ ആരോപണം അടിസ്ഥാനരഹിതം: പ്രസിഡന്റ്
1422680
Wednesday, May 15, 2024 5:07 AM IST
കൽപ്പറ്റ: തരിയോട് പഞ്ചായത്തിനെതിരേ ഒൻപതാം വാർഡിൽ താമസിക്കുന്ന മൂത്തേടത്ത് ബേബി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് വി.ജി. ഷിബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാവുമന്ദം കോണ്വന്റ്-ഐക്കരപ്പടി റോഡരികിലെ മണ് ഡ്രൈനേജ് സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയെന്നും ഇവിടെ മാനദണ്ഡങ്ങൾ ലംഘിച്ച് തൊഴിലുറപ്പ് പദ്ധതിയിൽ ഡ്രൈനേജ് നിർമാണത്തിനു തുക വകയിരുത്തിയെന്നുമാണ് ബേബി ആരോപിച്ചത്.
പ്രദേശത്ത് പ്രവാസിയായ ലുഖ്മാന് ഭവന നിർമാണത്തിനും ഭൂ വികസനത്തിനും 2022ൽ പഞ്ചായത്ത് അനുമതി നൽകിയിരുന്നു. ലുഖ്മാന്റെ സ്ഥലത്തിനു താഴെയുള്ള പഞ്ചായത്ത് റോഡ് കോണ്ക്രീറ്റ് ചെയ്തതാണ്.
ആസ്തി രജിസ്റ്റർ പ്രകാരം നാല് മീറ്റർ വീതിയുള്ള ഈ റോഡ് ഡ്രൈനേജ് ഇല്ലാത്തതാണ്. എന്നിരിക്കെയാണ് ഡ്രൈനേജ് മണ്ണിട്ട് മൂടിയെന്ന ആരോപണം. ബേബി ഉൾപ്പെടെ 20 പേർ ഒപ്പിട്ടു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ ഡ്രൈനേജ് നിർമിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചു.
പ്രവൃത്തിക്ക് തൊഴിലുറപ്പ് പദ്ധതിയിൽ തുക വകയിരുത്തി. ഈ ഘട്ടത്തിലും ബേബി പഞ്ചായത്തിനെതിരേ കുപ്രചാരണം നടത്തി. റോഡ് നിർമാണത്തിനു ഉപയോഗപ്പെടുത്തേണ്ട തുകയാണ് ഡ്രൈനേജ് നിർമാണത്തിനു വകയിരുത്തിയതെന്നാണ് ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചത്.
തൊഴിലുറപ്പ് ഫണ്ട് 10 ശതമാനം റോഡ് നിർമാണത്തിനും 30 ശതമാനം ഇതര പ്രവൃത്തികൾക്കും വിനിയോഗിക്കാൻ തടസമില്ല. എന്നിരിക്കേ ഡ്രൈനേജ് നിർമാണത്തിനു തുക വകയിരുത്തിയതിൽ ക്രമക്കേടില്ല. തൊഴിലുറപ്പ് പദ്ധതി നടപടിക്രമങ്ങൾ പാലിക്കാതെയാണ് തുക വകയിരുത്തിയതെന്ന പരാതിയിൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ അന്വേഷണം നടത്തുന്ന വേളയിൽ പഞ്ചായത്ത് പ്രസിഡന്റ് പുലഭ്യം വിളിച്ചതെന്ന ബേബിയുടെ ആരോപണത്തിൽ കാന്പില്ല.
സ്വകാര്യ ഭൂമിയിൽ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുവാദമില്ലാതെ മണ്ണെടുപ്പ് നടന്നുവെന്ന ആരോപണവും ബേബി ഉന്നയിക്കുന്നുണ്ട്. മതിയായ അനുമതിയില്ലാതെ സ്വകാര്യ വ്യക്തി മണ്ണെടുപ്പ് നടത്തിയെങ്കിൽ അയാൾക്കെതിരേ നടപടി ഉണ്ടാകണമെന്നാണ് പഞ്ചായത്തിന്റെ അഭിപ്രായം. പഞ്ചായത്തിനെതിരേ നിരന്തരം കുപ്രചാരണം നടത്തുന്ന ബേബിക്കെതിരേ പ്രസിഡന്റ് എന്ന നിലയിൽ പോലീസിൽ പരാതി നൽകിയതായും ഷിബു പറഞ്ഞു.