ശാസ്താംകോ ട്ട റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വർധിപ്പിക്കാനുള്ള നടപടി എങ്ങുമെത്തിയില്ല
1422742
Wednesday, May 15, 2024 11:14 PM IST
ശാസ്താംകോട്ട: നൂറ് കണക്കിന് യാത്രക്കാർ ദിനംപ്രതി വന്ന് പോകുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് വിതരണത്തിന് ആകെ ഒറ്റ കൗണ്ടർ മാത്രം. ഇത് മൂലം യാത്രക്കാർ വലയുന്നു. നിലവിലുള്ള ഒറ്റ കൗണ്ടറിലൂടെയാണ് സാധാരണ ടിക്കറ്റ്, റിസർവേഷൻ, തത്ക്കാൽ ,സീസൺ തുടങ്ങിയ എല്ലാം വിതരണം ചെയ്യുന്നത്. ഇത് മൂലം കൗണ്ടറിന് മുന്നിൽ എപ്പോഴും തിക്കുംതിരക്കും ആയിരിക്കും. ഇത് കൂടാതെ യാത്രക്കാർക്ക് ഉദ്ദേശിച്ച സമയത്ത് ടിക്കറ്റ് കിട്ടാതെയും പോകുന്നു.
കൗണ്ടറിൽ ഒരു സമയം ഒരു ജീവനക്കാർ മാത്രമേ ഉണ്ടാകുകയും ഉള്ളു . നിലവിലെകൗണ്ടറിലൂടെ സാധാരണ ടിക്കറ്റ് വിതരണത്തിനാണ് പ്രഥമ പരിഗണന എന്നതിനാൽ മിക്കപ്പോഴും തത്ക്കാൽ റിസർവേഷന് എത്തുന്നവർക്ക് കിട്ടാതെ നിരാശപ്പെട്ട് പോകേണ്ടതായി വരുന്നു. തത്ക്കാൽ റിസർവേഷൻ രാവിലെ 10 നും 11 നും ആണ്.
ഈ സമയം സ്റ്റേഷനിൽ ട്രെയിനുകൾ വരുന്ന സമയവുമാണ്. ഈ അവസരത്തിൽ തത്ക്കാൽ റിസർവേഷന് നിൽക്കുന്നവരെ ഒഴിവാക്കി പുറപ്പെടാൻ നിൽക്കുന്ന ട്രെയിൻ യാത്രക്കാർക്കുള്ള ടിക്കറ്റ് കൊടുക്കാൻ ജീവനക്കാർ ശ്രമിക്കുന്നതോടെ കൗണ്ടറിന് മുന്നിൽ തിരക്കേറുന്നു. പുലർച്ചെ മുതൽ മണിക്കൂറുകളോളം ക്യൂ നിന്ന ശേഷം ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടിവരുന്നത് പ്രതിഷേധങ്ങൾക്ക് കൂടി ഇടവരുത്താറുണ്ട്. ഇവിടെ നിന്നും തത്ക്കാൽ റിസർവേഷൻ ലഭിക്കില്ല എന്ന ധാരണ പൊതുവിൽ പരന്നിട്ടുള്ളതിനാൽ യാത്രക്കാർ ഇപ്പോൾ മറ്റ് സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്. ഇത് റെയിൽവേ സ്റ്റേഷന്റെ വരുമാനത്തെയും സാരമായി ബാധിക്കുന്നുണ്ട്.
റെയിൽവേ സ്റ്റേഷനിൽ കൂടുതൽ കൗണ്ടറുകൾ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ നടപടി മാത്രം ഉണ്ടായിട്ടില്ല. സ്റ്റേഷന് പുതിയ കെട്ടിടം പണിത് പ്രവർത്തനം ആങ്ങോട്ട് മാറിയിട്ടുണ്ട് .ഇതോടെ പഴയ സ്റ്റേഷന് കെട്ടിടം ഏറെ കുറെ ഒഴിഞ്ഞ് കിടക്കുകയാണ്. നിലവിലെ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നത് ഇവിടെയാണ്. ഇവിടെ തന്നെ ഒന്നോ രണ്ടോ കൗണ്ടറുകൾ കൂടി നിസാരമായി പ്രവർത്തിപ്പിക്കാൻ സാധിക്കും.