മഴയ്ക്കു പിന്നാലെ പ്രധാന നിരത്തുകളിലടക്കം വെള്ളക്കെട്ട്
1422630
Wednesday, May 15, 2024 3:42 AM IST
പത്തനംതിട്ട: മഴ എത്തിയതോടെ പ്രധാന റോഡുകളിലടക്കം കാൽനടയാത്ര ബുദ്ധിമുട്ടിലായി. പൈപ്പ് ലൈനിനായി കുഴിയെടുത്ത റോഡുകൾ മഴപെയ്തതോടെ വെള്ളക്കെട്ടായി. പത്തനംതിട്ട നഗരത്തിൽ ജനറൽ ആശുപത്രിപ്പടിയിലെ റോഡിലൂടെ നടന്നു പോയാൽ കുഴിയിൽ വീഴുമെന്ന സ്ഥിതിയാണ്. സെന്റ് മേരീസ് സ്കൂളിലേക്കുള്ള റോഡിലെ ഓടയിൽനിന്നും വെള്ളവും ആശുപത്രി ജംഗ്ഷനിലൂടെ പുറത്തേക്കൊഴുകുകയാണ്.
ചെളിയും റോഡിലെ കുഴിയും കാരണം വാഹനങ്ങൾക്കും റോഡിൽകൂടി സുഗമമായി പോകാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. ജല അഥോറിറ്റിയുടെ പൈപ്പിടലിനെ തുടർന്ന് മണ്ണിട്ട് ഉറപ്പിച്ച റോഡാണ് ചെളിക്കുളമായി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയിലെത്തിയത്. മണ്ണ് റോഡിൽ നിരന്നു കിടക്കുകയാണ്. മഴ പെയ്തോടെ ഇത് ചെളിയായി മാറി. വാഹനങ്ങൾ കയറിയിറങ്ങി വലിയ കുഴികൾ റോഡിൽ രൂപപ്പെടുകയാണ്.
തുടർച്ചയായി മഴപെയ്യുന്നതോടെ മണ്ണുംചെളിയും നിരന്ന് റോഡിൽ കാൽനടയാത്രക്കാർക്ക് നടന്നുപോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്. റോഡരികിലെ സ്ഥാപനങ്ങളിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം വെള്ളക്കെട്ടും രൂപപ്പെട്ടു.
ജലജീവൻ പൈപ്പിടീൽ റോഡുകൾ കുളംതോണ്ടി
മാസങ്ങളായി നടന്നുവരുന്ന ജലജീവൻ മിഷൻ പദ്ധതിയിലെ പൈപ്പിടീൽ പ്രവർത്തനങ്ങൾ കാരണം പൊതുമരാമത്ത് റോഡുകൾ പലതും കുളം തോണ്ടിയിരിക്കുകയാണ്. പൈപ്പിന്റെ ജോലികൾ പൂർത്തിയാകാത്തതു കാരണം വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലേക്ക് എത്തിക്കാനും ആകുന്നില്ല.
മഴ പെയ്തതോടെ റോഡിലേക്ക് ചെളിനിറഞ്ഞ് തകർച്ചയ്ക്കു കാരണമായി. പലയിടങ്ങളിലും പൈപ്പ് കുഴികളിലൂടെ വെള്ളം ഒഴുകി അപകടാവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്.
ഗ്രാമീണറോഡുകളിലടക്കം പൈപ്പ് കുഴികളിലേക്ക് വാഹനങ്ങൾ താഴ്ന്നു തുടങ്ങി. കോൺക്രീറ്റ് ചെയ്തിരുന്ന റോഡുകളടക്കം വെട്ടിപ്പൊളിച്ച് പൈപ്പ് ഇട്ടുവരികയാണ്.
ചൈനാമുക്ക് റോഡിൽ വെള്ളക്കെട്ട്
കോന്നി: ചൈനാമുക്ക്-വിയറ്റ്നാം ജംഗ്ഷൻ റോഡിലെ വെള്ളക്കെട്ട് വാഹന, കാൽനടയാത്രക്കാർക്ക് ഒരേപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. റോഡിലെ രണ്ട് സ്ഥലങ്ങളിലാണ് മഴ പെയ്യുമ്പോൾ കൂടുതലായി വെള്ളക്കെട്ട് ഉണ്ടാകുന്നത്.
കുഴികളിൽ വെള്ളം കെട്ടി നിന്ന് ഓടകളിലൂടെ ഒഴുകിപ്പോകാനാകാത്ത സ്ഥിതിയാണ്. കോന്നി സെൻട്രൽ ജംഗ്ഷനിൽ ഗതാഗത തടസം ഉണ്ടാകുമ്പോൾ വാഹനങ്ങൾ ഇതുവഴിയാണ് തിരിച്ചുവിടുന്നത്.
റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നു പൊതുപ്രവർത്തകനായ എം.എ. ബഷീർ ആവശ്യപ്പെട്ടു.