കൊളവള്ളി-മരക്കടവ് പ്രദേശത്തെ കാട്ടാന ശല്യത്തിന് പരിഹാരം കാണണം
1422886
Thursday, May 16, 2024 5:26 AM IST
പുൽപ്പള്ളി: കർണാടക വനത്തിൽ നിന്നിറങ്ങുന്ന കാട്ടാനകളെ തടയാൻ വനാതിർത്തിയിൽ നിർമിച്ച തൂക്കുവേലി തകർത്ത് കാട്ടാനകൾ കൃഷിയിടത്തിലിറങ്ങുന്നത് പതിവായതോടെ വനാതിർത്തി മേഖലയിലെ കർഷകർ പ്രതിസന്ധിയിൽ.
നാഗർഹോള, ബന്ദിപ്പൂർ വനമേഖലയിൽ നിന്നിറങ്ങുന്ന ആനകളാണ് കബനി നീന്തിക്കടന്ന് വേലിയും തകർത്ത് കൃഷി നശിപ്പിക്കുന്നത്. എംഎൽഎ ഫണ്ട് ഉപയോഗിച്ച് ഒരു വർഷം മുന്പാണ് കൊളവള്ളി മുതൽ പെരിക്കല്ലൂർ കടവ് വരെയുള്ള ഭാഗത്ത് കർണാടക മാതൃകയിൽ തുക്കുവേലി നിർമിച്ചത്.
പുഴയോരത്തു കൂടിയുള്ള വേലിയിൽ കാര്യമായ വൈദ്യുതി പ്രവാഹമില്ലെന്നു നാട്ടുകാർ പറയുന്നു. മീൻ പിടിക്കാനും തോട്ടയിടാനും പുഴയിലിറങ്ങുന്നവർ വേലി കന്പികൾ കൂട്ടി കെട്ടിയിടുന്നതും വൈദ്യുതി പ്രവാഹം തടസപ്പെടാനിടയാക്കുന്നുണ്ട്. മരക്കടവ് പാടത്ത് ഇക്കൊല്ലം പരമാവധി കർഷകർ പുഞ്ചകൃഷിയിറക്കിയിരുന്നു.
ചക്ക സീസൺ ആയതോടെ ആനയുടെ വരവും തുടങ്ങി. എല്ലാവർഷവും ആന വരുന്ന വഴിയാണിത്. പാടത്തെ കൃഷിക്കു പുറമേ തോട്ടങ്ങളിലെ വാഴ, തെങ്ങ്, കമുക് കൃഷികളും നശിപ്പിച്ചു. പുഴയോരത്തെ താമസക്കാരും കാട്ടാന ഭീതിയിലാണ്. തൂക്കുവേലിയുടെ തകരാർ പരിഹരിക്കണമെന്നും സംരക്ഷണം ഉറപ്പാക്കാൻ വാച്ചർമാരെ നിയമിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.